

അക്കാദമി അവാർഡുകൾ യുഎസ് ബ്രോഡ്കാസ്റ്ററായ എബിസിയിൽ നിന്ന് മാറി 2029 മുതൽ യൂട്യൂബിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്ന് അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് പ്രഖ്യാപിച്ചു. എബിസി 2028 വരെ ഓസ്കർ സംപ്രേഷണം തുടരും. ആ വർഷം ഓസ്കറുകളുടെ 100-ാം വാർഷികവും ആയിരിക്കും. എന്നാൽ 2029 മുതൽ 2033 വരെ ആഗോള സ്ട്രീമിംഗ് അവകാശങ്ങൾ മുഴുവൻ യൂട്യൂബിനായിരിക്കും.
റെഡ് കാർപറ്റ് കവറേജ്, ഗവർണേഴ്‌സ് അവാർഡുകൾ, ഓസ്കർ നാമനിർദ്ദേശ പ്രഖ്യാപനം ഉൾപ്പെടെ ഓസ്കറുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളുടെയും കേന്ദ്രമാകും യൂട്യൂബ്. "ഓസ്‌കറിന്റെയും ഞങ്ങളുടെ വർഷം മുഴുവനുമുള്ള അക്കാദമി പ്രോഗ്രാമിംഗിന്റെയും ഭാവി കേന്ദ്രമാകാൻ യൂട്യൂബുമായി ബഹുമുഖ ആഗോള പങ്കാളിത്തത്തിൽ ഏർപ്പെടുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്," അക്കാദമി ചീഫ് എക്സിക്യൂട്ടീവ് ബിൽ ക്രാമറും അക്കാദമി പ്രസിഡന്റ് ലിനെറ്റ് ഹോവൽ ടെയ്‌ലറും പറഞ്ഞു.
പ്രമുഖ അവാർഡ് ഷോകൾ സ്ട്രീമിംഗ് പങ്കാളിത്തങ്ങൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും, ബ്രോഡ്കാസ്റ്റ് ടെലിവിഷൻ പൂർണമായും ഉപേക്ഷിക്കുന്ന ആദ്യ ‘ബിഗ് ഫോർ’ അവാർഡ് ഷോയാണ് ഓസ്കർ. ഏകദേശം 2 ബില്യൺ പ്രേക്ഷകരുള്ള യൂട്യൂബിൽ ഓസ്കർ അവാർഡുകൾ ലോകമെമ്പാടും സൗജന്യമായി സ്ട്രീം ചെയ്യും. യൂട്യൂബ് ടിവി സബ്സ്ക്രൈബർമാർക്കും ലഭ്യമാകും. വിവിധ ഭാഷകളിലെ ഓഡിയോ ട്രാക്കുകളും ക്ലോസ്‌ഡ് ക്യാപ്ഷനും ഉണ്ടാകും.