

ഫ്ലോറിഡ: അമേരിക്കയിലെ അതിശൈത്യത്തെ തുടർന്ന് ആർട്ടിമിസ് 2 ദൗത്യ വിക്ഷേപണം വൈകുമെന്ന് അറിയിച്ച് നാസ. ആർട്ടിമിസ് 2 വിക്ഷേപണം ഫെബ്രുവരി എട്ടാം തിയതിക്ക് മുമ്പ് നടക്കില്ലെന്നാണ് നാസയുടെ പുതിയ അറിയിപ്പ്. മുമ്പ് നിശ്‌ചയിച്ചതിനേക്കാൾ രണ്ട് ദിവസം വൈകിയാണിത്. ആർട്ടിമിസ് 2 വിക്ഷേപണ കേന്ദ്രമായ ഫ്ലോറിഡയിലുള്ള കെന്നഡി സ്പേസ് സെൻറർ പ്രദേശത്ത് അനുഭവപ്പെടുന്ന അതിശൈത്യം കാരണം ലോഞ്ച് മാറ്റിവയ്‌ക്കാൻ നാസ നിർബന്ധിതമാവുകയായിരുന്നു. 322 അടി അഥവാ 98 മീറ്റർ ഉയരമുള്ള എസ്എൽഎസ് റോക്കറ്റിൻറെ ഇന്ധന പരിശോധന ഇന്ന് നടത്താൻ നാസ നേരത്തെ പദ്ധതിയിട്ടിരുന്നെങ്കിലും പ്രതികൂലമായ കാലാവസ്ഥ കാരണം മാറ്റിവച്ചു. കാലാവസ്ഥ അനുകൂലമായാൽ, ആർട്ടിമിസ് 2 വിക്ഷേപണത്തിന് മുമ്പ് വളരെ നിർണ്ണായകമായ ഡ്രസ് റിഹേഴ്‌സൽ തിങ്കളാഴ്‌ച നടക്കും.
കനേഡിയൻ സ്പേസ് ഏജൻസിയുടെ ജെറമി ഹാൻസെൺ, നാസയുടെ ക്രിസ്റ്റീന കോച്ച്, വിക്‌ടർ ഗ്ലോവർ, റീഡ് വൈസ്‌മാൻ എന്നിവരാണ് ആർട്ടിമിസ് 2 ദൗത്യത്തിൽ ചന്ദ്രനിലേക്ക് പറക്കാനൊരുങ്ങുന്നത്. വൈസ്‌മാനാണ് ദൗത്യ കമാൻഡർ. ഹൂസ്റ്റണിൽ ക്വാറണ്ടൈനിൽ കഴിയുന്ന നാൽവർ സംഘം എപ്പോൾ ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെൻററിൽ എത്തിച്ചേരുമെന്ന് വ്യക്തമല്ല. ഭൂമിയിൽ നിന്ന് യാത്രതിരിച്ച് പത്ത് ദിവസം കൊണ്ട് ചന്ദ്രനെ ചുറ്റി മടങ്ങി വരാനാണ് ആർട്ടിമിസ് 2 ദൗത്യ സംഘം പദ്ധതിയിടുന്നത്. 1972-ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ആദ്യ ചാന്ദ്ര യാത്രയാണ് ആർട്ടിമിസ് 2. എന്നാൽ അപ്പോളോ 17 സംഘം ചന്ദ്രോപരിതലത്തിൽ കാൽ കുത്തിയെങ്കിൽ ആർട്ടിമിസ് 2 അംഗങ്ങളെ വഹിക്കുന്ന ഒറൈയോൺ പേടകം ചന്ദ്രനെ വലംവച്ച് ഭൂമിയിലേക്ക് തിരിച്ചുവരിക മാത്രമേ ചെയ്യുന്നുള്ളൂ.