

ബംഗാൾ, തമിഴ്നാട്, കേരളം തുടങ്ങിയ മൂന്ന് പ്രധാനപ്പെട്ട സംസ്ഥാനങ്ങൾ ഭരണമാറ്റത്തിലേക്ക്. അപ്രതീക്ഷിത തോൽവിയേറ്റു വാങ്ങിയ തമിഴ്നാട് രാഷ്ട്രീയമാണ് ഏറെ ഞെട്ടിച്ചത്. കേരളത്തിലും ബംഗാളിലും ഭരണമുന്നണി കടുത്ത മത്സരം നേരിടുമെന്ന് നേരത്തെ പ്രവചിക്കപ്പെട്ടിരുന്നെങ്കിലും ഡിഎംകെയുടെ പതനം അപ്രവചനീയമായിരുന്നു. കേരളത്തിൽ ഏറെ പ്രതീക്ഷയോടെയാണ് ഇരുമുന്നണികളും മത്സരിച്ചത്. നിലവിൽ 100 സീറ്റിനടുത്ത് യുഡിഎഫ് നേടുമെന്നാണ് കണക്കുകൾ പറയുന്നത്. ഒരുസമയത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പോലും സ്വന്തം മണ്ഡലത്തിൽ പിന്നിൽ പോയി. മത്സരിച്ച മന്ത്രിമാരിൽ 12 പേർ തോൽവി മുന്നിൽ കാണുകയാണ്. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വി എൻ വാസവൻ, വി ശിവന്‍കുട്ടി, വീണ ജോർജ്, ഗണേഷ് കുമാർ, ആർ ബിന്ദു, പി രാജീവ്, ഒ ആർ കേളു, അബ്ദുറഹിമാൻ, എം ബി രാജേഷ്, ജെ ചിഞ്ചുറാണി, എ കെ ശശീന്ദ്രൻ, പി പ്രസാദ് എന്നിവർ പിന്നിലാണ്.
ബംഗാളിൽ ഒന്നര പതിറ്റാണ്ട് നീളുന്ന തൃണമൂൽ ഭരണത്തിനാണ് അവസാനമായത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൂടെ പടിപടിയായി ഉയർന്ന ബിജെപി കേവല ഭൂരിപക്ഷം കടന്ന് മുന്നേറുന്ന കാഴ്ചയാണ് ബംഗാളിൽ കാണുന്നത്. എസ്ഐആർ ഉൾപ്പെടെ വലിയ വിവാദങ്ങൾക്ക് സാക്ഷ്യം വഹിച്ചതായികുന്നു ബംഗാളിലെ തെരഞ്ഞെടുപ്പ്. എന്നാൽ ഇക്കുറി ബംഗാളിൽ ന്യൂനപക്ഷ വോട്ടുകൾ ടിഎംസിയെയും രക്ഷിച്ചില്ല എന്നതാണ് വസ്തുത. അതേസമയം തമിഴ്‌നാടിന്‍റെ രാഷ്ട്രീയ ചരിത്രത്തിൽ വലിയൊരു അട്ടിമറിക്കാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പ് സാക്ഷിയാകുന്നത്. 109 സീറ്റുകളുടെ ലീഡോടെ തമിഴ്നാട് തൂത്തുവാരിയിരിക്കുകയാണ് വിജയുടെ ടി വി കെ പാർട്ടി.