

ടെഹ്‌റാൻ: അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കാനായി പുതിയ സമാധാന നിർദ്ദേശം ഇറാൻ മുന്നോട്ടുവെച്ചതായി ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാകിസ്ഥാൻ വഴിയാണ് ഈ നിർദ്ദേശം യുഎസിന് കൈമാറിയിരിക്കുന്നത്. ഇസ്‌ലാമാബാദിൽ നടന്ന മുൻപത്തെ ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിൽ, പുതിയ നിർദ്ദേശം യുദ്ധം അവസാനിപ്പിക്കുന്നതിലേക്ക് നയിക്കുമെന്ന പ്രതീക്ഷയിലാണ് നയതന്ത്ര ലോകം. ഇറാന്റെ നീക്കത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി.
ഹോർമുസ് കടലിടുക്കിന് മേലുള്ള നിയന്ത്രണം ഇറാൻ തുടരുന്നതും, ഇറാനിയൻ തുറമുഖങ്ങൾ അമേരിക്ക ഉപരോധിച്ചതും ആഗോളതലത്തിൽ ഇന്ധന-വളക്ഷാമത്തിന് കാരണമായിരുന്നു. ഇറാന്റെ പുതിയ നിർദ്ദേശത്തെക്കുറിച്ച് വൈറ്റ് ഹൗസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, ചർച്ചകൾ തുടരുകയാണെന്ന് വക്താവ് അന്ന കെല്ലി വ്യക്തമാക്കി. ഇറാൻ ഒരു കാരണവശാലും ആണവായുധം കൈവശം വെക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉറച്ചുനിൽക്കുകയാണ്.
യുദ്ധം മൂലം അമേരിക്കയിൽ ഇന്ധനവില വർദ്ധിക്കുന്നതും പണപ്പെരുപ്പം ഉയരുന്നതും നവംബറിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ട്രംപിന് വലിയ വെല്ലുവിളിയാണ്. യുദ്ധം അവസാനിച്ചാൽ പെട്രോൾ വില കുത്തനെ കുറയുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. എന്നാൽ ചർച്ചകളിൽ നിന്ന് ഉടനടി ഫലം പ്രതീക്ഷിക്കേണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കിലും തങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന നിബന്ധനകൾ അംഗീകരിക്കില്ലെന്നാണ് ഇറാന്റെ നിലപാട്.