

ജക്കാർത്ത: ഇന്തോനേഷ്യയിലെ അനക് ക്രകറ്റോവ അഗ്നിപർവതം പൊട്ടിത്തെറിച്ചതിനെ തുടർന്ന് പതിനായിരക്കണക്കിന് യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങി. അഗ്നിപർവതത്തിൽനിന്നുള്ള ചാരം ആകാശത്തേക്ക് ഉയർന്നതോടെ ആറ് വിമാനത്താവളങ്ങളിലായി 209 വിമാന സർവീസുകൾ തടസ്സപ്പെട്ടു. സിഡ്‌നിയെയും മെൽബണിനെയും ജക്കാർത്തയുമായി ബന്ധിപ്പിക്കുന്ന ക്വാണ്ടാസ് സർവീസുകളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. ജാവയ്ക്കും സുമാത്രയ്ക്കും ഇടയിലുള്ള സുന്ദ കടലിടുക്കിലാണ് അനക് ക്രകറ്റോവ സ്ഥിതി ചെയ്യുന്നത്. ശനിയാഴ്ചയാണ് അഗ്നിപർവതം ആദ്യമായി പൊട്ടിത്തെറിച്ചത്. ലാവ പുറത്തേക്ക് ഒഴുകുന്നതിനൊപ്പം നൂറുകണക്കിന് കിലോമീറ്റർ അകലെ വരെ കേൾക്കാവുന്ന തരത്തിലുള്ള ശക്തമായ ശബ്ദങ്ങളും ഉണ്ടായി.
ഞായറാഴ്ച രണ്ട് തവണ കൂടി പൊട്ടിത്തെറിയുണ്ടായി. അഗ്നിപർവതത്തിന്റെ പ്രവർത്തനം ഇപ്പോഴും വളരെ പ്രവചനാതീതമാണെന്ന് ഇന്തോനേഷ്യൻ ജിയോളജി ഏജൻസി മുന്നറിയിപ്പ് നൽകി. “അഗ്നിപർവത സംവിധാനത്തിനുള്ളിൽ ദ്രവരൂപത്തിലുള്ള വസ്തുക്കളുടെ നീക്കമോ പുറത്തേക്കുള്ള ഒഴുക്കോ ഉണ്ടാകുന്നതായി ഭൂകമ്പ പ്രവർത്തനങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ അടുത്ത പൊട്ടിത്തെറി എപ്പോൾ സംഭവിക്കും, അതിന്റെ തീവ്രതയും സ്വഭാവവും എന്തായിരിക്കും എന്നത് കൃത്യമായി പ്രവചിക്കാനാകില്ല,” ജിയോളജി ഏജൻസി മേധാവി ലാന സാരിയ പറഞ്ഞു.
അഗ്നിപർവതത്തിൽനിന്നുള്ള ചാരം ജക്കാർത്തയിലെ സൊകര്ണോ-ഹട്ട അന്താരാഷ്ട്ര വിമാനത്താവളത്തിന് ചുറ്റുമുള്ള വ്യോമമേഖലയിൽ കണ്ടെത്തിയതോടെ ഞായറാഴ്ച പുലർച്ചെ 1.30 മുതൽ വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവച്ചു. പൊട്ടിത്തെറി ശക്തമായതിനെ തുടർന്ന് അടച്ചിടൽ മൂന്ന് തവണ നീട്ടി. ഏറ്റവും ഒടുവിൽ വൈകിട്ട് 5.30 വരെ പ്രവർത്തനം നിർത്തിവയ്ക്കുകയായിരുന്നു. ഗതാഗത മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ആകെ 209 വിമാന സർവീസുകളെ തടസ്സം ബാധിച്ചു. ഇതോടെ 22,000ത്തിലധികം യാത്രക്കാരെയാണ് ബാധിച്ചത്. സിംഗപ്പൂരിലേക്കും തിരിച്ചുമുള്ള സർവീസുകളെയാണ് പ്രധാനമായും ബാധിച്ചത്. ദോഹ, സിഡ്‌നി, ക്വാലാലംപൂർ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും തടസ്സപ്പെട്ടു. ബാലിയിലേക്കും തിരിച്ചുമുള്ള കുറഞ്ഞത് 16 ആഭ്യന്തര വിമാന സർവീസുകളും റദ്ദാക്കി.
