ചരിത്രനേട്ടവുമായി ഷാനിമോൾ ഉസ്മാൻ; 35 വർഷത്തിന് ശേഷം കേരള നിയമസഭയ്ക്ക് വനിതാ ഡപ്യൂട്ടി സ്പീക്കർ

ശക്തമായ മത്സരത്തിനൊടുവിൽ ഷാനിമോൾ ഉസ്മാൻ 99 വോട്ടുകൾ നേടിയപ്പോൾ, എതിർ സ്ഥാനാർത്ഥിയായ എൽഡിഎഫിലെ സി.പി.ഐ അംഗം മുഹമ്മദ് മൊഹ്സിന് 34 വോട്ടുകളാണ് ലഭിച്ചത്.
Shanimol Osman Elected Kerala Deputy Speaker
വനിതാ ഡപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ;
Published on

തിരുവനന്തപുരം: കേരള നിയമസഭയുടെ പുതിയ ഡപ്യൂട്ടി സ്പീക്കറായി യുഡിഎഫിലെ ഷാനിമോൾ ഉസ്മാൻ തിരഞ്ഞെടുക്കപ്പെട്ടു. നിയമസഭാ ചരിത്രത്തിൽ 35 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഒരു വനിത ഈ പദവിയിലെത്തുന്നത്. ശക്തമായ മത്സരത്തിനൊടുവിൽ ഷാനിമോൾ ഉസ്മാൻ 99 വോട്ടുകൾ നേടിയപ്പോൾ, എതിർ സ്ഥാനാർത്ഥിയായ എൽഡിഎഫിലെ സി.പി.ഐ അംഗം മുഹമ്മദ് മൊഹ്സിന് 34 വോട്ടുകളാണ് ലഭിച്ചത്.

കേരള നിയമസഭയുടെ ചരിത്രത്തിലെ നാലാമത്തെ വനിതാ ഡപ്യൂട്ടി സ്പീക്കറാണ് ഷാനിമോൾ ഉസ്മാൻ. വോട്ടെടുപ്പിൽ നിന്ന് ബി.ജെ.പിയുടെ മൂന്ന് എം.എൽ.എമാരും സ്പീക്കറും വിട്ടുനിന്നു. യുഡിഎഫ് അംഗങ്ങളായ ആബിദ് ഹുസൈൻ തങ്ങൾ, സന്ദീപ് വാരിയർ, എൽഡിഎഫ് അംഗം സി.കെ. ഹരീന്ദ്രൻ എന്നിവർ വോട്ടെടുപ്പ് സമയത്ത് സഭയിൽ ഹാജരായിരുന്നില്ല.

ഡപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പിന് ശേഷം, അന്തരിച്ച മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണിക്കൃഷ്ണൻ, മുൻ എം.പി കെ.പി. ധനപാലൻ, മുൻ മന്ത്രി ടി.യു. കുരുവിള എന്നിവർക്ക് നിയമസഭ ചരമോപചാരം അർപ്പിച്ചു. പുതിയ യുഡിഎഫ് സർക്കാരിന്റെ കാലത്തെ പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തരപ്രമേയവും ഇന്ന് സഭയുടെ പരിഗണനയ്ക്ക് വരും.

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ച നാളെയും മറ്റന്നാളുമായി സഭയിൽ നടക്കും. നന്ദിപ്രമേയ ചർച്ച നടക്കുന്ന ദിവസങ്ങളിൽ ചോദ്യോത്തരവേള ഒഴിവാക്കിയിട്ടുണ്ട്. തുടർന്ന് രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ജൂൺ 19-ാം തീയതി മുഖ്യമന്ത്രി വി.ഡി. സതീശൻ പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് നിയമസഭയിൽ അവതരിപ്പിക്കും. ജൂൺ 22, 23, 24 തീയതികളിൽ ബജറ്റിന്മേലുള്ള പൊതുചർച്ച നടക്കും. പിന്നീട് ചെറിയ ഇടവേളയ്ക്ക് ശേഷം ജൂൺ 29, 30 തീയതികളിൽ ധനാഭ്യർഥനകളിന്മേലുള്ള ചർച്ചയും, ജൂലൈ ഒന്നിന് ധനവിനിയോഗ ബില്ലിന്മേലുള്ള ചർച്ചകളും പൂർത്തിയാക്കി സഭ പിരിയുമെന്നും അധികൃതർ അറിയിച്ചു.

Metro Australia
maustralia.com.au