യുഎസ് - ഇറാൻ പോര് മുറുകുന്നു: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ പാലം തകർത്തു

ബഹ്റൈനിലെ ആമസോൺ ക്ലൗഡ് കംപ്യൂട്ടിങ് സെന്ററിന് നേരെ ഇറാൻ ആക്രമണം നടത്തി. ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോർ (IRGC) ആണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.
യുഎസ് - ഇറാൻ പോര് മുറുകുന്നു: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ പാലം തകർത്തു
@iribnews_irib/X)
Published on

ടെഹ്‌റാൻ/വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം ആറാം വാരത്തിലേക്ക് കടക്കുമ്പോൾ അമേരിക്കയും ഇറാനും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടൽ അതിരൂക്ഷമാകുന്നു. ഇറാനെ ശിലായുഗത്തിലേക്ക് തിരിച്ചയയ്ക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ, ബഹ്റൈനിലെ ആമസോൺ ക്ലൗഡ് കംപ്യൂട്ടിങ് സെന്ററിന് നേരെ ഇറാൻ ആക്രമണം നടത്തി. ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോർ (IRGC) ആണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ആമസോണിന്റെ തന്ത്രപ്രധാനമായ ഡാറ്റാ സെന്ററിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് ഇറാനിയൻ വാർത്താ ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു.

ജോർദാനിലെ അൽ അസ്റാഖ് സൈനികത്താവളത്തിൽ യുഎസിന്റെ അത്യാധുനിക യുദ്ധവിമാനത്തിന് നേരെ ഡ്രോൺ ആക്രമണം നടത്തിയതായും ഇറാൻ അവകാശപ്പെട്ടു. അതേസമയം, ടെഹ്‌റാനിലെ കറാജിൽ നിർമ്മാണത്തിലിരുന്ന ബി-1 പാലം യുഎസ് വ്യോമാക്രമണത്തിൽ തകർന്നു. പശ്ചിമേഷ്യയിലെ ഏറ്റവും ഉയരം കൂടിയ പാലമായി വിഭാവനം ചെയ്തതായിരുന്നു ഇത്. ശത്രുരാജ്യങ്ങളുടെ തന്ത്രപ്രധാനമായ നിർമ്മാണ പ്രവർത്തനങ്ങൾ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎസ് ഈ ആക്രമണം നടത്തിയത്.

ഹോർമുസ് കടലിടുക്ക് തുറക്കാൻ ആഗോള നീക്കം; ഇന്ത്യയും ചർച്ചയിൽ

ഇറാൻ ഉപരോധിച്ചിരിക്കുന്ന ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ബ്രിട്ടൻ വിളിച്ച ഉന്നതതല യോഗത്തിൽ ഇന്ത്യയും പങ്കെടുക്കും. ജി7 രാജ്യങ്ങൾ ഉൾപ്പെടെ 35 രാജ്യങ്ങൾ പങ്കെടുക്കുന്ന ഓൺലൈൻ യോഗത്തിൽ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി രാജ്യത്തെ പ്രതിനിധീകരിക്കും. എൽപിജി, എൽഎൻജി തുടങ്ങിയ അവശ്യ ഉൽപ്പന്നങ്ങളുമായി വരുന്ന ഇന്ത്യൻ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. നയതന്ത്ര ചർച്ചകളുടെ ഫലമായി കഴിഞ്ഞ ദിവസങ്ങളിൽ ആറ് ഇന്ത്യൻ കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു.

Related Stories

No stories found.
Metro Australia
maustralia.com.au