വ്യാജൻമാരെയും അപകടകരമായ ഉൽപ്പന്നങ്ങളെയും തടഞ്ഞില്ല; അലിഎക്‌സ്‌പ്രസിന് 895 മില്യൺ ഡോളർ പിഴ

വൻതുകയുടെ പിഴ നടപടി അന്യായമാണെന്ന് അലിഎക്‌സ്‌പ്രസ് പ്രതികരിച്ചെങ്കിലും, ഒക്ടോബർ 20-നകം കൃത്യമായ പരിഹാര പദ്ധതിയോടെ റിപ്പോർട്ട് സമർപ്പിക്കാനാണ് യൂറോപ്യൻ യൂണിയൻ നിർദ്ദേശിച്ചിരിക്കുന്നത്.
വ്യാജൻമാരെയും അപകടകരമായ ഉൽപ്പന്നങ്ങളെയും തടഞ്ഞില്ല; അലിഎക്‌സ്‌പ്രസിന് 895 മില്യൺ ഡോളർ പിഴ
Photo Illustration by Thiago Prudencio/SOPA Images/LightRocket via Getty Images)
Published on

ബ്രസ്സൽസ്: വ്യാജവും സുരക്ഷിതമല്ലാത്തതുമായ ഉൽപ്പന്നങ്ങളുടെ വിൽപ്പന ഫലപ്രദമായി തടയുന്നതിൽ പരാജയപ്പെട്ട ചൈനീസ് ഇ-കൊമേഴ്‌സ് ഭീമനായ അലിഎക്‌സ്‌പ്രസിന് 550 മില്യൺ യൂറോ (ഏകദേശം 895 മില്യൺ ഓസ്‌ട്രേലിയൻ ഡോളർ) അടിയന്തര പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ (EU). നിയമവിരുദ്ധമായ നിരോധിത കളിപ്പാട്ടങ്ങൾ, അപകടകരമായ സൗന്ദര്യവർദ്ധക വസ്തുക്കൾ, വ്യാജ ബ്രാൻഡ് ഉൽപ്പന്നങ്ങൾ എന്നിവ തടയുന്നതിൽ പ്ലാറ്റ്‌ഫോം പരാജയപ്പെട്ടുവെന്ന് കാട്ടിയാണ് നടപടി. യൂറോപ്യൻ യൂണിയന്റെ ശക്തമായ 'ഡിജിറ്റൽ സർവീസസ് ആക്ട്' (DSA) പ്രകാരം ഒരു ടെക് പ്ലാറ്റ്‌ഫോമിന് മേൽ ചുമത്തുന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന പിഴത്തുകയാണിത്.

2024 മാർച്ച് മുതൽ അലിഎക്‌സ്‌പ്രസിന്റെ പ്രവർത്തനങ്ങളിൽ അന്വേഷണം നടത്തിവരികയായിരുന്നു യൂറോപ്യൻ യൂണിയൻ. പിൻവലിച്ച വ്യാജ ഉൽപ്പന്നങ്ങൾ വീണ്ടും പ്ലാറ്റ്‌ഫോമിൽ പ്രത്യക്ഷപ്പെടുകയും, ഉപഭോക്താക്കൾക്ക് ഇവ ശുപാർശ ചെയ്യപ്പെടുകയും ചെയ്തതായി പരിശോധനയിൽ കണ്ടെത്തി. അലിഎക്‌സ്‌പ്രസിന്റെ മാതൃ കമ്പനിയായ അലിബാബയുടെ ആഗോള വരുമാനത്തിന്റെ ആറ് ശതമാനം വരെ പിഴയായി ചുമത്താൻ വ്യവസ്ഥയുണ്ടെങ്കിലും ലംഘനങ്ങളുടെ സ്വഭാവം കണക്കിലെടുത്താണ് നിലവിലെ തുക നിശ്ചയിച്ചത്. വൻതുകയുടെ പിഴ നടപടി അന്യായമാണെന്ന് അലിഎക്‌സ്‌പ്രസ് പ്രതികരിച്ചെങ്കിലും, ഒക്ടോബർ 20-നകം കൃത്യമായ പരിഹാര പദ്ധതിയോടെ റിപ്പോർട്ട് സമർപ്പിക്കാനാണ് യൂറോപ്യൻ യൂണിയൻ നിർദ്ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ ഇലോൺ മസ്കിന്റെ 'എക്സി'നും മേയ് മാസത്തിൽ 'ടെമു'വിനും എതിരെ യൂറോപ്യൻ യൂണിയൻ ഇതേ നിയമപ്രകാരം വൻതുക പിഴ ചുമത്തിയിരുന്നു.

Metro Australia
maustralia.com.au