പാലസ്തീൻ പ്രതിനിധികൾക്ക് യുഎസ് വിസ നിഷേധം; ഖേദം പ്രകടിപ്പിച്ച് യൂറോപ്യൻ യൂണിയൻ

പാലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനും സംഘത്തിലെ മറ്റ് അംഗങ്ങൾക്കും യുഎസ് വിസ അനുവദിക്കില്ലെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കിയിരുന്നു.
യുഎസ് വിസ നിഷേധം:പാലസ്തീൻ പ്രതിനിധികൾക്ക് യൂറോപ്യൻ യൂണിയന്റെ പ്രതിഷേധം
(Reuters: Eduardo Munoz)
Published on

ന്യൂയോർക്ക്: യുഎൻ പൊതുസഭാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്ന പാലസ്തീൻ ഉദ്യോഗസ്ഥർക്ക് വിസ നിഷേധിച്ച അമേരിക്കൻ തീരുമാനത്തിൽ ഖേദം പ്രകടിപ്പിച്ച് യൂറോപ്യൻ യൂണിയൻ. പാലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനും സംഘത്തിലെ മറ്റ് അംഗങ്ങൾക്കും യുഎസ് വിസ അനുവദിക്കില്ലെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കിയിരുന്നു. യുഎന്നിലെ അടുത്ത ആഴ്ച നടക്കുന്ന പൊതുസഭാ സമ്മേളനത്തിന് മുന്നോടിയായാണ് തീരുമാനം. യുഎൻ ആസ്ഥാനവുമായി ബന്ധപ്പെട്ട നിലവിലുള്ള കരാറുകളും ആതിഥേയരാജ്യമെന്ന നിലയിലെ ബാധ്യതകളും കണക്കിലെടുത്ത് തീരുമാനം പുനഃപരിശോധിക്കണമെന്ന് യുഎസ് സർക്കാരിനോട് ആവശ്യപ്പെട്ടതായി യൂറോപ്യൻ യൂണിയന്റെ നയതന്ത്ര വിഭാഗം വക്താവ് അനൗർ എൽ അനൂനി പറഞ്ഞു

യുഎസ് വിസ നിഷേധം:പാലസ്തീൻ പ്രതിനിധികൾക്ക് യൂറോപ്യൻ യൂണിയന്റെ പ്രതിഷേധം
Mahmoud Abbas (Reuters: Remo Casilli)

കഴിഞ്ഞ വർഷവും ട്രംപ് ഭരണകൂടം പാലസ്തീൻ പ്രതിനിധികൾക്ക് വിസ നിഷേധിച്ചിരുന്നു. ഇതോടെ യുഎൻ പൊതുസഭയിലെ സ്ഥിരം സാന്നിധ്യമായ അബ്ബാസിന് വീഡിയോ വഴി പ്രസംഗിക്കേണ്ടിവന്നു. ഈ വർഷവും അബ്ബാസിന് വെർച്വലായി പൊതുസഭയെ അഭിസംബോധന ചെയ്യാൻ അനുമതി നൽകണമെന്ന് 152 രാജ്യങ്ങൾ അനുകൂലിച്ചപ്പോൾ മൂന്ന് രാജ്യങ്ങൾ എതിർത്തു. അമേരിക്കയുടെ തീരുമാനത്തിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസും ഖേദം പ്രകടിപ്പിച്ചു. യുഎന്നിന്റെ പ്രവർത്തനങ്ങളിൽ പാലസ്തീൻ രാഷ്ട്രത്തിന് പൂർണമായി പങ്കെടുക്കാനുള്ള ശേഷിയെ തീരുമാനം ബാധിക്കുമോ എന്നതിൽ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ യുഎന്നിലെ പാലസ്തീൻ ദൗത്യത്തിലെ അംഗങ്ങൾക്ക് മാത്രമായിരിക്കും ചൊവ്വാഴ്ച ആരംഭിക്കുന്ന പൊതുസഭാ സമ്മേളനത്തിൽ നേരിട്ട് പങ്കെടുക്കാൻ കഴിയുക.

Also Read
രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ കുട്ടിക്കും മെനിംഗോകോക്കൽ രോഗം; മുന്നറിയിപ്പുമായി WA Health
യുഎസ് വിസ നിഷേധം:പാലസ്തീൻ പ്രതിനിധികൾക്ക് യൂറോപ്യൻ യൂണിയന്റെ പ്രതിഷേധം

പാലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച ഭൂരിപക്ഷം രാജ്യങ്ങളുമായി ഭിന്നതയിൽ യുഎസ്

തടവിലായതോ കൊല്ലപ്പെട്ടതോ ആയ പാലസ്തീനികളുടെ കുടുംബങ്ങൾക്ക് പാലസ്തീൻ അതോറിറ്റി (PA) നൽകിയിരുന്ന സാമ്പത്തിക സഹായ പദ്ധതിയെ അമേരിക്കയും ഇസ്രയേലും നേരത്തെ എതിർത്തിരുന്നു. രാഷ്ട്രീയ ബന്ധമോ തടവുകാരന്റെ പദവിയോ അടിസ്ഥാനമാക്കാതെ കുടുംബങ്ങളുടെ ആവശ്യകത അനുസരിച്ച് ക്ഷേമപദ്ധതികൾ നൽകുന്ന രീതിയിലേക്ക് ഈ സംവിധാനം അടുത്തിടെ പരിഷ്കരിച്ചതായി പാലസ്തീൻ അതോറിറ്റി വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര ക്രിമിനൽ കോടതി (ICC), അന്താരാഷ്ട്ര നീതിന്യായ കോടതി (ICJ) എന്നിവയിലൂടെ ഇസ്രയേൽ-പാലസ്തീൻ പ്രശ്നത്തെ അന്താരാഷ്ട്രവത്കരിക്കാനുള്ള നീക്കങ്ങളെയും അമേരിക്ക എതിർത്തു. ചർച്ചകളെ മറികടന്ന് ഏകപക്ഷീയമായി പാലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ ശ്രമിക്കുന്നുവെന്നും യുഎസ് ആരോപിച്ചു.

തീവ്രവാദികൾക്ക് സാമ്പത്തിക സഹായം നൽകുന്നതും തീവ്രവാദ പ്രവർത്തനങ്ങളെയും അതിൽ പങ്കെടുത്തവരെയും പൊതുപ്രസ്താവനകളിലും സ്കൂൾ പാഠപുസ്തകങ്ങളിലും മഹത്വവത്കരിക്കുന്നതും തുടരുകയാണെന്നും അമേരിക്ക ആരോപിച്ചു. കഴിഞ്ഞ വർഷം യുഎന്നിൽ പാലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച 142 അംഗരാജ്യങ്ങളുമായി ഈ വിഷയത്തിൽ അമേരിക്കയുടെ നിലപാട് ഭിന്നമാണ്. അതേസമയം, വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ കുടിയേറ്റക്കാർ പാലസ്തീനികൾക്കെതിരെ നടത്തുന്ന അക്രമങ്ങൾ സമീപ മാസങ്ങളിൽ വർധിച്ച സാഹചര്യത്തിലാണ് അബ്ബാസിന് യുഎസ് പ്രവേശന വിസ നിഷേധിച്ചിരിക്കുന്നത്.

Metro Australia
maustralia.com.au