
മനില: ഫിലിപ്പീന്‍സിൽ റിക്ടര്‍ സ്‌കെയിലില്‍ 6.9 രേഖപ്പെടുത്തിയ വൻ ഭൂചലനം അനുഭവപ്പെട്ടു. 27 പേർ കൊല്ലപ്പെടുകയും 120 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തീരദേശ നഗരമായ ബോഗോയില്‍നിന്ന് 17 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) അറിയിച്ചു. ഇവിടെ കുറഞ്ഞത് 14 താമസക്കാർ മരിച്ചുവെന്നാണ് വിവരം.
ബോഗോയിലെ മരണസംഖ്യ ഉയരുമെന്നാണ് സൂചന. ഇവിടുത്തെ ഒരു മലയോര ഗ്രാമത്തിൽ ഉണ്ടായ മണ്ണിടിച്ചിലിൽ നിരവധി കുടിലുകൾ മണ്ണിനടിയിലായിട്ടുണ്ട്. സെബുവിലെ മെഡെലിൻ മുനിസിപ്പാലിറ്റിയിൽ കുറഞ്ഞത് ഒരു മരണവും നിരവധി പേർക്ക് പരിക്കേൽക്കുകയും രണ്ട് പാലങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി റിപ്പോർട്ട് ചെയ്തു.
ചൊവ്വാഴ്ച പ്രാദേശിക സമയം രാത്രി 9:59 ന് സെബു പ്രവിശ്യയിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി ഫിലിപ്പീൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്മോളജി ആദ്യം റിപ്പോർട്ട് ചെയ്തു. പിന്നീടണ് തീവ്രത 6.9 ആകുന്നത്. ബോഗോ സിറ്റിയിൽ നിന്ന് ഏകദേശം 19 കിലോമീറ്റർ വടക്കുകിഴക്കായി 5 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായതെന്നാണ് റിപ്പോർട്ട്.
മധ്യ ഫിലിപ്പീൻസിലെ പല അയൽ പ്രവിശ്യകളിലും തെക്കൻ ഫിലിപ്പീൻസിലെ ചില പ്രദേശങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടു. നിരവധി ഗ്രാമീണ റോഡുകൾക്കും കേടുപാടുകൾ സംഭവിച്ചു.
ഭൂകമ്പത്തെ തുടർന്ന് സെബുവിലും സമീപത്തുള്ള മധ്യ ദ്വീപുകളിലും വൈദ്യുതി ലൈനുകൾ പൊട്ടിവീണു, പിന്നീട് സെബുവിലും സമീപത്തുള്ള മധ്യ ദ്വീപുകളിലും അർദ്ധരാത്രിക്ക് ശേഷം വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതായി ഫിലിപ്പീൻസിലെ നാഷണൽ ഗ്രിഡ് കോർപ്പ് അറിയിച്ചു. ഭൂകമ്പങ്ങൾക്കും അഗ്നിപർവ്വത പ്രവർത്തനങ്ങൾക്കും സാധ്യതയുള്ള ഒരു മേഖലയായ പസഫിക് "റിംഗ് ഓഫ് ഫയർ" എന്ന മേഖലയിലാണ് ഫിലിപ്പീൻസ് സ്ഥിതി ചെയ്യുന്നത്.