

ലൂർദ്ദ്: കത്തോലിക്കാ സഭ സ്വന്തം വീഴ്ചകൾ തുറന്നുസമ്മതിക്കണമെന്നും സഭയ്ക്കുള്ളിലുണ്ടായ ആഴത്തിലുള്ള മുറിവുകൾ ഉണക്കാൻ ഭൂതകാലത്തെ ധൈര്യത്തോടെ അഭിമുഖീകരിക്കണമെന്നും ലിയോ മാർപാപ്പ. ഫ്രാൻസിലെ പൗരോഹിത്യത്തിൽ നിന്ന് ലൈംഗിക ചൂഷണങ്ങൾ നേരിട്ട ഏഴ് ഇരകളുമായി അടച്ചിട്ട മുറിയിൽ നിർണായക കൂടിക്കാഴ്ച നടത്തുന്നതിന് തൊട്ടുമുമ്പ് ലൂർദ്ദിൽ ഒന്നര ലക്ഷത്തിലധികം തീർത്ഥാടകരെ അഭിസംബോധന ചെയ്യവെയാണ് മാർപാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ഏഴ് പതിറ്റാണ്ടിനിടെ ഫ്രാൻസിൽ 3,30,000 കുട്ടികൾ പുരോഹിതന്മാരാലും സഭാ പ്രവർത്തകരാലും പീഡിപ്പിക്കപ്പെട്ടുവെന്ന 2021-ലെ കണ്ടെത്തലുകൾ സഭയുടെ പ്രതിച്ഛായയ്ക്ക് കനത്ത മങ്ങലേൽപ്പിച്ചിരുന്നു.
ഫ്രഞ്ച് ബിഷപ്പുമാരുമായി നടത്തിയ ചർച്ചയിൽ, കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ കടുത്ത ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നടപടികൾ ശക്തമാക്കണമെന്നും മാർപാപ്പ നിർദ്ദേശിച്ചു. എന്നാൽ കൂടിക്കാഴ്ചയിലൂടെ പെട്ടെന്നൊരു പരിഹാരം ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇരകളുടെ കൂട്ടായ്മകൾ സംശയം പ്രകടിപ്പിച്ചു. ലൈംഗികാരോപണം നേരിട്ട വൈദികനും കലാകാരനുമായ മാർക്കോ റൂപ്നിക്കിന്റെ ലൂർദ്ദ് ദേവാലയത്തിന് മുന്നിലെ ഭീമൻ മൊസൈക് ചിത്രങ്ങൾ മാർപാപ്പയുടെ സന്ദർശനത്തോടനുബന്ധിച്ച് വലിയ ടാർപോളിൻ ഉപയോഗിച്ച് മറച്ചിരുന്നു. ഫ്രാൻസിൽ ദയാവധം നിയമവിധേയമാക്കിയ പശ്ചാത്തലത്തിൽ, രോഗാവസ്ഥയിലും ജീവന്റെ മൂല്യം ചോദ്യം ചെയ്യപ്പെടരുതെന്നും ദയാവധത്തെ എതിർക്കണമെന്നും മാർപാപ്പ സന്ദർശനവേളയിൽ വീണ്ടും ഓർമ്മിപ്പിച്ചു.