എ.ഐ മറ്റൊരു 'ബാബേൽ ഗോപുരം' ആകരുത്; കർശന നിയന്ത്രണങ്ങൾക്ക് ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ മാർപ്പാപ്പ

എ.ഐ സാങ്കേതികവിദ്യകളുടെ വളർച്ച നിയന്ത്രിക്കാൻ സ്വതന്ത്ര മേൽനോട്ട സമിതികളും ശക്തമായ നിയമസംവിധാനങ്ങളും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു
കർശന നിയന്ത്രണങ്ങൾക്ക് ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ മാർപ്പാപ്പ
എ.ഐ സാങ്കേതികവിദ്യ; കർശന നിയന്ത്രണങ്ങൾക്ക് ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ മാർപ്പാപ്പ( Credit: Vatican Media screenshot)
Published on

വത്തിക്കാൻ സിറ്റി: ആഗോളതലത്തിൽ കൃത്രിമബുദ്ധി സാങ്കേതികവിദ്യകളുടെ അനിയന്ത്രിതമായ വളർച്ച തടയാൻ ലോകരാജ്യങ്ങൾ അടിയന്തിരമായി നിയമനിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് ലിയോ പതിനാലാമൻ മാർപ്പാപ്പ . മനുഷ്യരാശിയുടെ ധാർമ്മിക മൂല്യങ്ങളെ കേന്ദ്രീകരിച്ച് തിങ്കളാഴ്ച പുറത്തിറക്കിയ 'മാഗ്നിഫിക്ക ഹ്യൂമാനിറ്റാസ്' (Magnifica Humanitas - Magnificent Humanity) എന്ന വിപ്ലവകരമായ പുതിയ എൻസൈക്ലിക്കലിലാണ് (മാർപ്പാപ്പയുടെ ഔദ്യോഗിക സർക്കുലർ) അദ്ദേഹം തന്റെ ആശങ്കകൾ വ്യക്തമാക്കിയത്. എ.ഐ സാങ്കേതികവിദ്യകളുടെ വളർച്ച നിയന്ത്രിക്കാൻ സ്വതന്ത്ര മേൽനോട്ട സമിതികളും ശക്തമായ നിയമസംവിധാനങ്ങളും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മനുഷ്യൻ സ്വന്തം അഹങ്കാരം കൊണ്ട് ദൈവാനുവാദമില്ലാതെ സ്വർഗ്ഗത്തോളം ഉയരത്തിൽ നിർമ്മിക്കാൻ ശ്രമിച്ച് ഒടുവിൽ തകർന്നടിഞ്ഞ ബൈബിളിലെ 'ബാബേൽ ഗോപുരത്തിന്റെ' (Tower of Babel) കഥ ഉദ്ധരിച്ചാണ് മാർപ്പാപ്പ നിലവിലെ എ.ഐ ഭ്രമത്തെ ഉപമിച്ചത്. ദൈവമില്ലാതെ സ്വർഗ്ഗത്തിലെത്താൻ ശ്രമിക്കുന്ന ഇത്തരം സാങ്കേതിക മുന്നേറ്റങ്ങൾ വലിയ അപകടങ്ങൾ ക്ഷണിച്ചുവരുത്തുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മറ്റൊരു ബാബേൽ ഗോപുരം പണിയുന്നത് അവസാനിപ്പിച്ച് പൊതുനന്മയ്ക്കായി കൈകോർക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. പ്രമുഖ എ.ഐ കമ്പനിയായ ആന്ത്രോപിക്കിന്റെ സഹസ്ഥാപകൻ ക്രിസ് ഓല വത്തിക്കാനിൽ നടന്ന ചടങ്ങിൽ പങ്കെുക്കുകയും, കമ്പനികൾ നേരിടുന്ന വാണിജ്യപരമായ സമ്മർദ്ദങ്ങൾക്കിടയിൽ പുറത്തുനിന്നുള്ള ഇത്തരം ധാർമ്മികമായ ഇടപെടലുകൾ അത്യാവശ്യമാണെന്ന് സമ്മതിക്കുകയും ചെയ്തു. പശ്ചിമേഷ്യൻ യുദ്ധത്തെ പരസ്യമായി വിമർശിച്ചതിലൂടെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉൾപ്പെടെ അതൃപ്തിക്ക് പാത്രമായ മാർപ്പാപ്പ, എ.ഐ വഴി വ്യാജവാർത്തകൾ പടരുന്നതിലും സ്വയം നിയന്ത്രിത ആയുധങ്ങൾ മനുഷ്യന്റെ നിയന്ത്രണങ്ങൾക്കപ്പുറം വളരുന്നതിലും കടുത്ത ആശങ്ക രേഖപ്പെടുത്തി.

അടിമത്തത്തിൽ ചരിത്രപരമായ മാപ്പ് ചോദിക്കൽ

എ.ഐ ഭീഷണികൾക്കൊപ്പം, ചരിത്രത്തിലാദ്യമായി ഭൂതകാലത്ത് അടിമത്തത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ വത്തിക്കാന് ഒത്താശ ചെയ്ത മുൻഗാമികളുടെ നടപടികളിൽ മാർപ്പാപ്പ പരസ്യമായി മാപ്പ് ചോദിച്ചു. മുൻകാലങ്ങളിൽ യൂറോപ്യൻ രാജാക്കന്മാർക്ക് മറ്റ് ജനവിഭാഗങ്ങളെ കീഴടക്കാനും അടിമകളാക്കാനും മുൻ മാർപ്പാപ്പമാർ അനുമതി നൽകിയിരുന്ന കറുത്ത ചരിത്രത്തെ 'ക്രിസ്തീയ സ്മരണയിലെ മുറിവ്' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഡിജിറ്റൽ വിപ്ലവം സൃഷ്ടിക്കുന്ന പുതിയ തരം സാങ്കേതിക അടിമത്തങ്ങളെക്കുറിച്ച് പരാമർശിക്കവെയാണ് സഭയ്ക്ക് വേണ്ടി അദ്ദേഹം ഈ ചരിത്രപരമായ മാപ്പ് ചോദിക്കൽ നടത്തിയത്. വംശീയ അധിക്ഷേപങ്ങൾക്കും കറുത്തവർഗ്ഗക്കാർക്കെതിരെയുള്ള വിവേചനങ്ങൾക്കുമെതിരെ കത്തോലിക്കാ സഭ സത്യസന്ധമായി സംസാരിക്കാൻ വൈകിയെങ്കിലും, മാർപ്പാപ്പയുടെ ഈ തിരുത്തൽ നടപടി വലിയൊരു ചരിത്രപരമായ ചുവടുവെപ്പാണെന്ന് പ്രമുഖ ചരിത്രകാരി ഷാനൻ ഡി വില്യംസ് സ്വാഗതം ചെയ്തു.

Metro Australia
maustralia.com.au