ഫ്രാൻസിൽ കനത്ത കലാപം: കൊള്ളയും തീവെപ്പും, 1,800 പേർ അറസ്റ്റിൽ;പ്രസിഡന്റ് രാജ്യത്തെ അഭിസംബോധന ചെയ്യും

പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നുണ്ടായ ഇന്ധനവിലക്കയറ്റവും പണപ്പെരുപ്പവുമാണ് പ്രതിഷേധങ്ങൾക്ക് തിരികൊളുത്തിയത്.
ഫ്രാൻസിൽ കനത്ത കലാപം: കൊള്ളയും തീവെപ്പും, 1,800 പേർ അറസ്റ്റിൽ;പ്രസിഡന്റ് രാജ്യത്തെ അഭിസംബോധന ചെയ്യും
Reuters: Abdul Saboor
Published on: 

പാരിസ്: ജീവിതച്ചെലവ് വർധനവിനെതിരെ ഫ്രാൻസിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം അക്രമാസക്തമായ കലാപത്തിലേക്ക് വഴിമാറിയതോടെ രാജ്യം കടുത്ത പ്രതിസന്ധിയിൽ. രാജ്യവ്യാപകമായി ഉണ്ടായ കൊള്ളിവെപ്പിലും അക്രമങ്ങളിലും വ്യാപാര സ്ഥാപനങ്ങൾ തകർത്തതിലും ഉൾപ്പെട്ട് 1,800-ലധികം ആളുകളെ പോലീസ് അറസ്റ്റ് ചെയ്തു. തലസ്ഥാനമായ പാരിസിൽ മാത്രം റെക്കോർഡ് എണ്ണമായ 557 പേരാണ് നിലവിൽ കസ്റ്റഡിയിലുള്ളത്. ലിമോഷ് (Limoges) നഗരത്തിലെ പത്തൊൻപതാം നൂറ്റാണ്ടിലെ ചരിത്രപ്രസിദ്ധമായ ടൗൺ ഹാൾ പ്രക്ഷോഭകർ തീയിട്ട് നശിപ്പിച്ചു.

പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നുണ്ടായ ഇന്ധനവിലക്കയറ്റവും പണപ്പെരുപ്പവുമാണ് പ്രതിഷേധങ്ങൾക്ക് തിരികൊളുത്തിയത്. യെല്ലോ വെസ്റ്റ് (Yellow Vest) മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ നടന്ന റാലികളിൽ രാജ്യത്തുടനീളം അഞ്ചര ലക്ഷത്തിലധികം ആളുകൾ പങ്കെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു; എന്നാൽ എട്ട് ലക്ഷത്തോളം പേർ പങ്കെടുത്തതായാണ് ട്രേഡ് യൂണിയനുകൾ അവകാശപ്പെടുന്നത്. പാരിസ്, മാഴ്സെയിൽ, ബോർഡോ, ലിയോൺ, നീസ്, സ്ട്രാസ്ബർഗ് തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം വൻതോതിൽ കൊള്ളയും തീവെപ്പും നടന്നു. ആയിരത്തഞ്ഞൂറോളം കടകൾ തകർക്കപ്പെട്ടതായും കോടിക്കണക്കിന് യൂറോയുടെ നാശനഷ്ടം സംഭവിച്ചതായും വ്യാപാര സംഘടനകൾ വ്യക്തമാക്കി.

പോലീസുകാരും അഗ്നിശമന സേനാംഗങ്ങളും അടക്കം അഞ്ഞൂറോളം സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. സെന്റ്-എറ്റിയെനിൽ ഉണ്ടായ സംഘർഷത്തിൽ ഗ്രനേഡ് പൊട്ടിത്തെറിച്ച് 17 വയസ്സുകാരന്റെ വലതുകൈപ്പത്തി അറ്റുപോയി. ആറുമാസത്തിനകം പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉണ്ടായ ഈ അക്രമങ്ങൾ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് കനത്ത രാഷ്ട്രീയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ക്രമസമാധാന നില തകർന്ന പശ്ചാത്തലത്തിൽ അടിയന്തര മന്ത്രിസഭാ യോഗത്തിന് ശേഷം മാക്രോൺ രാജ്യത്തെ അഭിസംബോധന ചെയ്യും.

Metro Australia
maustralia.com.au