ജാപ്പനീസ് യെൻ കൂപ്പുകുത്തി; ഓസ്ട്രേലിയക്കാരുടെ ജപ്പാൻ യാത്രയ്ക്ക് ചെലവ് കുറയും

അമേരിക്കൻ ഡോളറിനെതിരെ യെൻ ഏകദേശം 40 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. നിലവിൽ 1 യുഎസ് ഡോളറിന് 162 യെൻ എന്ന നിലയിലാണ് വിനിമയ നിരക്ക്.
ജാപ്പനീസ് യെൻ കൂപ്പുകുത്തി; ജപ്പാൻ യാത്രയ്ക്ക് ചെലവ് കുറയും
1 ഓസ്ട്രേലിയൻ ഡോളറിന് ഏകദേശം 111 യെൻ ലഭിക്കുന്നുണ്ട്. (AP Photo/Hiro Komae)
Published on

ജാപ്പനീസ് കറൻസി യെൻ മൂല്യം കുത്തനെ ഇടിഞ്ഞതോടെ, ജപ്പാനിലേക്ക് യാത്ര ചെയ്യുന്ന ഓസ്ട്രേലിയക്കാർക്ക് കൂടുതൽ കുറഞ്ഞ ചെലവിൽ അവധി ആഘോഷിക്കാനുള്ള അവസരം ഒരുങ്ങി. അമേരിക്കൻ ഡോളറിനെതിരെ യെൻ ഏകദേശം 40 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. നിലവിൽ 1 യുഎസ് ഡോളറിന് 162 യെൻ എന്ന നിലയിലാണ് വിനിമയ നിരക്ക്. അതേസമയം, 1 ഓസ്ട്രേലിയൻ ഡോളറിന് ഏകദേശം 111 യെൻ ലഭിക്കുന്നുണ്ട്.

ജപ്പാനിലെ ചരിത്രപരമായി കുറഞ്ഞ പലിശനിരക്കുകളും യെൻ കറൻസിയുടെ തുടർച്ചയായ ദുർബലതയുമാണ് ഈ ഇടിവിന് പ്രധാന കാരണം. ഇതിനൊപ്പം, ജപ്പാന്റെ ഉയർന്ന പൊതുകടം കുറച്ച് സാമ്പത്തിക വളർച്ച വേഗത്തിലാക്കാനുള്ള ദീർഘകാല പദ്ധതി പ്രധാനമന്ത്രി സനാഏ ടകൈച്ചി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇറാൻ-അമേരിക്ക സംഘർഷം മൂലം ആഗോള ഇന്ധനവിതരണത്തിൽ ഉണ്ടായ അനിശ്ചിതത്വവും ജപ്പാന്റെ സമ്പദ്‌വ്യവസ്ഥയിലുള്ള വിശ്വാസത്തെ ബാധിച്ചു. അതേസമയം യെൻ മൂല്യം പിടിച്ചുനിർത്താൻ ജപ്പാൻ സർക്കാർ ഉടൻ ഇടപെടേണ്ടിവരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

എന്നാൽ ഓസ്ട്രേലിയൻ ഡോളർ കഴിഞ്ഞ രണ്ട് വർഷമായി യെനെതിരെ ശക്തമായ നിലയിൽ തുടരുകയാണ്. ഇതിന്റെ ഫലമായി ജപ്പാൻ ഓസ്ട്രേലിയൻ വിനോദസഞ്ചാരികൾക്ക് കൂടുതൽ ആകർഷകമായ ലക്ഷ്യസ്ഥാനമായി മാറി. 2025-ൽ 10.6 ലക്ഷം ഓസ്ട്രേലിയക്കാർ ജപ്പാൻ സന്ദർശിച്ചതായി ജപ്പാൻ നാഷണൽ ടൂറിസം ഓർഗനൈസേഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം, അമേരിക്കൻ ഡോളറിനെതിരെ ഓസ്ട്രേലിയൻ ഡോളർ ഇപ്പോഴും ദുർബലമാണ്. നിലവിൽ 1 ഓസ്ട്രേലിയൻ ഡോളറിന് ഏകദേശം 69 യുഎസ് സെന്റ് മാത്രമാണ് ലഭിക്കുന്നത്. അമേരിക്കൻ പലിശനിരക്ക് വർധിപ്പിക്കാനുള്ള സാധ്യത, ഓസ്ട്രേലിയൻ റിസർവ് ബാങ്കിന്റെ പലിശനയത്തെക്കുറിച്ചുള്ള അനിശ്ചിതത്വം, മിഡിൽ ഈസ്റ്റിലെ പുതിയ സംഘർഷങ്ങൾ എന്നിവയാണ് ഓസ്ട്രേലിയൻ ഡോളറിനെ സമ്മർദത്തിലാക്കുന്ന പ്രധാന ഘടകങ്ങൾ. കൂടാതെ, ആഗോള ചരക്ക് വിപണിയിലെ വിലയിടിവും ഓസ്ട്രേലിയൻ ഡോളറിനെയും ന്യൂസിലൻഡ്, കാനഡ തുടങ്ങിയ ചരക്ക് കയറ്റുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങളുടെ കറൻസികളെയും ബാധിക്കുന്നതായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Metro Australia
maustralia.com.au