അഭിനയത്തിലേക്ക് മേഗൻ മടങ്ങുന്നു; ‘The Gentlemen’ സീരീസിൽ വേഷമെന്ന് റിപ്പോർട്ട്

ഗൈ റിച്ചിയുടെ ഹിറ്റ് കോമഡി-ഡ്രാമ സീരീസായ ‘The Gentlemen’-ലേക്ക് മേഗന് വേഷം ലഭിച്ചതായാണ് വിവരം.
മേഗൻ മാർക്കിൾ വീണ്ടും അഭിനയരംഗത്തേക്ക്
മേഗൻ മാർക്കിൾ
Published on

പ്രിൻസ് ഹാരിയെ വിവാഹം കഴിക്കുന്നതിന് മുമ്പുള്ള അഭിനയജീവിതത്തിലേക്ക് മേഗൻ മാർക്കിൾ, ഡച്ചസ് ഓഫ് സസെക്സ്, തിരിച്ചെത്തുന്നുവെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ അവർ അഭിനയിക്കാൻ പോകുന്ന ബ്രിട്ടീഷ് പ്രൊഡക്ഷനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. വിനോദമേഖലയിലെ വൃത്തങ്ങളെ ഉദ്ധരിച്ച് news.com.au റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഗൈ റിച്ചിയുടെ ഹിറ്റ് കോമഡി-ഡ്രാമ സീരീസായ ‘The Gentlemen’-ലേക്ക് മേഗന് വേഷം ലഭിച്ചതായാണ് വിവരം. മേഗന്റെ അപ്രതീക്ഷിത അഭിനയ തിരിച്ചുവരവ് ആദ്യം റിപ്പോർട്ട് ചെയ്തതും news.com.au ആയിരുന്നു.

റിച്ചി 2019ൽ സംവിധാനം ചെയ്ത അതേ പേരിലുള്ള സിനിമയുടെ സ്പിൻ-ഓഫാണ് നെറ്റ്ഫ്ലിക്സിലെ ‘The Gentlemen’. ബ്രിട്ടനിലാണ് സീരീസ് ചിത്രീകരിക്കുന്നത്. തിയോ ജെയിംസും കായ സ്കോഡെലാരിയോയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രണ്ടാം സീസൺ സെപ്റ്റംബർ ആദ്യവാരം പ്രീമിയർ ചെയ്യാനിരിക്കുകയാണ്. മൂന്നാം സീസണിന് നെറ്റ്ഫ്ലിക്സ് ഔദ്യോഗികമായി പച്ചക്കൊടി കാട്ടിയിട്ടില്ല. എന്നാൽ ആദ്യ സീസൺ സ്ട്രീമിംഗ് പ്ലാറ്റ്ഫോമിന് വലിയ വിജയമായിരുന്നു. മേഗൻ മൂന്നാം സീസണിലായിരിക്കുമോ പ്രത്യക്ഷപ്പെടുകയെന്നത് ഉൾപ്പെടെ, സീരീസിലെ അവരുടെ വേഷം എന്തായിരിക്കുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

മേഗൻ മാർക്കിൾ വീണ്ടും അഭിനയരംഗത്തേക്ക്
മേഗനും ഹാരിയും

അതേസമയം, ഹാരിയും മേഗനും രണ്ട് മക്കളായ പ്രിൻസ് ആർച്ചിയും പ്രിൻസസ് ലിലിബറ്റും ഒപ്പം കാലിഫോർണിയയിൽ നിന്ന് വീണ്ടും ബ്രിട്ടനിലേക്ക് താമസം മാറാൻ ഒരുങ്ങുന്നതായും നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കുട്ടികൾ ഇതിനകം ബ്രിട്ടനിലെ ഒരു സ്കൂളിൽ പ്രവേശനം നേടിയതായും സെപ്റ്റംബർ ആദ്യം പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ ക്ലാസുകളിൽ ചേരുമെന്നുമാണ് വിവരം.

ഹാരിയെ പരിചയപ്പെടുന്നതിന് മുമ്പ് ഹോളിവുഡിൽ മേഗൻ വിജയകരമായ അഭിനയജീവിതം കെട്ടിപ്പടുത്തിരുന്നു. നിയമനാടക സീരീസായ ‘Suits’-ൽ റേച്ചൽ സെയിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതാണ് അവരുടെ ശ്രദ്ധേയമായ വേഷം. ഹാരിയുമായുള്ള ബന്ധം പരസ്യമായതിനു പിന്നാലെ 2017ൽ മേഗൻ ‘Suits’ ഉപേക്ഷിച്ചു. തുടർന്ന് ബ്രിട്ടനിലേക്ക് താമസം മാറി ഹാരിക്കൊപ്പം ജീവിതം ആരംഭിക്കുകയും രാജകുടുംബത്തിലെ ഔദ്യോഗിക ചുമതലകൾ ഏറ്റെടുക്കുകയും ചെയ്തു. അന്ന് തന്റെ തീരുമാനത്തെക്കുറിച്ച് മേഗൻ പറഞ്ഞത്, “ഞാൻ എന്തെങ്കിലും ഉപേക്ഷിക്കുന്നതായി കാണുന്നില്ല; ഇതൊരു മാറ്റമായാണ് കാണുന്നത്. ഇതൊരു പുതിയ വെല്ലുവിളിയാണ്,” എന്നായിരുന്നു. അഭിനയരംഗത്തേക്കുള്ള മേഗന്റെ തിരിച്ചുവരവിന്റെ മറ്റൊരു സൂചന കഴിഞ്ഞ നവംബറിലും ലഭിച്ചിരുന്നു. ആമസോൺ MGM സ്റ്റുഡിയോസിന്റെ Close Personal Friends’ എന്ന ചിത്രത്തിൽ മേഗൻ സ്വന്തം കഥാപാത്രമായാണ് ചെറിയൊരു കാമിയോ വേഷത്തിൽ എത്തുന്നതെന്ന് അന്ന് പുറത്തുവന്നു. ലിലി കോളിൻസ്, ബ്രി ലാർസൺ, ഹെൻറി ഗോൾഡിംഗ്, ജാക്ക് ക്വെയ്ഡ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ‘The Gentlemen’ സംബന്ധിച്ച മേഗന്റെ വേഷത്തെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

Metro Australia
maustralia.com.au