യുദ്ധമോ വെടിനിർത്തലോ? അമേരിക്ക നിലപാട് വ്യക്തമാക്കണമെന്ന് ഇറാൻ; ലെബനനിൽ ഇസ്രായേൽ ആക്രമണം തുടരുന്നു

ബെയ്‌റൂട്ടിലും പരിസരങ്ങളിലും ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ നൂറിലധികം പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം.
iran foreign minister
iran foreign minister
Published on

ടെഹ്‌റാൻ: ലെബനനിൽ ഇസ്രായേൽ തുടരുന്ന സൈനിക നടപടികളിൽ അമേരിക്കയുടെ നിലപാടിനെ ചോദ്യം ചെയ്ത് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. മേഖലയിൽ സമാധാനം വേണോ അതോ ഇസ്രായേലിനെ മുൻനിർത്തിയുള്ള യുദ്ധം തുടരണോ എന്ന കാര്യത്തിൽ വാഷിംഗ്ടൺ വ്യക്തമായ തീരുമാനം എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബെയ്‌റൂട്ടിലും പരിസരങ്ങളിലും ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ നൂറിലധികം പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം.

ഒരേസമയം വെടിനിർത്തലിനെക്കുറിച്ച് സംസാരിക്കുകയും മറുഭാഗത്ത് ഇസ്രായേലിന്റെ യുദ്ധനീക്കങ്ങൾക്ക് ഒത്താശ ചെയ്യുകയും ചെയ്യുന്ന അമേരിക്കൻ നയം അംഗീകരിക്കാനാവില്ലെന്ന് അരാഗ്ചി വ്യക്തമാക്കി. വെടിനിർത്തൽ നിബന്ധനകൾ ലംഘിക്കപ്പെടുകയാണെന്നും രണ്ടിലൊന്ന് തിരഞ്ഞെടുക്കാൻ അമേരിക്ക തയ്യാറാകണമെന്നും അദ്ദേഹം എക്സിലൂടെ (X) ഓർമ്മിപ്പിച്ചു. പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ സമാധാനാഹ്വാനം പങ്കുവെച്ചുകൊണ്ടായിരുന്നു ഇറാന്റെ ഈ പരസ്യ പ്രതികരണം.

ലെബനനിലെ സാധാരണക്കാരുടെ കൂട്ടക്കൊലയ്ക്ക് ലോകം സാക്ഷിയാണെന്ന് പറഞ്ഞ അരാഗ്ചി, അമേരിക്ക നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടുമോ എന്ന് അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുകയാണെന്നും കൂട്ടിച്ചേർത്തു. എന്നാൽ, ലെബനനിൽ ഇപ്പോൾ നടത്തുന്ന ആക്രമണങ്ങൾ വെടിനിർത്തൽ കരാറിന്റെ പരിധിയിൽ വരുന്നതല്ലെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രസ്താവന ചർച്ചകളെ കൂടുതൽ സങ്കീർണ്ണമാക്കുകയാണ്. അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്കിടയിലും ആക്രമണം തുടരുന്നത് പശ്ചിമേഷ്യയിൽ സമ്പൂർണ്ണ യുദ്ധഭീതി വർദ്ധിപ്പിക്കുന്നു.

Metro Australia
maustralia.com.au