

വാഷിംഗ്ടൺ: യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് (Midterms) ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മുൻ പ്രസിഡന്റ് ബരാക് ഒബാമയ്‌ക്കെതിരെ രൂക്ഷമായ വ്യക്തിഹത്യയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒഹായോയിലും മിഷിഗണിലും നടന്ന ഡെമോക്രാറ്റിക് പാർട്ടി റാലികളിൽ ഒബാമ നടത്തിയ കടന്നാക്രമണങ്ങൾക്ക് മറുപടിയായാണ് ട്രംപ് രംഗത്തെത്തിയത്. ഒബാമ തികച്ചും അപ്രാപ്തനായ ഒരു പ്രസിഡന്റായിരുന്നുവെന്നും ഇറാനിലേക്ക് കോടിക്കണക്കിന് ഡോളർ ഒഴുക്കി അവർക്ക് ആണവായുധത്തിലേക്ക് വഴിയൊരുക്കിയത് അദ്ദേഹമാണെന്നും ട്രംപ് സോഷ്യൽ മീഡിയയിലൂടെ തുറന്നടിച്ചു.
മിഷിഗണിൽ ഡെമോക്രാറ്റിക് സെനറ്റ് സ്ഥാനാർത്ഥി അബ്ദുൽ എൽ-സെയ്ദിനൊപ്പം ഒബാമ വേദി പങ്കിട്ടതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം. എൽ-സെയ്ദിനെ 'വ്യാജ ഡോക്ടർ' എന്നും 'ജിഹാദി' എന്നും ട്രംപ് ആക്ഷേപിച്ചു. അതിർത്തികൾ തുറന്നിടാൻ ആഗ്രഹിക്കുന്ന ഇത്തരം അഹങ്കാരികളെ മിഷിഗണിലെ ജനങ്ങൾക്ക് ആവശ്യമില്ലെന്നും ട്രംപ് ആരോപിച്ചു.
നവംബർ 3-ന് നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ റാലികളിൽ ട്രംപ് ഭരണകൂടത്തിന്റെ സാമ്പത്തിക നയങ്ങളെയും ഇറാന് എതിരായ യുദ്ധത്തെയും ഒബാമ നിശിതമായി പരിഹസിച്ചിരുന്നു. ട്രംപ് വൈറ്റ് ഹൗസിൽ നടത്തിയ സ്വർണ്ണാഭരണ അലങ്കാരങ്ങളെ "സദ്ദാം ഹുസൈൻ ഒരു ചീസ്കേക്ക് ഫാക്ടറി തുറന്നതുപോലെ" എന്നാണ് ഒബാമ വിശേഷിപ്പിച്ചത്. അനാവശ്യമായ യുദ്ധങ്ങൾ വഴി ഇന്ധനവില കുതിച്ചുയരാൻ കാരണമായെന്നും രണ്ട് വർഷത്തെ അഴിമതിക്കും അരാജകത്വത്തിനും ഈ തിരഞ്ഞെടുപ്പിലൂടെ ജനങ്ങൾ അന്ത്യം കുറിക്കണമെന്നും ഒബാമ വോട്ടർമാരോട് ആഹ്വാനം ചെയ്തു.