എംപി സ്ഥാനം രാജിവെച്ച് വീണ്ടും ജനവിധി തേടുമെന്ന് നൈജൽ ഫാരേജ്

ക്രിപ്റ്റോകറൻസി ശതകോടീശ്വരനിൽ നിന്നും തട്ടിപ്പുകേസിൽ ശിക്ഷിക്കപ്പെട്ട വ്യക്തിയിൽ നിന്നും ലഭിച്ച സാമ്പത്തിക സംഭാവനകളെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെയാണ് തീരുമാനം.
എംപി സ്ഥാനം രാജിവെച്ച് വീണ്ടും ജനവിധി തേടുമെന്ന് നൈജൽ ഫാരേജ്
മാധ്യമപ്രവർത്തകരെ ക്ഷണിക്കാതെയും ചോദ്യങ്ങൾക്ക് അവസരം നൽകാതെയുമായിരുന്നു പ്രഖ്യാപനം.(Getty Images)
Published on

ബ്രിട്ടനിലെ വലതുപക്ഷ പോപ്പുലിസ്റ്റ് നേതാവും റീഫോം യുകെ പാർട്ടി നേതാവുമായ നൈജൽ ഫാരേജ്, എംപി സ്ഥാനം രാജിവെച്ച് ഉപതിരഞ്ഞെടുപ്പിലൂടെ വീണ്ടും ജനവിധി തേടുമെന്ന് പ്രഖ്യാപിച്ചു. ക്രിപ്റ്റോകറൻസി ശതകോടീശ്വരനിൽ നിന്നും തട്ടിപ്പുകേസിൽ ശിക്ഷിക്കപ്പെട്ട വ്യക്തിയിൽ നിന്നും ലഭിച്ച സാമ്പത്തിക സംഭാവനകളെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെയാണ് തീരുമാനം. ചൊവ്വാഴ്ച നടത്തിയ തത്സമയ സംപ്രേഷണത്തിന്റെ അവസാനത്തിലാണ് ഫാരേജ് പ്രഖ്യാപനം നടത്തിയത്. മാധ്യമപ്രവർത്തകരെ ക്ഷണിക്കാതെയും ചോദ്യങ്ങൾക്ക് അവസരം നൽകാതെയുമായിരുന്നു പ്രഖ്യാപനം.

താൻ യാതൊരു നിയമവും ലംഘിച്ചിട്ടില്ലെന്നും, തനിക്കെതിരായ ആരോപണങ്ങളിൽ അന്തിമ വിധി പറയേണ്ടത് ക്ലാക്ടൺ മണ്ഡലത്തിലെ ജനങ്ങളാണെന്നും ഫാരേജ് പറഞ്ഞു. “ഞാൻ ജയിച്ചാൽ ജനങ്ങളാണ് ജയിക്കുന്നത്. ഞാൻ തോറ്റാൽ പഴയ രണ്ട് പാർട്ടികളാണ് ജയിക്കുക. ബ്രിട്ടന് ആവശ്യമായ അടിസ്ഥാനപരമായ മാറ്റങ്ങൾ ഒരിക്കലും നടക്കില്ല,” അദ്ദേഹം പറഞ്ഞു. തായ്‌ലൻഡിൽ താമസിക്കുന്ന ബ്രിട്ടീഷ് ക്രിപ്റ്റോകറൻസി വ്യവസായി ക്രിസ്റ്റഫർ ഹാർബോണിൽ നിന്ന് ലഭിച്ച അഞ്ച് മില്യൺ പൗണ്ടിന്റെ സംഭാവനയെക്കുറിച്ച് പാർലമെന്റിന്റെ സ്റ്റാൻഡേർഡ്സ് കമ്മീഷണർ അന്വേഷണം നടത്തുകയാണ്. അമേരിക്കയിൽ തട്ടിപ്പുകേസിൽ ശിക്ഷിക്കപ്പെട്ട ജോർജ് കോട്രെലിൽ നിന്ന് ലഭിച്ച സംഭാവനകളെക്കുറിച്ചും അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുണ്ട്.

ഹാർബോണിന്റെ സംഭാവന നിരുപാധികമായ സമ്മാനമായിരുന്നുവെന്നും, സുരക്ഷാ ചെലവുകൾ വഹിക്കാനാണ് അത് ഉപയോഗിച്ചതെന്നും ഫാരേജ് വിശദീകരിച്ചു. “ഞാൻ ഒരു നിയമവും ലംഘിച്ചിട്ടില്ല. പൊതുപണം ദുരുപയോഗം ചെയ്തിട്ടില്ല,” എന്നും അദ്ദേഹം ആവർത്തിച്ചു. എന്നാൽ, ഫാരേജിന്റെ രാജി വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള രാഷ്ട്രീയ തന്ത്രമാണെന്ന് ലേബർ പാർട്ടി നേതാവ് ആൻഡി ബേൺഹാം ആരോപിച്ചു. ലിബറൽ ഡെമോക്രാറ്റ് നേതാവ് എഡ് ഡേവിയും, ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള മറ്റൊരു ശ്രമമാണിതെന്ന് വിമർശിച്ചു. പാർലമെന്ററി അന്വേഷണത്തിൽ നിയമലംഘനം കണ്ടെത്തി 10 ദിവസമോ അതിലധികമോ സസ്പെൻഷൻ ലഭിച്ചാൽ ക്ലാക്ടൺ മണ്ഡലത്തിൽ നിർബന്ധിത ഉപതിരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യം ഉണ്ടാകുമായിരുന്നു. അതിന് മുമ്പേ രാജിവെച്ച് സ്വന്തം നിലപാട് ശക്തിപ്പെടുത്താനാണ് ഫാരേജിന്റെ നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

Metro Australia
maustralia.com.au