

സിഡ്‌നി: ഓസ്‌ട്രേലിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഓൺലൈൻ ട്രേഡിംഗ്-നിക്ഷേപ പ്ലാറ്റ്‌ഫോമായ സ്റ്റേക്ക് (Stake) സൈബർ ആക്രമണത്തിന് ഇരയായി. പ്ലാറ്റ്‌ഫോമിന്റെ മൂന്നാം കക്ഷി പങ്കാളിയായ ഡ്രൈവ്‌വെൽത്തിൽ (DriveWealth) ഉണ്ടായ സുരക്ഷാ വീഴ്ചയെത്തുടർന്നാണ് വിവരങ്ങൾ ചോർന്നത്. വെള്ളിയാഴ്ച ഉച്ചയോടെ ഉപയോക്താക്കൾക്ക് അയച്ച ഔദ്യോഗിക ഇമെയിലിലൂടെയാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്.
ഉപയോക്താക്കളുടെ പേര്, ഇമെയിൽ വിലാസം, ഫോൺ നമ്പർ, താമസസ്ഥല വിലാസം, നികുതി വിവരങ്ങൾ (Tax status and country) എന്നിവയാണ് ചോർന്നത്. എന്നാൽ ബാങ്ക് അക്കൗണ്ടുകൾ, ടാക്സ് ഫയൽ നമ്പറുകൾ (TFN), ട്രേഡിംഗ് പോർട്ട്ഫോളിയോകൾ എന്നിവ സുരക്ഷിതമാണെന്നും അനധികൃത ഇടപാടുകളോ ഫണ്ട് പിൻവലിക്കലുകളോ നടന്നിട്ടില്ലെന്നും കമ്പനി സ്ഥിരീകരിച്ചു. സംഭവത്തിൽ ഉപഭോക്താക്കളോട് ക്ഷമാപണം നടത്തിയ സ്റ്റേക്ക്, പാർട്ണർ കമ്പനിയായ ഡ്രൈവ്‌വെൽത്തുമായി ചേർന്ന് സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്ന് വ്യക്തമാക്കി. 2017-ൽ സിഡ്‌നിയിൽ ആരംഭിച്ച സ്റ്റേക്കിന് ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, യുകെ എന്നിവിടങ്ങളിലായി അഞ്ച് ലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട്.
Click the link below to join the ‘Metro M Australia’ WhatsApp Community.