എപ്സ്റ്റീൻ ലൈംഗിക കടത്ത് കേസ്: ഒത്തുതീർപ്പാക്കാൻ ബാങ്ക് ഓഫ് അമേരിക്ക ശ്രമിച്ചുവെന്ന രേഖകൾ പുറത്ത്

എപ്സ്റ്റീന്‍റെ ലൈംഗിക കടത്ത് ശൃംഖലയ്ക്ക് സഹായം നൽകിയെന്നാരോപിച്ച് ബാങ്ക് ഓഫ് അമേരിക്കയ്ക്കെതിരെ യുവതി നൽകിയ കേസ് 72.5 മില്യൺ ഡോളർ നൽകി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചുവെന്ന് സമ്മതിക്കുന്ന രേഖകൾ പുറത്ത്.
എപ്സ്റ്റീൻ കേസ്: ഒത്തുതീർപ്പാക്കാൻ ബാങ്ക് ശ്രമിച്ചുവെന്ന രേഖകൾ പുറത്ത്
(Image: Thomas Fuller/NurPhoto/picture alliance)
Published on

വാഷിം​ഗ്ടൺ: ജെഫ്രി എപ്സ്റ്റീന്‍റെ ലൈംഗിക കടത്ത് ശൃംഖലയ്ക്ക് സഹായം നൽകിയെന്നാരോപിച്ച് ബാങ്ക് ഓഫ് അമേരിക്കയ്ക്കെതിരെ യുവതി നൽകിയ കേസ് 72.5 മില്യൺ ഡോളർ നൽകി ഒത്തുതീർപ്പാക്കാൻ ബാങ്ക് ശ്രമിച്ചുവെന്ന് സമ്മതിക്കുന്ന കോടതി രേഖകൾ പുറത്ത്. ബാങ്ക് ഓഫ് അമേരിക്ക പണം നൽകാൻ കരാറുണ്ടാക്കിയതിന്റെ തെളിവുകൾ ചൂണ്ടിക്കാട്ടിയാണ് കോടതി ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ കുറ്റകൃത്യങ്ങൾക്ക് തങ്ങൾ സഹായം നൽകിയിട്ടില്ലെന്നാണ് ബാങ്കിന്‍റെ വാദം മറിച്ച് കേസ് കോടതിയിൽ നീണ്ടുപോകുന്നതിനും വിവാദങ്ങളും ഒഴിവാക്കുന്നതിനുമാണ് ഒത്തുതീർപ്പ് ശ്രമം എന്നും ബാങ്ക് വ്യക്തമാക്കി. ലൈം​ഗിക അതിക്രമങ്ങൾക്ക് ഇരയായ സ്ത്രീകൾക്കു വേണ്ടി യുവതി നൽകിയ പരാതിയിലാണ് ബാങ്ക് ഓഫ് അമേരിക്കയ്ക്കെതിരായ ആരോപണം. എപ്സ്റ്റിന്റെ കുറ്റകൃത്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി ബാങ്ക് സൗകര്യങ്ങൾ ഒരുക്കിയെന്നും വൻ തുക കേസ് ഒത്തുതീർപ്പാക്കാനായി നൽകിയെന്നുമാണ് അതിജീവിതർക്കായി പരാതി നൽകിയ യുവതി പറയുന്നത്. ജെഫ്രി എപ്സ്റ്റീൻ്റെ ലൈം​ഗികകാതിക്രമകേസുകൾ ഒത്തുതീർപ്പാക്കാനായി ജെ പി മോർഗന്റെ 75 മില്യൺ ഡോളറിന്റെയും ഡച്ച് ബാങ്കിന്റെ 75 മില്യൺ ഡോളറിന്റെ കരാറുകൾക്ക് ശേഷമാണ് ഇപ്പോൾ ബാങ്ക് ഓഫ് അമേരിക്കയുടെ പുതിയ ഒത്തുതീർപ്പ് കരാർ വിവാദമാകുന്നത്.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേരും എപ്സ്റ്റീൻ ഫയൽസിൽ 69 തവണ പരാമർശിച്ചിരുന്നു. ലൈംഗിക കുറ്റവാളിയെന്ന് കണ്ടെത്തിയ ലാറി നാസറിനെ അഭിസംബോധന ചെയ്ത് ജെഫ്രി എപ്സ്റ്റീൻ എഴുതിയതെന്ന പേരിൽ എപ്സ്റ്റീൻ ഫയലുകളുടെ ഭാഗമായി പുറത്തിറങ്ങിയ കത്തിലായിരുന്നു ട്രംപിനെതിരായ പരാമർശം. എന്നാൽ ഇത് വ്യാജമാണെന്ന് യുഎസ് നീതിന്യായ വകുപ്പ് വ്യക്തമാക്കിയിരുന്നു.

സെലിബ്രിറ്റികളുടെയും ഉന്നത രാഷ്ട്രീയക്കാരുടെയും ബിസിനസുകാരുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തിയെന്ന കുറ്റം ചുമത്തപ്പെട്ട കോടീശ്വരനാണ് ജെഫ്രി എപ്സ്റ്റീൻ. എന്നാൽ വിചാരണയ്ക്ക് മുമ്പ് സെല്ലിൽ എപ്സ്‌റ്റീനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് വർഷങ്ങൾക്ക് ശേഷം അമേരിക്കന്‍ നീതിന്യായ വകുപ്പ് ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകള്‍ പുറത്തുവിടുകയായിരുന്നു.

Related Stories

No stories found.
Metro Australia
maustralia.com.au