

ടോക്കിയോ: ചൈനയുമായുള്ള ബന്ധം വഷളാകുന്നതിനിടെ, തങ്ങളുടെ തെക്കുപടിഞ്ഞാറൻ മേഖലയിൽ ആദ്യമായി ദീർഘദൂര മിസൈലുകൾ വിന്യസിച്ച് ജപ്പാൻ. തെക്കൻ ജപ്പാനിലെ കുമാമോട്ടോ (Kumamoto) മേഖലയിലാണ് അതിവേഗ പ്രഹരശേഷിയുള്ള മിസൈൽ സംവിധാനങ്ങൾ സ്ഥാപിച്ചത്. ഏകദേശം 1,000 കിലോമീറ്റർ പരിധിയുള്ള ഈ മിസൈലുകൾക്ക് ചൈനയുടെ പ്രധാന നഗരമായ ഷാങ്ഹായ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ആഞ്ഞടിക്കാൻ ശേഷിയുണ്ട്. ശത്രുരാജ്യങ്ങളുടെ കടന്നുകയറ്റം തടയാനും രാജ്യത്തിന്റെ പ്രതിരോധം ശക്തമാക്കാനുമുള്ള സുപ്രധാന നീക്കമാണിതെന്ന് ജപ്പാൻ പ്രതിരോധ മന്ത്രി ഷിൻജിറോ കൊയ്‌സുമി പറഞ്ഞു.
കിഴക്കൻ ചൈന കടലിൽ ചൈനയുടെ നാവിക സാന്നിധ്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ജപ്പാന്റെ ഈ നടപടി. കൂടാതെ, വിദൂര ദ്വീപുകളുടെ സംരക്ഷണത്തിനായി അത്യാധുനിക 'ഹൈപ്പർ വെലോസിറ്റി ഗ്ലൈഡിംഗ് പ്രൊജക്റ്റൈലുകൾ' ഷിസുവോക്ക (Shizuoka) തീരത്തും വിന്യസിച്ചിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം പ്രതിരോധത്തിന് മാത്രം മുൻഗണന നൽകിയിരുന്ന ജപ്പാൻ, സമീപകാലത്ത് ചൈന, റഷ്യ, വടക്കൻ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഭീഷണി കണക്കിലെടുത്ത് തങ്ങളുടെ സൈനിക ശേഷി വൻതോതിൽ വർദ്ധിപ്പിക്കുകയാണ്.
തായ്‌വാന് നേരെ ചൈന നടത്തുന്ന നീക്കങ്ങളിൽ സൈനികമായി ഇടപെടാൻ സാധ്യതയുണ്ടെന്ന് ജപ്പാൻ പ്രധാനമന്ത്രി സനേ തകായ്‌ച്ചി നേരത്തെ സൂചന നൽകിയിരുന്നു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കി. അതേസമയം, മിസൈലുകൾ വിന്യസിക്കുന്നത് തങ്ങളുടെ പ്രദേശം ശത്രുക്കളുടെ പ്രധാന ലക്ഷ്യമായി മാറാൻ കാരണമാകുമെന്ന് ആരോപിച്ച് പ്രാദേശിക ജനവിഭാഗങ്ങൾക്കിടയിൽ പ്രതിഷേധം ശക്തമാണ്. മുൻകൂട്ടി അറിയിക്കാതെ സൈനിക താവളങ്ങളിലേക്ക് മിസൈൽ ലോഞ്ചറുകൾ എത്തിച്ചതിനെതിരെ കുമാമോട്ടോയിൽ ജനങ്ങൾ പ്രകടനം നടത്തി.