'ഹോർമുസ് അടച്ചിട്ടില്ല, പക്ഷേ ശത്രുക്കൾക്ക് പ്രവേശനമില്ല'; ട്രംപിന് മറുപടിയുമായി ഇറാൻ പ്രസിഡന്റ്

ഹോർമുസ് തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾ തകർക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയായാണ് പെസെഷ്കിയാൻ രംഗത്തെത്തിയത്.
Iran President Pezeshkian
ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ
Published on

ടെഹ്റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിട്ടില്ലെന്നും എന്നാൽ രാജ്യത്തെ എതിർക്കുന്നവർക്ക് അവിടെ പ്രവേശനമുണ്ടാകില്ലെന്നും വ്യക്തമാക്കി പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ഹോർമുസ് തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾ തകർക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയായാണ് പെസെഷ്കിയാൻ രംഗത്തെത്തിയത്. തന്റെ ഔദ്യോഗിക 'എക്സ്' (X) അക്കൗണ്ടിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

ഇറാനെ ഭൂപടത്തിൽ നിന്ന് ഇല്ലാതാക്കാമെന്നത് ചിലരുടെ മിഥ്യാധാരണ മാത്രമാണെന്നും അത്തരം ഭീഷണികൾ ഇറാനിയൻ ജനതയുടെ ഐക്യം വർദ്ധിപ്പിക്കുകയേ ഉള്ളൂവെന്നും അദ്ദേഹം കുറിച്ചു. സമാധാനപരമായി എത്തുന്ന എല്ലാവർക്കും ഹോർമുസ് പാത തുറന്നുതന്നെ കിടക്കും. എന്നാൽ ഇറാന്റെ പരമാധികാരത്തെയും മണ്ണിനെയും ചോദ്യം ചെയ്യുന്നവർക്ക് അവിടെ അനുവാദമുണ്ടാകില്ല. യുദ്ധക്കളത്തിൽ നിന്നുള്ള ഇത്തരം ഭ്രാന്തൻ പ്രസ്താവനകളെ ഇറാൻ ശക്തമായി നേരിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ലോകത്തെ എണ്ണക്കടത്തിന്റെ മുഖ്യ സിരയായ ഹോർമുസ് കടലിടുക്കിനെ ചൊല്ലിയുള്ള തർക്കം ഇതോടെ പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. നിലവിൽ യുഎസ്-ഇസ്രായേൽ സഖ്യവുമായി കടുത്ത സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പെസെഷ്കിയാന്റെ വാക്കുകൾക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ഇറാന്റെ ഇച്ഛാശക്തിയെ പരീക്ഷിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെങ്കിൽ അത് നിരാശയിൽ കലാശിക്കുമെന്നും ഇറാൻ പ്രസിഡന്റ് കൂട്ടിച്ചേർത്തു.

Related Stories

No stories found.
Metro Australia
maustralia.com.au