

വാഷിംഗ്ടൺ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇറാനിയൻ കപ്പലുകളുടെ സഞ്ചാരത്തിന് പൂർണ്ണ ഉപരോധം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിയൻ തുറമുഖങ്ങളിലേക്കോ അവിടെനിന്നോ ഉള്ള കപ്പലുകൾക്കും ഇറാനിയൻ ചരക്കുകൾ വഹിക്കുന്ന കപ്പലുകൾക്കും ഈ വിലക്ക് പൂർണ്ണമായും ബാധകമായിരിക്കും. അതേസമയം മറ്റ് അന്താരാഷ്ട്ര രാജ്യങ്ങളുടെ കപ്പൽ ഗതാഗതത്തിനായി ഹോർമുസ് പാത തുറന്നുനൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനൊപ്പം ഈ ജലപാതയിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകളിൽ നിന്ന് ഈടാക്കാൻ നിശ്ചയിച്ചിരുന്ന 20 ശതമാനം ടോൾ (Reimbursement Fee) അമേരിക്ക പിൻവലിച്ചതായും ട്രംപ് പ്രഖ്യാപിച്ചു.
സുരക്ഷാ ഫീസ് പിൻവലിക്കുന്നതിന് പകരമായി ഗൾഫ് രാജ്യങ്ങൾ അമേരിക്കയുമായി വമ്പിച്ച വ്യാപാര-നിക്ഷേപ കരാറുകളിൽ ഏർപ്പെടുമെന്നും മിഡിൽ ഈസ്റ്റ് നേതാക്കളുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനമെന്നും ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് അറിയിച്ചു. ഇറാന്റെ ക്രൂരവും അക്രമാസക്തവുമായ ഭരണകൂടം രാജ്യത്തെ നാശത്തിലേക്കാണ് നയിക്കുന്നതെന്നും ഇറാൻ ഇനി ഒരിക്കലും ആണവായുധം കൈവശം വെക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു. മുൻപ് ഇറാനിൽ നടന്ന പ്രതിഷേധങ്ങളിൽ 52,000 പേർ കൊല്ലപ്പെട്ടതായും ട്രംപ് അവകാശപ്പെട്ടു. ആഗോള എണ്ണ-വാതക വ്യാപാരത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസിലെ നിലവിലെ സംഘർഷവും എണ്ണവില വർദ്ധനവും ആഗോള ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഹോർമുസിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടതിൽ ഇന്ത്യ നേരത്തെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.