ക്വാണ്ടാസ് സർവീസുകളും റദ്ദാക്കി
സിഡ്‌നിക്കും ജക്കാർത്തയ്ക്കുമിടയിലും മെൽബണിനും ജക്കാർത്തയ്ക്കുമിടയിലും സർവീസ് നടത്തുന്ന QF39, QF40, QF41, QF42 വിമാനങ്ങൾ റദ്ദാക്കിയതായി ക്വാണ്ടാസ് അറിയിച്ചു. മേഖലയിലൂടെയുള്ള മറ്റ് ചില വിമാന റൂട്ടുകളെയും സാഹചര്യം ബാധിച്ചിട്ടുണ്ട്. സെപ്റ്റംബർ 5നോ അതിന് മുമ്പോ ജക്കാർത്തയിലേക്കോ തിരിച്ചോ സെപ്റ്റംബർ 5 മുതൽ 9 വരെ യാത്ര ചെയ്യാൻ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് ഫീസ് ഈടാക്കാതെ റീഫണ്ട്, ട്രാവൽ ക്രെഡിറ്റ് അല്ലെങ്കിൽ യാത്രാ തീയതി മാറ്റാനുള്ള സൗകര്യം നൽകുമെന്ന് ക്വാണ്ടാസ് അറിയിച്ചു. സിംഗപ്പൂർ എയർലൈൻസ്, കാത്തേ പസഫിക്, മലേഷ്യ എയർലൈൻസ്, എയർഏഷ്യ തുടങ്ങിയ വിമാനക്കമ്പനികളും സർവീസുകൾ റദ്ദാക്കുകയോ സമയക്രമത്തിൽ മാറ്റം വരുത്തുകയോ ചെയ്തിട്ടുണ്ട്.
ബദൽ യാത്ര തേടി യാത്രക്കാർ
വിമാന സർവീസുകൾ തടസ്സപ്പെട്ടതോടെ യാത്രക്കാർ ബദൽ മാർഗങ്ങൾ തേടി. അമ്മയെ കാണാൻ നാട്ടിലേക്ക് പോകാനിരുന്ന 44കാരിയായ ഹെനി യെൻസൻ വിമാനം റദ്ദാക്കിയതിൽ എല്ലാവരും നിരാശരായിരുന്നെങ്കിലും പ്രകൃതിദുരന്തമായതിനാൽ സാഹചര്യം മനസ്സിലാക്കുന്നുവെന്ന് പറഞ്ഞു. യാത്ര ചൊവ്വാഴ്ചത്തേക്ക് മാറ്റേണ്ടിവന്നതായും അവർ വ്യക്തമാക്കി. ലോംബോക്കിൽ കുടുങ്ങിയ 47കാരനായ ബിസിനസ് എക്സിക്യൂട്ടീവ് സാമുവൽ ഗിബെർട്ടോയ്ക്കും നാട്ടിലേക്ക് മടങ്ങാൻ ബദൽ വിമാനം കണ്ടെത്താനായില്ല. മറ്റൊരു സിറ്റിലിങ്ക് വിമാനത്തിൽ ടിക്കറ്റ് ലഭിച്ചിരുന്നെങ്കിലും അതും റദ്ദാക്കിയതോടെ ലോംബോക്കിൽ തന്നെ തുടരേണ്ടിവന്നതായി അദ്ദേഹം പറഞ്ഞു. ചാരം മൂലം സർവീസ് റദ്ദാക്കിയ യാത്രക്കാർക്ക് 100 ശതമാനം റീഫണ്ട് ഉറപ്പാണെന്ന് ഇന്തോനേഷ്യൻ അധികൃതർ അറിയിച്ചു.
