മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്; ആ‌ർട്ടെമിസ് രണ്ടാം ദൗത്യത്തിന്‍റെ വിക്ഷേപണം ഇന്ന്

ആര്‍ട്ടെമിസ് 2 ദൗത്യ സംഘാംഗങ്ങളെയും വഹിച്ചുകൊണ്ട് എസ്എൽഎസ് റോക്കറ്റ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്ന് ഇന്ന് ഇന്ത്യൻ സമയം പുലർച്ചെ 3.54ന് വിക്ഷേപിക്കും.
ആ‌ർട്ടെമിസ് രണ്ടാം ദൗത്യത്തിന്‍റെ വിക്ഷേപണം ഇന്ന്
Published on

ഫ്ലോറിഡ: മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ആ‌ർട്ടെമിസ് പദ്ധതിയുടെ ഭാഗമായ രണ്ടാം ദൗത്യത്തിന്‍റെ വിക്ഷേപണം ഇന്ന് നടക്കും. ആര്‍ട്ടെമിസ് 2 ദൗത്യ സംഘാംഗങ്ങളെയും വഹിച്ചുകൊണ്ട് എസ്എൽഎസ് റോക്കറ്റ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്ന് ഇന്ന് ഇന്ത്യൻ സമയം പുലർച്ചെ 3.54ന് വിക്ഷേപിക്കും. ഭൂമിയില്‍ നിന്ന് പുറപ്പെട്ട് ചന്ദ്രനെ ചുറ്റി 10 ദിവസം കൊണ്ട് തിരികെയെത്തുകയാണ് ആ‌ർട്ടെമിസ് രണ്ടാം ദൗത്യത്തിന്‍റെ ലക്ഷ്യം. നാല് ചാന്ദ്ര യാത്രികരാണ് ദൗത്യത്തിലുള്ളത്. റീഡ് വൈസ്‌മാൻ- ദൗത്യ കമാൻഡർ, വിക്‌ടർ ഗ്ലോവർ- പൈലറ്റ്, ക്രിസ്റ്റീന കോച്ച്- മിഷൻ സ്പെഷ്യലിസ്റ്റ്, ജെറമി ഹാൻസെൺ (കനേഡിയൻ സ്പേസ് ഏജൻസി)- മിഷൻ സ്പെഷ്യലിസ്റ്റ് എന്നിവരാണ് ആ‌ർട്ടെമിസ് 2 ദൗത്യ സംഘാംഗങ്ങൾ.

ആ‌ർട്ടെമിസ് രണ്ടാം ദൗത്യത്തിന്‍റെ വിക്ഷേപണം ഇന്ന്
നാല് ചാന്ദ്ര യാത്രികരാണ് ദൗത്യത്തിലുള്ളത്. (AP / NASA: Bill Ingalls)

1972-ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് മനുഷ്യനെ വഹിച്ചുകൊണ്ട് പോകുന്ന ആദ്യ ദൗത്യമാണ് ആ‌ർട്ടെമിസ് 2. അപ്പോളോ 17 സംഘം ചന്ദ്രോപരിതലത്തില്‍ കാല്‍ കുത്തിയെങ്കില്‍ ആ‌ർട്ടെമിസ് 2 അംഗങ്ങളെ വഹിക്കുന്ന ഒറൈയോൺ പേടകം 10 ദിവസം കൊണ്ട് ചന്ദ്രനെ വലംവച്ച് ഭൂമിയിലേക്ക് തിരിച്ചുവരികയാണ് ലക്ഷ്യമിടുന്നത്. 2027-ലോ 2028-ലോ നടക്കുന്ന ആർട്ടിമിസ് 3 ദൗത്യത്തിലൂടെയാകും മനുഷ്യൻ വീണ്ടും ചന്ദ്രോപരിതലത്തിൽ ഇറങ്ങുക. 322 അടി അഥവാ 98 മീറ്റർ ഉയരമുള്ള വമ്പൻ എസ്എൽഎസ് റോക്കറ്റ് (സ്പേസ് ലോഞ്ച് സിസ്റ്റം) ഉപയോഗിച്ചാണ് ആ‌ർട്ടെമിസ് രണ്ടാം ദൗത്യം നാസ വിക്ഷേപിക്കുന്നത്. വെറ്റ് ഡ്രെസ് റിഹേഴ്‌സലുകളില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിക്ഷേപണം ഏപ്രിലിലേക്ക് വൈകിയത്. അതേസമയം 2022 അവസാനം നടന്ന ആളില്ലാ ചാന്ദ്ര ദൗത്യമായ ആ‌ർട്ടെമിസ് 1 വിജയമായിരുന്നു. അന്ന് ഒറൈയോൺ പേടകം യാത്രികരെ വഹിക്കാതെ ചന്ദ്രനെ വിജയകരമായി ചുറ്റി ഭൂമിയിലേക്ക് മടങ്ങിവരികയായിരുന്നു.

Related Stories

No stories found.
Metro Australia
maustralia.com.au