

ബീജിംഗ്: വിദേശ വിപണികളിൽ അമിതമായി വിലകുറച്ച് വിൽക്കുന്നതിനും ഗുണനിലവാരം കുറഞ്ഞ വാഹനങ്ങൾ കയറ്റുമതി ചെയ്യുന്നതിനുമെതിരെ സ്വന്തം കാർ നിർമ്മാണ കമ്പനികൾക്ക് കർശന മുന്നറിയിപ്പുമായി ചൈനീസ് സർക്കാർ. ചൈനീസ് വാഹന വ്യവസായത്തിന്റെ ആഗോള പ്രതിച്ഛായ കാത്തുസൂക്ഷിക്കുന്നതിനാണ് വാണിജ്യ മന്ത്രാലയവും വ്യവസായ മന്ത്രാലയവും സംയുക്തമായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്. അന്താരാഷ്ട്ര വിപണിയിലെ ആവശ്യകതയും ഉത്പാദനച്ചെലവും അടിസ്ഥാനമാക്കി മാത്രമേ വാഹനങ്ങൾക്ക് വില നിശ്ചയിക്കാവൂ എന്നും അനാരോഗ്യകരമായ വിപണി മത്സരങ്ങളിൽ നിന്ന് പിന്തിരിയണമെന്നും സർക്കുലറിൽ നിർദ്ദേശിക്കുന്നു.
ലക്ഷ്യമിടുന്ന രാജ്യങ്ങളിലെ റോഡ്-കാലാവസ്ഥാ സാഹചര്യങ്ങൾക്ക് അനുയോജ്യമല്ലാത്ത വാഹനങ്ങൾ വെറുതെ കയറ്റി അയക്കരുതെന്നും ചൈന നിർമ്മാതാക്കൾക്ക് മുന്നറിയിപ്പ് നൽകി. ചൈനീസ് കാറുകൾക്ക് വലിയ വിപണിയുള്ള ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഈ തീരുമാനം വലിയ മാറ്റങ്ങൾ ഉണ്ടാക്കിയേക്കും. ജാപ്പനീസ്, കൊറിയൻ ബ്രാൻഡുകളെ വെല്ലുവിളിച്ച് കുറഞ്ഞ വിലയിൽ ചൈനീസ് കമ്പനികൾ വിദേശത്ത് വൻതോതിൽ കാറുകൾ എത്തിച്ചിരുന്നു. ചൈനീസ് ആഭ്യന്തര വിപണിയിലെ കാർ വിൽപ്പന തുടർച്ചയായ 11 മാസങ്ങളിൽ ഇടിഞ്ഞതോടെ, അധികം വരുന്ന സ്റ്റോക്ക് വിദേശത്തേക്ക് തള്ളാനാണ് കമ്പനികൾ ശ്രമിക്കുന്നത്. ചൈന പാസഞ്ചർ കാർ അസോസിയേഷന്റെ കണക്കുകൾ പ്രകാരം ഓഗസ്റ്റിൽ ചൈനയുടെ വാഹന കയറ്റുമതി 77.5 ശതമാനം ഉയർന്നപ്പോൾ ആഭ്യന്തര വിൽപ്പനയിൽ 23.7 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.