
ലണ്ടന്‍: ഗാസയില്‍ ഇസ്രയേല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടത്തുന്ന ആക്രമണത്തെ ന്യായീകരിക്കുന്ന റോയിട്ടേഴ്‌സുള്‍പ്പെടെയുളള പാശ്ചാത്യ മാധ്യമങ്ങളെ വിമര്‍ശിച്ച് റോയിട്ടേഴ്‌സിലെ ഫോട്ടോ ജേർണലിസ്റ്റായിരുന്ന വലേരി സിങ്ക്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വലേരിയുടെ വിമർശനം. ഗാസയിലെ മാധ്യമപ്രവര്‍ത്തകരുടെ കൊലപാതകത്തെ ന്യായീകരിക്കുന്ന റോയിട്ടേഴ്‌സിനൊപ്പം ഇനി തുടരാനാവില്ലെന്നും പലസ്തീനില്‍ തുടരുന്ന തന്റെ സഹപ്രവര്‍ത്തകര്‍ക്കുവേണ്ടി ഇതെങ്കിലും ചെയ്യണമെന്നും അവര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. പാശ്ചാത്യ മാധ്യമങ്ങള്‍ സ്വന്തം ജീവനക്കാരുടെ ജീവനുപോലും വില നല്‍കുന്നില്ലെന്നും അവരെ യുദ്ധമുഖത്ത് ഉപേക്ഷിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. ഓഗസ്റ്റ് 10-ന് ഇസ്രയേല്‍ ഗാസ സിറ്റിയില്‍ വെച്ച് അനസ് അല്‍ ഷെരീഫിനെയും മുഴുവന്‍ അല്‍ ജസീറ സംഘത്തെയും കൊലപ്പെടുത്തിയപ്പോള്‍ അല്‍ ഷെരീഫ് ഒരു ഹമാസ് പ്രവര്‍ത്തകനാണെന്ന ഇസ്രയേലിന്റെ അടിസ്ഥാനരഹിതമായ അവകാശവാദം പ്രസിദ്ധീകരിക്കാന്‍ റോയിറ്റേഴ്‌സ് തീരുമാനിച്ചതിനെയും വലേരി സിങ്ക് വിമർശിക്കുന്നുണ്ട്.
വലരി സിങ്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
"കഴിഞ്ഞ എട്ട് വര്‍ഷമായി ഞാന്‍ റോയിട്ടേഴ്‌സില്‍ സ്ട്രിംഗറായി ജോലി ചെയ്യുന്നു. ഞാനെടുത്ത ഫോട്ടോകള്‍ ന്യൂയോര്‍ക്ക് ടൈംസിലും അല്‍ ജസീറയിലും നോര്‍ത്ത് അമേരിക്കയിലെയും ഏഷ്യയിലെയും യൂറോപ്പിലെയുമെല്ലാം നിരവധി മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗാസയിലെ 245 മാധ്യമപ്രവര്‍ത്തകരുടെ കൊലപാതകത്തെ ന്യായീകരിക്കുന്ന റോയിട്ടേഴ്‌സിനൊപ്പം ഇനി തുടരാനാവില്ല. പലസ്തീനിലെ എന്റെ സഹപ്രവര്‍ത്തകര്‍ക്കുവേണ്ടി ഇത്രയെങ്കിലും എനിക്ക് ചെയ്‌തേ മതിയാവൂ. ഓഗസ്റ്റ് 10-ന് ഇസ്രയേല്‍ ഗാസ സിറ്റിയില്‍ വെച്ച് അനസ് അല്‍ ഷെരീഫിനെയും മുഴുവന്‍ അല്‍ ജസീറ സംഘത്തെയും കൊലപ്പെടുത്തിയപ്പോള്‍ അല്‍ ഷെരീഫ് ഒരു ഹമാസ് പ്രവര്‍ത്തകനാണെന്ന ഇസ്രയേലിന്റെ അടിസ്ഥാനരഹിതമായ അവകാശവാദം പ്രസിദ്ധീകരിക്കാന്‍ റോയിട്ടേഴ്‌സ് തീരുമാനിച്ചു. റോയിറ്റേഴ്‌സിനെപ്പോലുളള മാധ്യമങ്ങള്‍ നിരന്തരം പ്രചരിപ്പിച്ച കളളമാണത്. ഇസ്രയേല്‍ സ്വന്തം റിപ്പോര്‍ട്ടര്‍മാരെ ഇല്ലാതാക്കിയപ്പോള്‍പ്പോലും അവരത് തുടര്‍ന്നു. നാസര്‍ ആശുപത്രിയ്ക്ക് സമീപം ഉണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ ഇന്ന് രാവിലെ കൊല്ലപ്പെട്ട 20 പേരില്‍ അഞ്ചുപേര്‍ മാധ്യമപ്രവര്‍ത്തകരാണ്. അവരില്‍ ഒരാള്‍ റോയിട്ടേഴ്‌സിന്റെ ക്യാമറാമാന്‍ ഹൊസാം അല്‍ മിസ്രിയാണ്. 'ടബിള്‍ ടാപ്പ് സ്‌ട്രൈക്ക്' എന്നറിയപ്പെടുന്ന ആക്രമണമാണ് ഇസ്രയേല്‍ നടത്തിയത്. സ്‌കൂളോ ആശുപത്രിയോ പോലുളള സ്ഥലങ്ങള്‍ തെരഞ്ഞെടുത്ത് ആക്രമണം നടത്തുകയും തുടര്‍ന്ന് ഡോക്ടര്‍മാരും മാധ്യമപ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തകരും എത്തുന്നതുവരെ കാത്തിരുന്ന് വീണ്ടും ആക്രമണം നടത്തുകയും ചെയ്യുന്നതാണ് ഈ രീതി. ഇത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പാശ്ചാത്യ മാധ്യമങ്ങള്‍ നേരിട്ട് കുറ്റക്കാരാണ്.
