ഒലെഷ്കിയിൽനിന്ന് നൂറുകണക്കിന് പേർക്ക് മോചനം; വെടിനിർത്തലിൽ കുടുംബങ്ങൾ ഒന്നിച്ചു

അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപിന്റെ ഇടപെടലോടെയാണ് വെടിനിർത്തലിന് ധാരണയായതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
ഒലെഷ്കിയിൽനിന്ന് നൂറുകണക്കിന് പേർക്ക് മോചനം; വെടിനിർത്തലിൽ പുനഃസംഗമം
(Reuters: Valentyn Ogirenko)
Published on: 

റഷ്യൻ അധിനിവേശത്തിലുള്ള യുക്രെയ്‌നിലെ തെക്കൻ നഗരമായ ഒലെഷ്കിയിൽനിന്ന് ഒഴിപ്പിക്കപ്പെട്ടവർ യുക്രെയ്‌നിൽ സുരക്ഷിതമായി എത്തി. 2022-ൽ റഷ്യ അധിനിവേശം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട വെടിനിർത്തൽ നടപടികളിലൊന്നിന്റെ ഭാഗമായാണ് ജനങ്ങളെ ഒഴിപ്പിച്ചത്. യുക്രെയ്‌നിലെ ഖെർസൺ മേഖലയിൽ ചൊവ്വാഴ്ച പ്രാദേശിക സമയം പുലർച്ചെ മൂന്നിന് ആരംഭിച്ച വെടിനിർത്തൽ ഞായറാഴ്ച വൈകുന്നേരം വരെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപിന്റെ ഇടപെടലോടെയാണ് വെടിനിർത്തലിന് ധാരണയായതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

ഒലെഷ്കിയിൽ അവശേഷിക്കുന്ന ഏകദേശം 2,000 പേർക്ക് യുക്രെയ്ൻ നിയന്ത്രണത്തിലുള്ള പ്രദേശത്തേക്കോ റഷ്യൻ നിയന്ത്രണത്തിലുള്ള മേഖലയിലേക്കോ പോകാനും അല്ലെങ്കിൽ ഭക്ഷണവും മെഡിക്കൽ സാമഗ്രികളും എത്തിച്ചുനൽകിയ നഗരത്തിൽ തുടരാനും അവസരം നൽകിയിരുന്നു. യുക്രെയ്ൻ നിയന്ത്രണത്തിലുള്ള പ്രദേശത്തേക്ക് പോകാൻ തീരുമാനിച്ചവരെ ആദ്യം റഷ്യയിലെ അനാപ നഗരത്തിലേക്കും അവിടെനിന്ന് വിമാനമാർഗം ബെലാറസിലെ ഹോമൽ നഗരത്തിലേക്കും എത്തിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുക്രെയ്ൻ മനുഷ്യാവകാശ കമ്മീഷണർ ദിമിത്രോ ലുബിനെറ്റ്സും ഇവർക്കൊപ്പമുണ്ടായിരുന്നു. എത്രപേർ നഗരം വിട്ടുവെന്ന കൃത്യമായ കണക്ക് റഷ്യയോ യുക്രെയ്‌നോ പുറത്തുവിട്ടിട്ടില്ല. എന്നാൽ മാനുഷിക സഹായവുമായി എത്തിയ വാഹനവ്യൂഹത്തിന് 750-ലധികം പേരെ സുരക്ഷിതമായി ഒഴിപ്പിക്കാനാകുമെന്ന് മെലാനിയ ട്രംപ് വെള്ളിയാഴ്ച സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചിരുന്നു.

