

റൊസാരിയോ: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചതിന് പിന്നാലെ അർജന്റീനയുടെ ചരിത്രപ്രസിദ്ധമായ പത്താം നമ്പർ കുപ്പായം ആരണിയുമെന്ന ആകാംഷയ്ക്ക് വിരാമം. യുവതാരം നിക്കോ പാസിനെയാണ് കോച്ച് ലയണൽ സ്‌കലോണി അടുത്ത പത്താം നമ്പറുകാരനായി തിരഞ്ഞെടുത്തതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇറ്റാലിയൻ ക്ലബ്ബായ കോമോയ്ക്കായി മികച്ച പ്രകടനം പുറത്തെടുക്കുന്ന നിക്കോ പാസ് അർജന്റീനയുടെ ഭാവി സൂപ്പർതാരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
മെസ്സിയുടെ വിരമിക്കലോടെ പത്താം നമ്പർ ജേഴ്‌സിയും പിൻവലിക്കാൻ അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ ആലോചിച്ചിരുന്നെങ്കിലും ഫിഫയുടെ ടൂർണമെന്റ് ചട്ടങ്ങൾ (1 മുതൽ 26 വരെയുള്ള ജേഴ്‌സി നമ്പറുകൾ ടീമുകൾ ഉപയോഗിക്കണം എന്ന നിയമം) കാരണം അത് സാധ്യമായില്ല. തുടർന്നാണ് പരിശീലകൻ യുവതാരത്തിൽ വിശ്വാസമർപ്പിച്ചത്. അതേസമയം, മെസ്സിയോടുള്ള ആദരസൂചകമായി അർജന്റീനയിലെ ലീഗ് മത്സരങ്ങളുടെ പത്താം മിനിറ്റിൽ ഒരു മിനിറ്റ് നേരം കളി നിർത്തിവെച്ച് കൈയടി നൽകാനും ഫുട്‌ബോൾ അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്.