

ജക്കാർത്ത: ഇന്തോനേഷ്യയിൽ മാസങ്ങളായി തുടരുന്ന കാട്ടുതീയിൽ നിന്നുയർന്ന വിഷപ്പുക ശ്വസിച്ച് സെപ്റ്റംബറിൽ മാത്രം 3,560 പേർ മരണപ്പെട്ടതായി അന്താരാഷ്ട്ര പരിസ്ഥിതി ഗവേഷണ സംഘടനയായ സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയറിന്റെ (CREA) പഠനം. ഓഗസ്റ്റിലെ കണക്കുകളേക്കാൾ ഇരട്ടി വർദ്ധനവാണ് സെപ്റ്റംബറിലെ മരണനിരക്കിൽ രേഖപ്പെടുത്തിയത്. കാട്ടുതീ പുകയ്ക്ക് പുറമെ വ്യാവസായിക, ഗതാഗത മാലിന്യങ്ങൾ മൂലമുണ്ടായ അന്തരീക്ഷ മലിനീകരണവും കൂടി ചേർത്താൽ സെപ്റ്റംബറിലെ ആകെ മരണം 5,310 ആയി ഉയർന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ 5.78 കോടിയിലധികം ആളുകൾ അതീവ ഗുരുതരമായ മലിനവായു ശ്വസിക്കാൻ നിർബന്ധിതരായി. രക്തത്തിലേക്കും ശ്വാസകോശത്തിലേക്കും നേരിട്ട് പ്രവേശിക്കാൻ ശേഷിയുള്ള പിഎം2.5 (PM2.5) കണികകളുടെ അളവ് ലോകാരോഗ്യ സംഘടന നിശ്ചയിച്ചിട്ടുള്ള വാർഷിക പരിധിയേക്കാൾ ദേശീയതലത്തിൽ ഏഴിരട്ടിയും ബോർണിയോയിലെ കലിമന്താനിൽ 24 ഇരട്ടിയും ഉയർന്ന നിലയിലാണ്. കലിമന്താൻ, സുമാത്ര, ജാവ ദ്വീപുകളിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്തുടനീളം 3.3 ലക്ഷത്തിലധികം ആളുകൾക്ക് കടുത്ത ശ്വാസകോശ രോഗങ്ങൾ (Acute Respiratory Infection) ബാധിച്ചതായും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. എൽ നിനോ പ്രതിഭാസത്തെ തുടർന്നുള്ള കടുത്ത വരൾച്ചയും തടി, പാം ഓയിൽ കമ്പനികൾ കാടുകൾ വെട്ടിത്തെളിച്ച് തീയിടുന്ന 'സ്ലാഷ് ആൻഡ് ബേൺ' രീതിയുമാണ് കാട്ടുതീ പടരാൻ പ്രധാന കാരണം.
ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 19 ലക്ഷത്തിലധികം ഹെക്ടർ വനഭൂമി കത്തിനശിച്ചതായി ഉപഗ്രഹ നിരീക്ഷണ ഏജൻസിയായ നുസന്താര അറ്റ്ലസ് വ്യക്തമാക്കി. ഇന്തോനേഷ്യയിൽ നിന്നുള്ള പുക മലേഷ്യ, സിംഗപ്പൂർ, ഫിലിപ്പീൻസ് തുടങ്ങിയ അയൽരാജ്യങ്ങളിലേക്കും വ്യാപിച്ചതോടെ നയതന്ത്ര ബന്ധങ്ങളിലും വിള്ളലുകൾ വീണിട്ടുണ്ട്. ദുരന്തനിവാരണ ഏജൻസികളുടെ ബജറ്റ് വെട്ടിച്ചുരുക്കിയതും കരിനിലങ്ങൾ (Peatlands) സംരക്ഷിക്കുന്നതിൽ വന്ന വീഴ്ചയുമാണ് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചതെന്ന് പരിസ്ഥിതി വിദഗ്ദ്ധർ കുറ്റപ്പെടുത്തുന്നു.