ഒലെഷ്കിയിൽനിന്ന് നൂറുകണക്കിന് പേർക്ക് മോചനം; വെടിനിർത്തലിൽ പുനഃസംഗമം
(Reuters: Valentyn Ogirenko)

രണ്ടുവർഷത്തിലേറെയായി വേർപിരിഞ്ഞ കുടുംബങ്ങൾ വീണ്ടും ഒന്നിക്കുന്നു

ശനിയാഴ്ച യുക്രെയ്ൻ-ബെലാറസ് അതിർത്തിയിൽ ബന്ധുക്കൾ ഒഴിപ്പിക്കപ്പെട്ടവരെ കാത്തുനിന്നു. സഹായകേന്ദ്രങ്ങൾ, ഭക്ഷണവും കാപ്പിയും ലഭ്യമാക്കുന്ന സ്റ്റാളുകൾ എന്നിവയും അതിർത്തിയിൽ ഒരുക്കിയിരുന്നു. ഒഴിപ്പിക്കപ്പെടുന്നവർ കൂടെ കൊണ്ടുവന്ന വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷണവും സജ്ജമാക്കിയിരുന്നു. റെഡ് ക്രോസ്, ഡോക്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ്, വേൾഡ് സെൻട്രൽ കിച്ചൺ തുടങ്ങിയ സംഘടനകളുടെ സന്നദ്ധപ്രവർത്തകരും സഹായവുമായി എത്തിയിരുന്നു.

രണ്ടുവർഷത്തിലേറെയായി പിതാവിനെ കാണാതിരുന്ന ലിസ പാലിയും അതിർത്തിയിൽ കാത്തുനിന്നവരിൽ ഒരാളായിരുന്നു. റഷ്യൻ അധിനിവേശം ആരംഭിച്ചപ്പോൾ ലിസയും അമ്മയും സഹോദരിയും നഗരം വിട്ടെങ്കിലും പിതാവ് അവിടെത്തന്നെ തുടരുകയായിരുന്നു. “അന്ന് ഒന്നോ രണ്ടോ മാസത്തിനുള്ളിൽ തിരിച്ചെത്താമെന്നാണ് കരുതിയത്. എന്നാൽ നിർഭാഗ്യവശാൽ രണ്ടുവർഷം പിന്നിട്ടു,” ലിസ പറഞ്ഞു. ഏകദേശം ഒരു മാസമായി വിവരമൊന്നുമില്ലാതിരുന്ന പിതാവ് മിഖായിലോയെ കാണാനായിരുന്നു ദാരിയ പാവ്‌ലിനും കാത്തുനിന്നത്. സമീപത്തുണ്ടായ ആക്രമണത്തിൽ രണ്ട് അയൽവാസികൾ കൊല്ലപ്പെട്ടതിനെത്തുടർന്ന് കുടുംബത്തോടൊപ്പം പ്രദേശം വിടാൻ പിതാവ് തീരുമാനിച്ചിരുന്നു. എന്നാൽ വീടും വളർത്തുമൃഗങ്ങളും നോക്കാനുള്ള ക്രമീകരണങ്ങൾ നടക്കാതെ വന്നതോടെ അദ്ദേഹം അവിടെ തുടരുകയായിരുന്നു. “മറ്റൊരു വഴിയില്ലെന്ന് ഞങ്ങൾക്ക് മനസ്സിലായി. അദ്ദേഹം ഞങ്ങളെ റോഡുവരെ കൊണ്ടുവിട്ടു. അതായിരുന്നു അവസാനമായി കണ്ടത്,” ദാരിയ പറഞ്ഞു. റഷ്യൻ രേഖകളില്ലാതെ അധിനിവേശ മേഖലയ്ക്കു പുറത്തേക്കുള്ള ദുഷ്കരമായ യാത്ര നടത്തുന്നതിനെക്കുറിച്ച് പിതാവിന് ഭയമുണ്ടായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

ഡ്നിപ്രോ നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഒലെഷ്കിയിൽനിന്ന് വെള്ളിയാഴ്ചയാണ് സാധാരണക്കാരെ ബസുകളുടെ വാഹനവ്യൂഹങ്ങളിലായി യുദ്ധം തകർത്ത പ്രദേശത്തുനിന്ന് പുറത്തേക്ക് കൊണ്ടുപോകാൻ തുടങ്ങിയത്. രൂക്ഷമായ യുദ്ധത്തിനിടയിൽ റഷ്യയും യുക്രെയ്‌നും ചേർന്ന് നടത്തിയ അപൂർവമായ മാനുഷിക നീക്കമായാണ് ഈ വെടിനിർത്തലും ഒഴിപ്പിക്കലും വിലയിരുത്തപ്പെടുന്നത്.