എഞ്ചിൻ തകരാർ മറികടന്നു; ചരിത്രത്തിലാദ്യമായി ഓർബിറ്റിലെത്തി ഇലോൺ മസ്കിന്റെ ഭീമൻ സ്റ്റാർഷിപ്പ്

"സ്റ്റാർഷിപ്പ് ഭ്രമണപഥത്തിലെത്തി" എന്ന് മിഷൻ കൺട്രോൾ പ്രഖ്യാപിച്ചതോടെ വൻ ഹർഷാരവത്തോടെയാണ് ശാസ്ത്രജ്ഞർ നേട്ടത്തെ വരവേറ്റത്.
എഞ്ചിൻ തകരാർ മറികടന്നു; ചരിത്രത്തിലാദ്യമായി ഓർബിറ്റിലെത്തി ഇലോൺ മസ്കിന്റെ ഭീമൻ സ്റ്റാർഷിപ്പ്
Published on: 

ബോക്ക ചിക്ക: എഞ്ചിൻ തകരാറിനെത്തുടർന്നുണ്ടായ നാടകീയ നിമിഷങ്ങൾക്കൊടുവിൽ ചരിത്രത്തിലാദ്യമായി ഭൂമിയുടെ ഭ്രമണപഥത്തിലെത്തിഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ ഭീമൻ റോക്കറ്റ് സ്റ്റാർഷിപ്പ് (Starship). നാസയുടെ ആർട്ടെമിസ് ചാന്ദ്ര ദൗത്യങ്ങൾക്ക് മുന്നോടിയായി ഭൂമിയെ ആറ് തവണ വലംവെക്കാനാണ് സ്റ്റാർഷിപ്പ് ലക്ഷ്യമിടുന്നത്. വിക്ഷേപണത്തിനിടെ ഒരു എഞ്ചിൻ അപ്രതീക്ഷിതമായി നിലച്ചതോടെ ദൗത്യം പ്രതിസന്ധിയിലായെങ്കിലും, മറ്റ് സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിച്ചതിനാൽ ഫ്ലൈറ്റ് കൺട്രോളർമാർ മുന്നോട്ടുപോകാൻ തീരുമാനിക്കുകയായിരുന്നു. "സ്റ്റാർഷിപ്പ് ഭ്രമണപഥത്തിലെത്തി" എന്ന് മിഷൻ കൺട്രോൾ പ്രഖ്യാപിച്ചതോടെ വൻ ഹർഷാരവത്തോടെയാണ് ശാസ്ത്രജ്ഞർ നേട്ടത്തെ വരവേറ്റത്.

ലോകത്ത് ഇതുവരെ നിർമ്മിക്കപ്പെട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലുതും കരുത്തുറ്റതുമായ ഈ 124 മീറ്റർ റോക്കറ്റ്, 26 അത്യാധുനിക സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെയും വഹിച്ചാണ് ടെക്സസിന്റെ തെക്കൻ മുനമ്പിൽ നിന്ന് പതിനാലാം പരീക്ഷണ വിക്ഷേപണം നടത്തിയത്. 275 കിലോമീറ്റർ ഉയരത്തിൽ ഏകദേശം 10 മണിക്കൂർ കൊണ്ട് ഭൂമിയെ ചുറ്റിയ ശേഷം ചിലിക്ക് സമീപം പസഫിക് സമുദ്രത്തിൽ സ്പ്ലാഷ്‌ഡൗൺ നടത്താനാണ് പദ്ധതി. ഭാവിയിൽ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യരെ എത്തിക്കാനും പുനരുപയോഗം സാധ്യമാക്കി വിക്ഷേപണച്ചെലവ് ഗണ്യമായി കുറയ്ക്കാനും ലക്ഷ്യമിട്ട് രൂപകൽപ്പന ചെയ്ത സ്റ്റാർഷിപ്പിന്റെ വിജയകരമായ ഓർബിറ്റൽ പ്രവേശം ബഹിരാകാശ ചരിത്രത്തിലെ നിർണ്ണായക നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്.

Metro Australia
maustralia.com.au