ഫ്ലോറിഡയിൽ ലിയർജെറ്റ് തകർന്നുവീണ് ഒൻപത് മരണം; 600 പേരെ മാറ്റിപ്പാർപ്പിച്ചു

വാസസ്ഥലത്തിന് സമീപമുള്ള റോഡിൽ ഇടിച്ചിറങ്ങി തീപിടിത്തം; വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി ഗതാഗത സെക്രട്ടറി.
ഫ്ലോറിഡയിൽ ലിയർജെറ്റ് തകർന്നുവീണ് ഒൻപത് മരണം
(Today)
Published on: 

അമേരിക്കയിലെ ഫ്ലോറിഡയിൽ 28 ലക്ഷം ഡോളർ വിലവരുന്ന ലിയർജെറ്റ് വിമാനം ജനവാസ മേഖലയിലെ റോഡിൽ തകർന്നുവീണ് ഒൻപത് പേർ മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 12.50ഓടെ പാം ബീച്ച് കൗണ്ടിയിലായിരുന്നു അപകടം. തകർന്നുവീണ ഉടൻ വിമാനം തീപിടിച്ച് പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങൾ വാഹനത്തിലെ ഡാഷ്‌ക്യാമിൽ പതിഞ്ഞിട്ടുണ്ട്.

ബഹാമാസിലേക്ക് പോകുകയായിരുന്ന ലിയർജെറ്റ് 60 വിമാനത്തിൽ ഒൻപത് പേരാണ് ഉണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി യുഎസ് ഗതാഗത സെക്രട്ടറി ഷോൺ ഡഫി സ്ഥിരീകരിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും പ്രിയപ്പെട്ടവർക്കുമായി പ്രാർഥിക്കണമെന്ന് അദ്ദേഹം എക്‌സിലൂടെ അഭ്യർഥിച്ചു.

അപകടത്തിൽ വിമാനത്തിലുണ്ടായിരുന്നവർക്കു പുറമെ നിലത്തുണ്ടായിരുന്നവർക്കും പരിക്കോ മരണമോ സംഭവിച്ചിട്ടുണ്ടോയെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ അപകടത്തെത്തുടർന്ന് പ്രദേശത്തെ 600ഓളം താമസക്കാർക്ക് താൽക്കാലിക താമസസൗകര്യം ഒരുക്കേണ്ടിവന്നു. ഇവരെ കൗണ്ടിയിലെ രണ്ട് അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി. അപകടസ്ഥലത്ത് വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് തീ ഇപ്പോഴും പടരുന്നതായും സമീപവാസികൾ ആശങ്കയോടെ സംഭവസ്ഥലം നിരീക്ഷിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ടെക്സസിലെ ഓസ്റ്റിൻ-ബെർഗ്‌സ്ട്രോം അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നാണ് വിമാനം പുറപ്പെട്ടതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ (എഫ്എഎ) അറിയിച്ചു.

ഫ്ലോറിഡയിൽ ലിയർജെറ്റ് തകർന്നുവീണ് ഒൻപത് മരണം
(Today)

വിമാനത്തിന്റെ ട്രാക്കിങ് വിവരങ്ങൾ പ്രകാരം, ഡാറ്റ ലഭ്യമാകാതാകുന്നതിന് തൊട്ടുമുമ്പുള്ള ഒരു മിനിറ്റിനിടെ വിമാനം 27,000 അടി താഴേക്ക് പതിച്ചിരുന്നു. അപകടസമയത്ത് പ്രദേശത്ത് ഇടിമിന്നലോടുകൂടിയ മഴയുണ്ടായിരുന്നു. താഴേക്ക് പതിക്കുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുമ്പ് വിമാനം ശക്തമായ മഴമേഘങ്ങളിലൂടെയും കടന്നുപോയിരുന്നു. എന്നാൽ കാലാവസ്ഥ അപകടത്തിന് കാരണമായോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. അപകടത്തിന് തൊട്ടുമുമ്പ് വിമാനത്തിന്റെ ചിറകുകളിൽ ഐസ് അടിഞ്ഞുകൂടുന്നതായും താപനില മൈനസ് 47 ഡിഗ്രി സെൽഷ്യസാണെന്നും മിതമായ തോതിൽ പ്രക്ഷുബ്ധത അനുഭവപ്പെടുന്നതായും പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനെ അറിയിച്ചിരുന്നു. വിമാനം 700 അടി വരെ മുകളിലേക്കും താഴേക്കും കുലുങ്ങിയതായും റേഡിയോ സന്ദേശത്തിലുണ്ട്.

പിന്നീട് മഴ ശക്തമായതോടെ ഉയരം കൂട്ടാൻ അനുമതി തേടിയ പൈലറ്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വിമാനം അതിവേഗത്തിൽ താഴേക്ക് പതിക്കുകയാണെന്നും തകർന്നുവീഴാൻ പോകുകയാണെന്നും പൈലറ്റ് സന്ദേശം നൽകിയതായി ലൈവ് എടിസി പുറത്തുവിട്ട റേഡിയോ സംഭാഷണത്തിൽ പറയുന്നു. അപകടത്തിന്റെ വ്യാപ്തി ഞെട്ടിക്കുന്നതാണെന്ന് ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് പ്രതികരിച്ചു. മിസൈൽ താഴേക്ക് പതിക്കുന്നതുപോലെയാണ് വിമാനം കണ്ടതെന്നും റോഡരികിൽ വലിയ ഗർത്തം രൂപപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

വെസ്റ്റ് പാം ബീച്ച് വിമാനത്താവളത്തിൽനിന്ന് ഏകദേശം ആറു കിലോമീറ്റർ തെക്കുഭാഗത്താണ് അപകടസ്ഥലം. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനും ഗതാഗത വകുപ്പും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡിന്റെ നേതൃത്വത്തിലാണ് അപകടത്തെക്കുറിച്ചുള്ള അന്വേഷണം.