ഡ്രോപ്പ് സൈറ്റ് ന്യൂസിലെ ജെറമി സ്‌കാഹില്‍ പറഞ്ഞതുപോലെ ന്യൂയോര്‍ക്ക് ടൈംസ് മുതല്‍ വാഷിംഗ്ടണ്‍ പോസ്റ്റ് വരെ, അസോസിയേറ്റഡ് പ്രസ് മുതല്‍ റോയിട്ടേഴ്സ് വരെ എല്ലാ മാധ്യമങ്ങളും ഇസ്രയേലിനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ ഇസ്രയേലിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ചും യുദ്ധക്കുറ്റങ്ങളെ നിസാരവത്കരിച്ചും ഇരകളോട് അന്യായമായി പെരുമാറിയും സ്വന്തം സഹപ്രവര്‍ത്തകരെയും അവര്‍ തന്നെ അവകാശപ്പെടുന്ന സത്യസന്ധവും ധാര്‍മികവുമായ റിപ്പോര്‍ട്ടിംഗിനെയും യുദ്ധമുഖത്ത് ഉപേക്ഷിച്ചു.
അനസ് അല്‍ ഷെരീഫിന്റെ കൃതിക്ക് പുലിറ്റ്‌സര്‍ സമ്മാനം ലഭിച്ചിരുന്നു. എന്നിട്ടും ഹമാസുമായും ഇസ്ലാമിക് ജിഹാദുമായും ബന്ധമുണ്ടെന്ന് ആരോപിച്ച് ഇസ്രയേല്‍ സൈന്യം അദ്ദേഹത്തെ ഹിറ്റ്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ അവര്‍ അദ്ദേഹത്തെ പ്രതിരോധിച്ചില്ല. ഗാസയിലെ പട്ടണിയെക്കുറിച്ചും ക്ഷാമത്തെക്കുറിച്ചും റിപ്പോര്‍ട്ട് ചെയ്തതിനുപിന്നാലെ അദ്ദേഹത്തെ വധിക്കുമെന്ന് വ്യക്തമാക്കി ഒരു ഇസ്രയേല്‍ സൈനിക വക്താവ് വീഡിയോ പങ്കുവെച്ചിരുന്നു. തനിക്ക് സംരക്ഷണം വേണമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളോട് ആവശ്യപ്പെട്ടെങ്കിലും ആരും മുന്നോട്ടുവന്നില്ല. ഒടുവില്‍ ആഴ്ച്ചകള്‍ക്കു ശേഷം അദ്ദേഹം കൊല്ലപ്പെട്ടപ്പോള്‍ ആ മരണത്തെക്കുറിച്ച് സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്യാന്‍ പോലും ആരും തയ്യാറായില്ല. കഴിഞ്ഞ എട്ടുവര്‍ഷം ഞാന്‍ റോയിട്ടേഴ്‌സിന് നല്‍കിയ സേവനത്തെ ഞാന്‍ വിലമതിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ഈ പ്രസ് പാസ് ധരിക്കുന്നത് അഗാധമായ ദുഖത്തോടെയും നാണക്കേടോടെയുമാണ്. അതെനിക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാകില്ല. ഗാസയിലെ ധീരരായ മാധ്യമപ്രവര്‍ത്തകര്‍ക്കുവേണ്ടി, അവരുടെ ധൈര്യത്തെയും ത്യാഗത്തെയും എങ്ങനെ ആദരിക്കണമെന്ന് എനിക്കറിയില്ല. എന്നാല്‍ ഇനിമുതല്‍ എന്റെ പ്രവര്‍ത്തനങ്ങള്‍ അവരെയോര്‍ത്തുളളതായിരിക്കും."