വിമാനത്താവളത്തിൽ 170 വിമാനങ്ങൾ കുടുങ്ങി
വിമാനക്കമ്പനികളുമായും വിമാനത്താവള നടത്തിപ്പുകാരുമായും ചേർന്ന് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പ്രവർത്തിക്കുകയാണെന്ന് ഇന്തോനേഷ്യൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. സൊകര്ണോ-ഹട്ട വിമാനത്താവളത്തിൽ രാത്രിയിൽ 170 വിമാനങ്ങൾ റൺവേയിൽ പാർക്ക് ചെയ്തിരുന്നു. വിമാനങ്ങളുടെ സുരക്ഷയാണ് എല്ലാ പ്രവർത്തന തീരുമാനങ്ങളിലും പ്രധാന പരിഗണനയെന്ന് അധികൃതർ വ്യക്തമാക്കി. വിമാന സർവീസുകളുടെ സമയക്രമം, വിമാനങ്ങളുടെ റൊട്ടേഷൻ, ടെർമിനൽ ശേഷി എന്നിവയിൽ തുടർച്ചയായ തടസ്സങ്ങൾ വരും ദിവസങ്ങളിലും ഉണ്ടായേക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
സുന്ദ കടലിടുക്കിലും നിയന്ത്രണം
അഗ്നിപർവതത്തിന് സമീപമുള്ള സുന്ദ കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. അഗ്നിപർവതത്തിന് ചുറ്റുമുള്ള മൂന്ന് കിലോമീറ്റർ പരിധിയിലുള്ള മേഖലയിൽ കപ്പലുകൾക്ക് പ്രവേശന വിലക്കുണ്ട്. “ക്രകറ്റോവയുടെ കുഞ്ഞ്” എന്നർഥമുള്ള അനക് ക്രകറ്റോവ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് കടലിൽനിന്ന് ഉയർന്നുവന്നത്. 1883ലെ അതിഭീകരമായ ക്രകറ്റോവ അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് രൂപപ്പെട്ട ഗർത്തത്തിലാണ് ഇത് രൂപം കൊണ്ടത്. 1883ലെ സ്ഫോടനത്തിൽ ഏകദേശം 35,000 പേർ കൊല്ലപ്പെടുകയും ആഗോളതലത്തിൽ വർഷങ്ങളോളം തണുപ്പിന് കാരണമാകുകയും ചെയ്തിരുന്നു. അനക് ക്രകറ്റോവയ്ക്കും അപകടകരമായ ചരിത്രമുണ്ട്. 2018ലെ പൊട്ടിത്തെറിയിൽ കടലിനടിയിലെ മണ്ണിടിച്ചിലിനെ തുടർന്ന് അഗ്നിപർവതത്തിന്റെ തെക്കുപടിഞ്ഞാറൻ ഭാഗം കടലിലേക്ക് പതിക്കുകയും വൻ സുനാമി ഉണ്ടാകുകയും ചെയ്തു. സുമാത്രയിലും ജാവയിലുമായി 429 പേർ അന്ന് മരിച്ചു. അതിനുശേഷം നാല് ഘട്ടങ്ങളുള്ള മുന്നറിയിപ്പ് സംവിധാനത്തിലെ രണ്ടാമത്തെ ഉയർന്ന ജാഗ്രതാ നിലയിലാണ് അനക് ക്രകറ്റോവ. എന്നാൽ ഏറ്റവും പുതിയ പൊട്ടിത്തെറികൾ നിലവിൽ മറ്റൊരു സുനാമിക്ക് കാരണമാകാനുള്ള സാധ്യതയില്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ലോകത്തിലെ ഏറ്റവും സജീവമായ ഭൂകമ്പ-അഗ്നിപർവത മേഖലകളിലൊന്നായ പസഫിക് റിംഗ് ഓഫ് ഫയറിലാണ് ഇന്തോനേഷ്യ സ്ഥിതി ചെയ്യുന്നത്. ഭൂഖണ്ഡ ഫലകങ്ങളുടെ കൂട്ടിയിടിയാണ് ഇവിടെ ശക്തമായ അഗ്നിപർവത, ഭൂകമ്പ പ്രവർത്തനങ്ങൾക്ക് പ്രധാന കാരണം.