

അമേരിക്കൻ ടെലിവിഷൻ അവതാരക സവാന ഗത്രിയുടെ അമ്മ നാൻസി ഗത്രിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ പുതിയ വിവരങ്ങൾ പുറത്തുവന്നു. നാൻസി ഗത്രിയുടെ തിരോധാനത്തിന് പിന്നാലെ മാധ്യമങ്ങൾക്ക് അയച്ച രണ്ടാമത്തെ കത്തിൽ അവർ മരിച്ചുവെന്ന് അവകാശപ്പെട്ടിരുന്നുവെന്നാണ് അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വെളിപ്പെടുത്തിയത്. 84 വയസ്സുകാരിയായ നാൻസി ഗത്രിയെ ജനുവരി 31-ന് അരിസോണയിലെ ടൂസണിലുള്ള വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയതായാണ് കരുതുന്നത്. അടുത്ത ദിവസം പള്ളിയിൽ എത്താതിരുന്നതിനെ തുടർന്ന് ഫെബ്രുവരി 1-ന് അവർ കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.
നാൻസിയുടെ തിരോധാനത്തിന് ശേഷം മാധ്യമങ്ങൾക്ക് രണ്ട് കത്തുകളാണ് ലഭിച്ചത്. ആദ്യ കത്തിൽ അവർ സുരക്ഷിതയാണെന്നും മോചനത്തിനായി ക്രിപ്റ്റോകറൻസിയിൽ പണം ആവശ്യപ്പെട്ടതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ പിന്നീട് ലഭിച്ച രണ്ടാമത്തെ കത്ത് ആദ്യത്തേതിൽ നിന്ന് പൂർണമായും വ്യത്യസ്തമായിരുന്നു. അതിൽ നാൻസി ഗത്രി മരിച്ചതായി അവകാശപ്പെട്ടിരുന്നുവെങ്കിലും മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നില്ല. രണ്ട് കത്തുകളും വിശ്വാസ്യതയുള്ളതാകാമെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.
കേസുമായി ബന്ധപ്പെട്ട് ദിവസങ്ങൾക്കുശേഷം ഒരു മുഖംമൂടി ധരിച്ച വ്യക്തി നാൻസി ഗത്രിയുടെ വീടിന് മുന്നിൽ എത്തിയതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. കൈയുറകളും മുഴുവൻ ശരീരം മൂടുന്ന വസ്ത്രങ്ങളും ധരിച്ച ഇയാൾ വീടിന്റെ സുരക്ഷാ ക്യാമറ മറയ്ക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതുവരെ കേസിൽ സംശയിക്കുന്ന ആരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം, അമ്മയെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് ഒരു മില്യൺ യുഎസ് ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് സവാന ഗത്രി. മാർച്ചിൽ നൽകിയ ഒരു അഭിമുഖത്തിൽ സവാന ഗത്രി വീണ്ടും പൊതുജനങ്ങളോടും തട്ടിക്കൊണ്ടുപോയവരോടും വിവരങ്ങൾ കൈമാറാൻ അഭ്യർഥിച്ചിരുന്നു. “ആരെങ്കിലും ശരിയായ കാര്യം ചെയ്യണം. ഞങ്ങൾ അതീവ വേദനയിലാണ്. ഇത് സഹിക്കാൻ കഴിയാത്ത അവസ്ഥയാണ്,” സവാന പറഞ്ഞു. അതേസമയം അമ്മയുടെ തിരോധാനത്തെ തുടർന്ന് ജോലിയിൽ നിന്ന് വിട്ടുനിന്ന സവാന ഗത്രി ഏപ്രിലിൽ വീണ്ടും ‘ടുഡേ’ ഷോയുടെ അവതാരകയായി തിരിച്ചെത്തിയിരുന്നു. കേസിന്റെ അന്വേഷണം തുടരുകയാണ്.