

കീഴടങ്ങാനുള്ള ആവശ്യം ഇറാൻ തള്ളിയതോടെ, ഇറാനെ "അതിശക്തമായി നേരിടുമെന്ന്" അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇതിന് പിന്നാലെ ടെഹ്‌റാനിൽ യുഎസ്-ഇസ്രായേൽ സഖ്യം പുതിയ ഘട്ടം വ്യോമാക്രമണങ്ങൾ ആരംഭിച്ചു. മുമ്പ് ലക്ഷ്യം വയ്ക്കാത്ത ഇടങ്ങളിലേക്ക് പോലും ആക്രമണം വ്യാപിപ്പിക്കാൻ ആലോചിക്കുന്നതായി ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിൽ ട്രംപ് വ്യക്തമാക്കി.
അതേസമയം, ഗൾഫ് രാജ്യങ്ങളിലേക്ക് നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ഖേദം പ്രകടിപ്പിച്ചു. എന്നാൽ അമേരിക്കയ്ക്കും ഇസ്രായേലിനും മുന്നിൽ കീഴടങ്ങില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. ഇറാൻ ആക്രമണത്തെത്തുടർന്ന് ദോഹ, ദുബായ് വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചു. അബുദാബിയിൽ വീണ്ടും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലബനനിൽ ഇസ്രായേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ മരണസംഖ്യ 294 ആയി ഉയർന്നു. കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനിയുടെ പകരക്കാരനെ കണ്ടെത്താൻ ടെഹ്‌റാനിലെ മതനേതാക്കൾ നാളെ യോഗം ചേരും.