

ജർമനിയിലെ ബെർലിനിൽ നടന്ന പ്രൈഡ് പരേഡിനിടെ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച രാത്രി ബെർലിനിലെ ടിയർഗാർട്ടൻ പാർക്കിൽ നടന്ന എൽജിബിടിക്യു+ പ്രൈഡ് പരേഡിനിടെയാണ് സംഭവം. രാത്രി 10 മണിയോടെ വെള്ള നിറത്തിലുള്ള ഒരു വാഹനം നിരവധി ആളുകളെ ഇടിച്ചുതെറിപ്പിച്ചതായി ബെർലിൻ പൊലീസ് അറിയിച്ചു. കുറഞ്ഞത് 17 പേർക്ക് പരിക്കേറ്റതായി പൊലീസ് സ്ഥിരീകരിച്ചു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നും ജീവൻ അപകടത്തിലാണെന്നും അധികൃതർ അറിയിച്ചു.
സംഭവത്തിന് പിന്നാലെ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെയോ അതിലധികം പേരെയോ കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമാക്കി. സംഭവത്തിന് പിന്നിലെ ഉദ്ദേശ്യമോ പ്രതികളുടെ വ്യക്തിവിവരങ്ങളോ ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ് വക്താവ് അലക്സാണ്ടർ ക്ലൂട്ടെ പറഞ്ഞു. സംഭവത്തിന് മുമ്പുള്ള ദൃശ്യങ്ങൾ ലഭ്യമാണെങ്കിൽ പൊലീസിന് കൈമാറണമെന്നും അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
സംഭവത്തിൽ ബെർലിൻ മേയർ കൈ വെഗ്നർ ഞെട്ടൽ രേഖപ്പെടുത്തി. സമാധാനപരവും ആവേശഭരിതവുമായ പ്രൈഡ് പരേഡിനിടെ നടന്ന ആക്രമണം ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. സഹിഷ്ണുതയും സമാധാനവും ഉയർത്തിപ്പിടിക്കുന്ന ബെർലിന്റെ തുറന്ന സമൂഹത്തിന് നേരെയുള്ള ആക്രമണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂറോപ്പിലെ ഏറ്റവും വലിയ എൽജിബിടിക്യു+ ആഘോഷങ്ങളിലൊന്നായ ബെർലിൻ പ്രൈഡ് പരേഡിൽ ശനിയാഴ്ച ലക്ഷക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. ക്രിസ്റ്റഫർ സ്ട്രീറ്റ് ഡേ എന്നറിയപ്പെടുന്ന പരിപാടിയിൽ ഏകദേശം 80 ഫ്ലോട്ടുകളാണ് പങ്കെടുത്തത്.
സംഭവത്തെ തുടർന്ന് രാത്രി 10.15ഓടെ ബ്രാൻഡൻബർഗ് ഗേറ്റിന് സമീപം നടന്ന പ്രൈഡ് ആഘോഷങ്ങൾ നിർത്തിവെച്ചു. ടിയർഗാർട്ടൻ പാർക്കിലൂടെയുള്ള യാത്ര ഒഴിവാക്കി ആളുകൾ വീടുകളിലേക്ക് മടങ്ങണമെന്ന് അധികൃതർ നിർദേശിച്ചു. സംഭവത്തിന് മുമ്പ് മണിക്കൂറുകളോളം പരേഡ് സമാധാനപരമായി നടന്നിരുന്നു. സംഗീതത്തിന്റെയും ആഘോഷങ്ങളുടെയും നടുവിലാണ് അപ്രതീക്ഷിതമായി ആക്രമണം ഉണ്ടായത്. സംഭവത്തിൽ വലിയ തോതിൽ പൊലീസ്, അഗ്നിരക്ഷാസേന, ആംബുലൻസ് സംവിധാനങ്ങൾ സ്ഥലത്തെത്തിയതായി ദൃക്സാക്ഷികൾ പറഞ്ഞു. സംഭവം ബെർലിനിലെ എൽജിബിടിക്യു+ സമൂഹത്തിലും ആഘോഷത്തിൽ പങ്കെടുത്തവരിലും വലിയ ഞെട്ടലാണ് സൃഷ്ടിച്ചത്.