

കാൻബറ: പസഫിക് ദ്വീപ് രാഷ്ട്രമായ സോളമൻ ഐലൻഡ്സുമായി തന്ത്രപ്രധാനമായ പുതിയ ഉഭയകക്ഷി ഉടമ്പടിയിൽ തത്വത്തിൽ ധാരണയിലെത്തി ഓസ്‌ട്രേലിയൻ ഫെഡറൽ സർക്കാർ. പസഫിക് മേഖലയിലെ സുരക്ഷാ പങ്കാളിയെന്ന പദവി ഉറപ്പിക്കുന്നതിനായി 980 ദശലക്ഷത്തിലധികം ഡോളറിന്റെ (ഏകദേശം 5,400 കോടിയിലധികം രൂപ) അധിക വികസന സഹായമാണ് ഓസ്‌ട്രേലിയ സോളമൻ ദ്വീപുകൾക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ചോർന്ന ടെക്‌സ്റ്റ് സന്ദേശങ്ങളിലൂടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ വൻ സാമ്പത്തിക ഇടപാടിന്റെ വിവരങ്ങൾ പുറത്തുവന്നത്.
വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, കൃഷി, പ്രാദേശിക വികസന ഫണ്ടുകൾ (Constituency funds) എന്നിവ ഉൾക്കൊള്ളുന്നതാണ് പുതിയ പാക്കേജ്. ചർച്ചകൾ ഏതാണ്ട് പൂർത്തിയായതായും വരും ആഴ്ചകളിൽ ഇരുരാജ്യങ്ങളുടെയും പ്രധാനമന്ത്രിമാർ ഉടമ്പടിയിൽ ഔദ്യോഗികമായി ഒപ്പുവെക്കുമെന്നുമാണ് സൂചന. എന്നാൽ, പസഫിക് രാഷ്ട്രീയത്തിന്റെ അനിശ്ചിതാവസ്ഥ നിലനിൽക്കെ നിലവിലെ ഭരണനേതൃത്വത്തെ പിന്തുണയ്ക്കാൻ വൻതോതിൽ പണമൊഴുക്കുന്നത് സോളമൻ ദ്വീപുകളിലെ തെരഞ്ഞെടുപ്പിൽ ഓസ്‌ട്രേലിയക്ക് രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കുമോ എന്ന ആശങ്ക അന്താരാഷ്ട്ര നയതന്ത്ര വിദഗ്ദ്ധർ പ്രകടിപ്പിക്കുന്നുണ്ട്. അതേസമയം, വികസന സഹായങ്ങൾ സുതാര്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് നൽകുന്നതെന്ന് പസഫിക് കാര്യ മന്ത്രി പാറ്റ് കോൺറോയ് വ്യക്തമാക്കി.