മുണ്ടക്കൈ-ചൂരൽമല അതിജീവിതർക്ക് മെയ് 20-നകം വീടുകൾ കൈമാറണമെന്ന് ആവശ്യം

നിലവിൽ 40 വീടുകൾ താമസസജ്ജമായെങ്കിലും, എല്ലാ വീടുകളുടെയും നിർമ്മാണം പൂർത്തിയായ ശേഷം ഒരുമിച്ച് താമസം തുടങ്ങിയാൽ മതിയെന്നാണ് അതിജീവിതരുടെ തീരുമാനം.

Mundakkai–Chooralmala Disaster
കല്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിക്കുന്ന ടൗൺഷിപ്പിലെ വീടുകൾ PRD
Published on

കല്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കല്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിക്കുന്ന ടൗൺഷിപ്പിലെ വീടുകൾ മെയ് 20-നകം കൈമാറണമെന്ന് ആവശ്യപ്പെട്ട് അതിജീവിതർ രംഗത്ത്. ആദ്യഘട്ടത്തിൽ (ഫേസ് 1) നിർമ്മാണം പുരോഗമിക്കുന്ന 178 വീടുകൾ കാലവർഷത്തിന് മുൻപായി താമസയോഗ്യമാക്കി നൽകണമെന്ന ആവശ്യവുമായി ദുരന്തബാധിതർ ജില്ലാ ഭരണകൂടത്തെ സമീപിച്ചു.

മാർച്ച് ഒന്നിന് നടന്ന ചടങ്ങിൽ ഈ വീടുകളുടെ താക്കോൽദാനവും പട്ടയവിതരണവും ഔദ്യോഗികമായി നിർവഹിച്ചിരുന്നു. വിഷുവിന് മുൻപായി പുതിയ വീടുകളിൽ താമസം തുടങ്ങാൻ കഴിയുമെന്നായിരുന്നു അന്ന് സർക്കാരും ജില്ലാ ഭരണകൂടവും നൽകിയ വാഗ്ദാനം. നിലവിൽ 40 വീടുകൾ താമസസജ്ജമായെങ്കിലും, എല്ലാ വീടുകളുടെയും നിർമ്മാണം പൂർത്തിയായ ശേഷം ഒരുമിച്ച് താമസം തുടങ്ങിയാൽ മതിയെന്നാണ് അതിജീവിതരുടെ തീരുമാനം.

ടൗൺഷിപ്പിലെ മലിനജല സംസ്‌കരണ പ്ലാന്റുകളുടെയും (STP), കുടിവെള്ള വിതരണ ശൃംഖലയുടെയും നിർമ്മാണമാണ് നിലവിൽ പുരോഗമിക്കുന്നത്. പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികളും അന്തിമഘട്ടത്തിലാണ്. കാലവർഷം എത്തുന്നതിന് മുൻപ് സുരക്ഷിതമായ വീടുകളിലേക്ക് മാറാൻ കഴിഞ്ഞില്ലെങ്കിൽ ജീവിതം കൂടുതൽ ദുസ്സഹമാകുമെന്ന ആശങ്കയിലാണ് അതിജീവിതർ. മെയ് 20-നകം പണികൾ പൂർത്തിയാക്കി വീടുകൾ കൈമാറണമെന്ന് ഫേസ് വൺ കൂട്ടായ്മയുടെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.

Related Stories

No stories found.
Metro Australia
maustralia.com.au