

ഒറിജിനൽ കണ്ടന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എക്സ് പ്ലാറ്റ്ഫോമുകളിൽ മോണിറ്റൈസേഷൻ നൽകാനൊരുങ്ങി മസ്‌ക്. യൂട്യൂബിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ പ്രതിഫലം എക്‌സിലൂടെ നൽകുമെന്നാണ് സൂചന. പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്യുന്നവരെ പൂർണമായി ഒഴിവാക്കുകയും മാന്യമായ പ്രതിഫലം നൽകികൊണ്ട് എക്‌സിനെ കൂടുതൽ യൂസർ ഫ്രണ്ട്‌ലി ആക്കി മാറ്റുന്നതിന്റെയും ഭാഗമായാണ് മസ്‌ക്കിന്റെ പുതിയ തീരുമാനം. പ്രതിഫലം നൽകാൻ തീരുമാനിച്ചത് കണ്ടന്റ് ക്രിയേറ്റർമാർക്ക് കൂടുതൽ ഉപയോഗപ്രദമാണെങ്കിലും യൂട്യൂബിന്റെ മുന്നേറ്റത്തിന് ഇത് തിരിച്ചടിയായേക്കും. മോണിറ്റൈസേഷൻ നടപ്പാക്കാത്ത ആപ്പുകൾ ഭാവിയിൽ ഇല്ലാതായേക്കാമെന്ന് ഉപയോക്താക്കൾ മുൻപ് പരാതികൾ ഉന്നയിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് മാസ്കിന്റെ പുതിയ തീരുമാനമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഉപയോക്താക്കൾക്ക് എക്സ് മുൻപ് നൽകിയിരുന്നത് കുറഞ്ഞ പ്രതിഫലം ആയിരുന്നു. കൂടാതെ ഇത് കൃത്യസമത്ത് നൽകുന്നതിന് നിരവധി തവണ തടസ്സങ്ങൾ നേരിട്ടതായും മസ്‌ക് മുൻപ് പറഞ്ഞിട്ടുണ്ട്. കണ്ടന്റ് ക്രിയേറ്റർമാർക്ക് പ്രതിഫലം നൽകുന്നതിൽ യൂട്യൂബ് ഏറെ മുന്നിലാണെന്ന കാര്യവും അദ്ദേഹം തുറന്ന് സമ്മതിച്ചിരുന്നു. ഇതിനൊരു പരിഹാരം ഉടനടി കമ്പനി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകിയിരുന്നു. ഉയർന്ന നിലവാരവും മികച്ച ഉള്ളടക്കങ്ങളും പ്ലാറ്റ്‌ഫോമുകളിൽ ഉറപ്പാക്കാനുള്ള നടപടികൾ കമ്പനികൾ സ്വീകരിച്ച് വരുന്നതായി പ്രോഡക്‌ട് ഹെഡ് നികിത ബയര്‍ അറിയിച്ചു. കണ്ടന്റുകൾക്ക് നൽകുന്ന പ്രതിഫലത്തിന് നിയന്ത്രണം ഉണ്ടാകുമെന്നും, കൃത്രിമമായ എന്‍ഗേജ്‌മെന്‍റും, ബോട്ട് ഉപയോഗപെടുത്തിയുള്ള ക്രമക്കേടുകളും തടയുന്നതിന് കമ്പനി കൃത്യമായ ഇടപെടലുകൾ നടത്തുന്നതായും നികിത ബയര്‍ കൂട്ടിച്ചേർത്തു.