

ടോക്കിയോ: വടക്കൻ ജപ്പാനിലെ ഹൊക്കൈഡോ തീരത്ത് തിങ്കളാഴ്ച പുലർച്ചെ 5:24-ഓടെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. സാരാബെത്സു നഗരത്തിന് സമീപം 81 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. നിലവിൽ നാശനഷ്ടങ്ങളോ ജീവഹാനിയോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും തീരദേശ മേഖലകളിൽ ജാഗ്രത തുടരുകയാണ്.
അതേസമയം, വടക്കൻ ജപ്പാനിലെ ഒത്സുച്ചി (Otsuchi) നഗരത്തിന് സമീപമുള്ള മലനിരകളിൽ കഴിഞ്ഞ അഞ്ച് ദിവസമായി പടരുന്ന കാട്ടുതീ ജനവാസ മേഖലകളിലേക്ക് വ്യാപിക്കുന്നത് വലിയ ഭീഷണിയാകുന്നു. ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയും തീ നിയന്ത്രണാതീതമാക്കുകയാണ്. ഒത്സുച്ചിയിലെ മൂന്നിലൊന്ന് ജനങ്ങളോടും (ഏകദേശം 3,257 പേർ) അടിയന്തരമായി വീടുകൾ ഒഴിഞ്ഞുപോവാൻ അധികൃതർ നിർദ്ദേശിച്ചു.
സെൽഫ് ഡിഫൻസ് ഫോഴ്സിലെ ഉദ്യോഗസ്ഥരും 1,400-ഓളം ഫയർഫോഴ്‌സ് അംഗങ്ങളും ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിച്ചുവരികയാണ്. ഇതിനോടകം 1,373 ഹെക്ടറിലധികം വനം കത്തിനശിച്ചു. 2011-ലെ സുനാമി ദുരന്തത്തിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ച ഒത്സുച്ചി നഗരത്തിൽ വീണ്ടും ഒരു ദുരന്തഭീഷണിയുണ്ടായത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ മഴ ലഭിക്കുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടിലാണ് ഇപ്പോൾ രക്ഷാപ്രവർത്തകരുടെ പ്രതീക്ഷ.