

ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചായ ബിനാൻസിൽനിന്ന് 6.3 ബില്യൺ യുഎസ് ഡോളറിന്റെ (ഏകദേശം 6.9 ബില്യൺ ഡോളർ) ഡിജിറ്റൽ ആസ്തികൾ മോഷ്ടിച്ചതിന് പിന്നിൽ ഉത്തരകൊറിയയാണെന്ന് യുഎസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ). ചരിത്രത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ കവർച്ചയായാണ് ഈ സംഭവത്തെ വിലയിരുത്തുന്നത്. ഉത്തരകൊറിയൻ ഭരണകൂടത്തിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന 'ട്രേഡർ ട്രെയ്റ്റർ' എന്ന ഹാക്കിങ് സംഘമാണ് സൈബർ ആക്രമണത്തിന് പിന്നിലെന്ന് എഫ്ബിഐ പ്രസ്താവനയിൽ ആരോപിച്ചു. വ്യാഴാഴ്ചയാണ് ബിറ്റ്‌കോയിൻ ഉൾപ്പെടെയുള്ള ഡിജിറ്റൽ കറൻസികൾ ബിനാൻസിൽനിന്ന് മോഷ്ടിക്കപ്പെട്ടത്. ഉത്തരകൊറിയൻ ഹാക്കിങ് സംഘങ്ങളുടെ രീതികളുമായി ആക്രമണത്തിന് സാമ്യമുണ്ടെന്ന് ക്രിപ്‌റ്റോ വിദഗ്ധരും നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
മോഷ്ടിക്കപ്പെട്ട തുകയുടെ നഷ്ടം പൂർണമായും നികത്തുമെന്ന് ബിനാൻസ് വ്യക്തമാക്കി. ഇതിനായി കമ്പനിയുടെ സ്വന്തം ഫണ്ട് ഉപയോഗിച്ച് ആവശ്യമായ ടോക്കണുകൾ വാങ്ങിയതായും നഷ്ടമായ ആസ്തികളുടെ 90 ശതമാനവും പുനഃസ്ഥാപിക്കാൻ കഴിഞ്ഞതായും കമ്പനി അറിയിച്ചു. മോഷ്ടിച്ച പണം വെളുപ്പിക്കുന്നത് തടയാൻ സഹായിക്കണമെന്ന് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളോടും ബ്ലോക്ക്‌ചെയിൻ വിശകലന കമ്പനികളോടും മറ്റ് സ്ഥാപനങ്ങളോടും എഫ്ബിഐ ആവശ്യപ്പെട്ടു. മോഷ്ടിച്ച ആസ്തികളുമായി ബന്ധമുള്ള വിവിധ ഡിജിറ്റൽ വിലാസങ്ങളിൽനിന്നുള്ള ഇടപാടുകൾ തടയണമെന്നും നിർദേശിച്ചു.
മോഷ്ടിച്ച ആസ്തികൾ പ്രധാനമായും എതീരിയം എന്ന ക്രിപ്‌റ്റോകറൻസിയിലേക്ക് മാറ്റുന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് എഫ്ബിഐ അറിയിച്ചു. ഇനി വികേന്ദ്രീകൃത ധനകാര്യ സംവിധാനങ്ങളായ ഡിഫൈ (DeFi), തൽക്ഷണ ക്രിപ്‌റ്റോ സ്വാപ്പ് സേവനങ്ങൾ എന്നിവ ഉപയോഗിച്ച് ആസ്തികൾ മാറ്റാൻ ഹാക്കർമാർ ശ്രമിച്ചേക്കാമെന്നും മുന്നറിയിപ്പുണ്ട്. പിന്നീട് ഈ പണം കൂടുതൽ സങ്കീർണമായ രീതിയിൽ വെളുപ്പിക്കാനും സാധ്യതയുണ്ടെന്ന് ഏജൻസി വ്യക്തമാക്കി. കഴിഞ്ഞ വർഷം ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോമായ ബൈബിറ്റിൽനിന്ന് 1.5 ബില്യൺ ഡോളർ മോഷ്ടിച്ച ആക്രമണത്തിന് പിന്നിലും ഇതേ സംഘമാണെന്നാണ് എഫ്ബിഐയുടെ കണ്ടെത്തൽ.
മോഷ്ടിച്ച പണം കണ്ടെത്താൻ 'പൂച്ചയും എലിയും' കളി
മോഷ്ടിച്ച ഡിജിറ്റൽ ആസ്തികൾ ചെറിയ ഭാഗങ്ങളാക്കി വിഭജിച്ച് നിരീക്ഷണം ഒഴിവാക്കാൻ ചെറുകിട എക്‌സ്‌ചേഞ്ചുകളിലൂടെ കൈമാറ്റം ചെയ്യാനായിരിക്കും ഹാക്കർമാരുടെ ശ്രമമെന്ന് ബ്ലോക്ക്‌ചെയിൻ ഇന്റലിജൻസ് സ്ഥാപനമായ ടിആർഎം ലാബ്‌സിന്റെ ചീഫ് പോളിസി ഓഫീസർ ആരി റെഡ്ബോർഡ് പറഞ്ഞു. ഈ പണം വെളുപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ മാസങ്ങളോളം നീണ്ടേക്കാമെന്നും അദ്ദേഹം വിലയിരുത്തി. “ഇന്റർനെറ്റിന്റെ വേഗതയിൽ നടക്കുന്ന ബാങ്ക് കവർച്ചയാണിത്,” അദ്ദേഹം പറഞ്ഞു. അതേസമയം, മോഷ്ടിച്ച പണം തത്സമയം പിന്തുടരാനും അന്വേഷണത്തിലൂടെ ഇടപാടുകൾ തടയാനും ആസ്തികൾ തിരിച്ചുപിടിക്കാനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹാക്കർമാരും അന്വേഷണ ഏജൻസികളും തമ്മിലുള്ളത് പൂച്ചയും എലിയും തമ്മിലുള്ള കളിപോലെയാണെന്നും അദ്ദേഹം പറഞ്ഞു.
90 ശതമാനം ആസ്തികളും തിരിച്ചുപിടിച്ചെന്ന് ബിനാൻസ്
മോഷണം നടന്ന അതേ ഡിജിറ്റൽ കറൻസിയിൽ ആവശ്യമായ തുകയുടെ 90 ശതമാനവും കൈവശമുണ്ടെന്നും നഷ്ടത്തിന്റെ സാമ്പത്തിക ആഘാതം പൂർണമായും ഏറ്റെടുക്കുമെന്നും ബിനാൻസ് ശനിയാഴ്ച എക്‌സിലൂടെ അറിയിച്ചു. ശേഷിക്കുന്ന പത്ത് ശതമാനം എളുപ്പത്തിൽ വിൽക്കാനോ കൈമാറ്റം ചെയ്യാനോ കഴിയാത്ത ടോക്കണുകളാണ്. ആവശ്യമായ അളവിൽ ഇവ ലഭ്യമാക്കാൻ കൂടുതൽ സമയമെടുക്കുമെന്നും കമ്പനി വ്യക്തമാക്കി.
സൈബർ ആക്രമണത്തെത്തുടർന്ന് ഉപയോക്താക്കളുടെ പണം പിൻവലിക്കാനുള്ള സൗകര്യം ബിനാൻസ് താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ഏറ്റവും പുതിയ അറിയിപ്പനുസരിച്ച് ഞായറാഴ്ചയോടെ പിൻവലിക്കൽ സേവനങ്ങൾ പുനരാരംഭിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.