
തിരുവനന്തപുരം: ശബരിമലയിൽ 1998ൽ വിജയ് മല്യ നൽകിയ സ്വർണ്ണത്തിൽ എത്ര ബാക്കിയുണ്ടെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ശബരിമലയിൽ നിന്ന് അറ്റകുറ്റപ്പണിക്കായി ചെന്നൈയിലെക്ക് കൊണ്ടുപോയ സ്വർണ്ണപ്പാളി നാൽപതോളം ദിവസം എടുത്താണ് അവിടെ എത്തിയതെന്നും സ്വർണം നഷ്ടപ്പെട്ടത് ഇതിനിടയിലാണോ എന്നും സംശയമുണ്ടെന്നും പകരം ചെമ്പ് പാളി ഉണ്ടാക്കിയത് ഇതിനിടയിലാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇടനിലകാരനായിട്ടാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയെ വെച്ചിരിക്കുന്നതെന്നും ദേവസ്വം മന്ത്രിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അടിയാന്തരമായി രാജിവെയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോർഡിലേയും സർക്കാരിലെയും പലരും സ്വർണ്ണത്തിന്റെ പങ്ക് പറ്റിയിട്ടുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു. ഇപ്പോഴത്തെ ദേവസ്വം ബോർഡ് മന്ത്രിക്കെതിരെയും പഴയ ദേവസ്വം മന്ത്രിക്കെതിരെയും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിബിഐ അന്വേഷണം വേണം. തട്ടിപ്പിന് രാഷ്ട്രീയ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും പുറത്ത് വന്നില്ലെങ്കിൽ ഇനിയും പലതും തട്ടിയേനെയെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഇതിനെ കുറിച്ച് മിണ്ടുന്നില്ല. ആര് തെറ്റ് ചെയ്താലും നടപടി എടുക്കണം. പുഷ്പം, നാളികേരം കരാറുകൾ സുതാര്യമല്ലെന്ന് കോടതി തന്നെ പറഞ്ഞിട്ടുണ്ട്. വിഷയം ലഘുകരിക്കാൻ വേണ്ടിയാണ് സമഗ്ര അന്വേഷണം എന്ന് പറയുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. ആവശ്യമെങ്കിൽ പ്രതിപക്ഷം കോടതിയെ സമീപിക്കും. കോടതിയുടെ നിയന്ത്രണത്തിലുള്ള അന്വേഷണം വേണം. വിഷയത്തിൽ പ്രതികരിക്കുന്നതൊക്കെ എൻഎസ്എസ് തീരുമാനിക്കേണ്ട കാര്യമാണ്. പ്രതിപക്ഷത്തിന് മിണ്ടാതിരിക്കാൻ കഴിയില്ലയെന്നും കോൺഗ്രസ് പ്രക്ഷോഭം തുടങ്ങുമെന്നും വിഡി സതീശൻ വ്യക്തമാക്കി.