

വാഷിങ്ടൺ: സൗദി അറേബ്യയുമായുള്ള സിവിലിയൻ ആണവോർജ്ജ കരാറിന് (Civil Nuclear Deal) അംഗീകാരം നൽകണമെങ്കിൽ രാജ്യം ഔദ്യോഗികമായി ഇസ്രായേലിനെ അംഗീകരിക്കുകയും 'അബ്രഹാം ഉടമ്പടിയിൽ' (Abraham Accords) ഒപ്പുവെക്കുകയും വേണമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ കടുത്ത നിലപാട് പരസ്യമാക്കിയത്. ആണവകരാറിന്റെ ഭാഗമായി സൗദി അറേബ്യയിൽ യുറേനിയം സമ്പുഷ്ടീകരണം അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.
മിഡിൽ ഈസ്റ്റിൽ നയതന്ത്ര മുന്നേറ്റം ലക്ഷ്യമിടുന്ന യു.എസ്. ഭരണകൂടം സൗദി-ഇസ്രായേൽ ബന്ധം സാധാരണ നിലയിലാക്കാൻ നിരന്തരം സമ്മർദ്ദം ചെലുത്തുന്നുണ്ട്. എന്നാൽ സ്വതന്ത്ര ഫലസ്തീൻ രാജ്യം യാഥാർത്ഥ്യമാകാതെ ഇസ്രായേലിനെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് സൗദിയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും. വാഷിംഗ്ടണും റിയാദും തമ്മിലുള്ള ആണവ സഹകരണ കരാർ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ പുതിയ നിബന്ധന പുറത്തുവന്നത്. ആണവ കരാർ സൗദിയെ പരോക്ഷമായി ആയുധ നിർമ്മാണത്തിലേക്ക് നയിക്കുമെന്ന് ആരോപിച്ച് ഇസ്രായേൽ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. എന്നാൽ ട്രംപിന്റെ പുതിയ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ്, സൗദി അബ്രഹാം ഉടമ്പടിയുടെ ഭാഗമാകുന്നത് മേഖലയിലെ സമാധാനത്തിന് വലിയ വഴിത്തിരിവാകുമെന്ന് പ്രതികരിച്ചു.