

ഫ്രാൻസിലും സ്പെയിനിലും കാട്ടുതീ രൂക്ഷമായതോടെ യൂറോപ്പിലെത്തിയ ഓസ്ട്രേലിയൻ യാത്രക്കാർക്ക് ജാഗ്രതാ നിർദേശം. തീപിടിത്തം വ്യാപകമായതിനെ തുടർന്ന് ഫ്രാൻസിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിൽ മാത്രം ഏകദേശം 2 ലക്ഷം പേരെ ഒഴിപ്പിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനെ തുടർന്ന് തീ അതിവേഗം പടരുകയാണെന്നും തീപിടിത്തത്തിന്റെ സാഹചര്യം അഭൂതപൂർവമായ നിലയിലാണെന്നും ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു പറഞ്ഞു. തീ സ്വയം കാറ്റ് സൃഷ്ടിക്കുകയും അതിന്റെ വ്യാപനം വേഗത്തിലാക്കുകയും പെട്ടെന്ന് ദിശമാറ്റുകയും ചെയ്യുന്ന സാഹചര്യമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ബോർഡോയ്ക്ക് സമീപപ്രദേശങ്ങളിലും തീപിടിത്തം രൂക്ഷമാണ്. നഗരത്തിന്റെ പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളിലെയും സമീപ പട്ടണങ്ങളിലെയും ഗ്രാമങ്ങളിലെയും നിരവധി ആളുകളോട് ഒഴിഞ്ഞുപോകാൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഓസ്ട്രേലിയൻ വിദേശകാര്യ-വ്യാപാര വകുപ്പ് Smart Traveller വെബ്സൈറ്റിലൂടെ ഫ്രാൻസിലേക്കുള്ള യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ വിനോദസഞ്ചാര മേഖലകളിലുൾപ്പെടെ വ്യാപകമായ ഒഴിപ്പിക്കൽ നടക്കുന്നതിനാൽ പ്രാദേശിക അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും ഏറ്റവും പുതിയ വിവരങ്ങൾ നിരീക്ഷിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
കാട്ടുതീയുടെ തീവ്രതയെ തുടർന്ന് പ്രശസ്തമായ ടൂർ ഡി ഫ്രാൻസ് സൈക്കിൾ റേസിന്റെ അവസാന ഘട്ടത്തിലും മാറ്റം വരുത്തി. പാരീസിൽ നടക്കേണ്ട അവസാന ഘട്ടത്തിന്റെ ദൂരം 133 കിലോമീറ്ററിൽ നിന്ന് 89 കിലോമീറ്ററായി ചുരുക്കി. കാട്ടുതീ ബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾക്ക് സുരക്ഷാ ഉദ്യോഗസ്ഥരിൽ ചിലരെ കൂടി നിയോഗിക്കുമെന്ന് സംഘാടകർ അറിയിച്ചു. സ്പെയിനിലും സ്ഥിതി സമാനമാണ്. കാട്ടുതീ കാരണം ഏകദേശം 88,000 പേരെ ഒഴിപ്പിക്കുകയോ വീടുകളിൽ തന്നെ കഴിയാൻ നിർദേശിക്കുകയോ ചെയ്തിട്ടുണ്ട്. വലൻസിയയ്ക്ക് സമീപം കാറിനുള്ളിൽ ഒരു വയോധികൻ മരിച്ചതായും റിപ്പോർട്ടുണ്ട്.
തലസ്ഥാനമായ മാഡ്രിഡിന് സമീപം ഉണ്ടായ മൂന്ന് വലിയ തീപിടിത്തങ്ങളിൽ രണ്ടെണ്ണം വെള്ളിയാഴ്ച ഒന്നായി മാറിയതോടെ സ്പെയിൻ കാട്ടുതീ സംബന്ധിച്ച് ആദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തീപിടിത്തത്തിൽ നിന്നുള്ള പുക കാരണം മാഡ്രിഡിൽ ആളുകൾ പുറത്തിറങ്ങുന്നതും ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും ഒഴിവാക്കണമെന്ന് സ്പാനിഷ് ആരോഗ്യമന്ത്രി മോണിക്ക ഗാർസിയ മുന്നറിയിപ്പ് നൽകി. പുകയോ ചാരമോ ഉള്ള സാഹചര്യത്തിൽ പുറത്തിറങ്ങേണ്ടിവന്നാൽ മാസ്ക് ഉപയോഗിക്കണമെന്നും അവർ നിർദേശിച്ചു.
ഫ്രാൻസിലും സ്പെയിനിലും തീ അതിവേഗം പടരുന്നതിൽ അഗ്നിരക്ഷാ പ്രവർത്തകരും ആശങ്ക പ്രകടിപ്പിച്ചു. തീയുടെ വേഗതയും തീവ്രതയും കാരണം നേരിട്ട് പ്രതിരോധിക്കാൻ പോലും കഴിയാത്ത സാഹചര്യമാണെന്ന് സ്പാനിഷ് അഗ്നിരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. മാഡ്രിഡിന് പടിഞ്ഞാറുള്ള എൽ ടിയംബ്ലോ പ്രദേശത്തെ പ്രശസ്തമായ ചെസ്റ്റ്നട്ട് മരക്കാടുകളിലേക്കും തീ പടർന്നിട്ടുണ്ട്. തീ ഗ്രാമത്തെ വളഞ്ഞപ്പോൾ രക്ഷപ്പെടാൻ പോലും വഴിയില്ലാത്ത അവസ്ഥയുണ്ടായിരുന്നുവെന്നും നാട്ടുകാർ ഒരുമിച്ച് ചേർന്ന് തീയുടെ വ്യാപനം തടയാൻ ശ്രമിച്ചെന്നും പ്രദേശവാസികൾ പറഞ്ഞു.
-Reported with Associated Press and Reuters