സ്പാനിഷ് ട്രെയിൻ ദുരന്തം:2 ഓസ്‌ട്രേലിയക്കാരെ കാണാനില്ല; മരണസംഖ്യ 69 ,നിയന്ത്രണ പിഴവെന്ന് റിപ്പോർട്ട്

സ്പാനിഷ് ട്രെയിൻ ദുരന്തം:2 ഓസ്‌ട്രേലിയക്കാരെ കാണാനില്ല; മരണസംഖ്യ 69 ,നിയന്ത്രണ പിഴവെന്ന് റിപ്പോർട്ട്
AP: Manu Fernandez
Published on: 

മാഡ്രിഡ്: യൂറോപ്പിനെ നടുക്കിയ സ്പാനിഷ് അതിവേഗ ട്രെയിൻ ദുരന്തത്തിൽ രണ്ട് ഓസ്‌ട്രേലിയൻ പൗരന്മാരെ കാണാതായതായി ഓസ്‌ട്രേലിയൻ വിദേശകാര്യ-വ്യാപാര വകുപ്പ് (DFAT) സ്ഥിരീകരിച്ചു. അപകടത്തിൽപ്പെട്ട രണ്ട് ഓസ്‌ട്രേലിയക്കാരുടെ കുടുംബങ്ങൾക്ക് എംബസി വഴി എല്ലാവിധ കോൺസുലർ സഹായങ്ങളും നൽകിവരികയാണെന്ന് ഡിഎഫ്എടി വക്താവ് വ്യക്തമാക്കി. ബുധനാഴ്ച മധ്യ സ്പെയിനിലുണ്ടായ ദുരന്തത്തിൽ ഇതുവരെ 69 പേർ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. 64 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് സ്പാനിഷ് സിവിൽ ഗാർഡ് അറിയിച്ചു.

കമ്പ്യൂട്ടർ തകരാറിനെ തുടർന്ന് റെയിൽവേ ട്രാക്കിലെ സുരക്ഷാ സംവിധാനം തകരാറിലായതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് സ്പാനിഷ് ഗതാഗത മന്ത്രി ഓസ്കാർ പുവെന്റെ വെളിപ്പെടുത്തി. ട്രാക്കിലെ ട്രെയിനുകൾ നിർത്തിയിടാൻ നിർദ്ദേശം നൽകിയെങ്കിലും, മിനിറ്റുകൾക്കകം യാതൊരു വേഗനിയന്ത്രണവുമില്ലാതെ മുന്നോട്ട് പോകാൻ കൺട്രോൾ സെന്ററിൽ നിന്ന് സർക്കാർ ഉടമസ്ഥതയിലുള്ള 'റെൻഫെ' (Renfe) ട്രെയിനിന് തെറ്റായ സന്ദേശം നൽകുകയായിരുന്നു. ഇതേതുടർന്ന് സ്റ്റോപ്പ് സിഗ്നലിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ കമ്പനിയായ 'ഇറിയോ'യുടെ (Iryo) ട്രെയിനിലേക്ക് മണിക്കൂറിൽ 160 മുതൽ 200 കിലോമീറ്റർ വരെ വേഗതയിൽ റെൻഫെ ട്രെയിൻ ഇടിച്ചുകയറുകയായിരുന്നുവെന്ന് അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന സ്വതന്ത്ര അന്വേഷണ സമിതി (AITAT) വ്യക്തമാക്കി.

അപകടം നടന്ന രണ്ട് ട്രെയിനുകളിലുമായി അഞ്ഞൂറിലധികം യാത്രക്കാരുണ്ടായിരുന്നു. കണ്ടെടുത്ത മൃതദേഹങ്ങളിൽ ഭൂരിഭാഗവും തിരിച്ചറിയാനാവാത്ത വിധം തകർന്നതിനാൽ ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്. ദുരന്തത്തിൽ രാജ്യം മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. നവംബർ 29-ന് പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉണ്ടായ ഈ വൻ വീഴ്ചയിൽ സമഗ്രാന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പ്രഖ്യാപിച്ചു. ഈ വർഷം ജനുവരിയിൽ 46 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടത്തിന് തൊട്ടുപിന്നാലെയാണ് റെയിൽവേ സുരക്ഷയെ പൂർണ്ണമായും ചോദ്യം ചെയ്തുകൊണ്ട് വീണ്ടും സമാനമായ ദുരന്തം ആവർത്തിച്ചത്.