ചൈനയിൽ റോബോടാക്സികൾ പണിമുടക്കി; വുഹാനിൽ നൂറിലധികം ടാക്സികൾ വഴിയിൽ കുടുങ്ങി ഗതാഗതം സ്തംഭിച്ചു

ചൈനയിൽ ആദ്യമായാണ് ഇത്തരത്തിൽ റോബോടാക്സികളുടെ കൂട്ടായ പ്രവർത്തനസ്തംഭനം റിപ്പോർട്ട് ചെയ്യുന്നത്.
Hundreds of Apollo Go Cars Strand Passengers
ചൈനയിൽ റോബോടാക്സികൾ പണിമുടക്കിSocial media via Reuters
Published on

വുഹാൻ: ചൈനീസ് നഗരമായ വുഹാനിൽ ഡ്രൈവറില്ലാ ടാക്സികൾ (Robotaxis) പെട്ടെന്ന് പ്രവർത്തനരഹിതമായതിനെത്തുടർന്ന് വൻ ഗതാഗതക്കുരുക്കും യാത്രക്കാരുടെ ദുരിതവും. ചൈനീസ് ഇന്റർനെറ്റ് ഭീമനായ ബൈഡു (Baidu) പ്രവർത്തിപ്പിക്കുന്ന നൂറിലധികം 'അപ്പോളോ ഗോ' (Apollo Go) വാഹനങ്ങളാണ് സാങ്കേതിക തകരാറിനെത്തുടർന്ന് തിരക്കേറിയ റോഡുകളിൽ പാതിവഴിയിൽ നിലച്ചുപോയത്. ചൊവ്വാഴ്ച രാത്രി പ്രാദേശിക സമയം ഒൻപത് മണിയോടെയാണ് സംഭവമുണ്ടായതെന്ന് വുഹാൻ പോലീസ് അറിയിച്ചു.

മൾട്ടി ലെയ്ൻ റോഡുകളുടെ നടുവിൽ ഹസാർഡ് ലൈറ്റുകൾ തെളിച്ച് വാഹനങ്ങൾ അനങ്ങാതെ നിന്നതോടെ മറ്റു വാഹനങ്ങൾക്കും പോകാൻ കഴിയാത്ത അവസ്ഥയായി. ചിലയിടങ്ങളിൽ യാത്രക്കാർക്ക് എളുപ്പത്തിൽ പുറത്തിറങ്ങാൻ കഴിഞ്ഞെങ്കിലും, തിരക്കേറിയ റോഡുകളുടെ നടുവിൽ കുടുങ്ങിപ്പോയ ടാക്സികളിലെ യാത്രക്കാർ മണിക്കൂറുകളോളം പുറത്തിറങ്ങാനാവാതെ വലഞ്ഞു. പിന്നീട് അധികൃതർ എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. ചൈനയിൽ ആദ്യമായാണ് ഇത്തരത്തിൽ റോബോടാക്സികളുടെ കൂട്ടായ പ്രവർത്തനസ്തംഭനം റിപ്പോർട്ട് ചെയ്യുന്നത്.

സംഭവത്തെക്കുറിച്ച് ബൈഡു ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ചൈനയിൽ ആയിരത്തിലധികം ഡ്രൈവറില്ലാ ടാക്സികൾ പ്രവർത്തിപ്പിക്കുന്ന കമ്പനി, തങ്ങളുടെ സേവനം യൂറോപ്പിലേക്കും വ്യാപിപ്പിക്കാൻ പദ്ധതിയിടുന്നതിനിടെയാണ് ഈ തിരിച്ചടി. ഈ വർഷം അബുദാബിയിലും ദുബായിലും കമ്പനി സർവീസ് ആരംഭിച്ചിരുന്നു. കഴിഞ്ഞ വർഷം സാൻ ഫ്രാൻസിസ്കോയിൽ വെയ്‌മോയുടെ (Waymo) സ്വയം നിയന്ത്രിത കാറുകളും സമാനമായ രീതിയിൽ പവർ കട്ട് മൂലം വഴിയിൽ കുടുങ്ങിയിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ലെങ്കിലും ഡ്രൈവറില്ലാ വാഹനങ്ങളുടെ സുരക്ഷയെക്കുറിച്ച് വീണ്ടും ചർച്ചകൾ സജീവമായിരിക്കുകയാണ്.

Related Stories

No stories found.
Metro Australia
maustralia.com.au