ശബരിമല സ്വര്‍ണ്ണക്കൊള്ള: എ പത്മകുമാറിന് രണ്ടാം തവണയും നോട്ടീസ്

ചോദ്യം ചെയ്യലിന് അടിയന്തരമായി ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് രണ്ടാം തവണയും പത്മകുമാറിന് നോട്ടീസയക്കുന്നത്.
ശബരിമല സ്വര്‍ണ്ണക്കൊള്ള: എ പത്മകുമാറിന് രണ്ടാം തവണയും നോട്ടീസ്
Published on

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് വീണ്ടും നോട്ടീസയച്ച് പ്രത്യേക അന്വേഷണ സംഘം. ചോദ്യം ചെയ്യലിന് അടിയന്തരമായി ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് രണ്ടാം തവണയും പത്മകുമാറിന് നോട്ടീസയക്കുന്നത്. പത്മകുമാറിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്തതായി സൂചനയുണ്ട്. നേരത്തെ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പത്മകുമാര്‍ അത് ചെയ്യിരുന്നില്ല.

Also Read
അറ്റകുറ്റപ്പണികൾക്കായി മൂലമറ്റം വൈദ്യുതി നിലയം അടച്ചു, ജലവിതരണം തടസ്സപ്പെടും
ശബരിമല സ്വര്‍ണ്ണക്കൊള്ള: എ പത്മകുമാറിന് രണ്ടാം തവണയും നോട്ടീസ്

അതേസമയം ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവിനെ റിമാന്‍ഡ് ചെയ്തു. ഈ മാസം 24 വരെയാണ് റിമാന്‍ഡ് ചെയ്തത്. വാസുവിനെ പത്തനംതിട്ടയില്‍ നിന്നും കൊട്ടാരക്കര സബ് ജയിലിലേക്ക് കൊണ്ടുപോകും. കസ്റ്റഡി അപേക്ഷ പിന്നീട് സമര്‍പ്പിക്കും. വാസുവിനെതിരെ ഗുരുതര കാര്യങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചേര്‍ത്തിരിക്കുന്നത്. ചെമ്പ് പാളികള്‍ എന്ന് രേഖപ്പെടുത്തി നവീകരണത്തിന് ശുപാര്‍ശ നല്‍കിയെന്നും രേഖകളില്‍ സ്വര്‍ണ്ണം പൊതിഞ്ഞ പാളികള്‍ എന്നത് ഒഴിവാക്കിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം പാളി കൊടുത്തുവിടാന്‍ ഇടപെടല്‍ നടത്തിയെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഇതര പ്രതികളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി. ബോര്‍ഡിന് നഷ്ടമുണ്ടായെന്നും പ്രതികള്‍ക്ക് അന്യായമായി ലാഭമുണ്ടായെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്നലെ വൈകിട്ടാണ് എന്‍ വാസു അറസ്റ്റിലാകുന്നത്. തുടര്‍ച്ചയായ രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ് ചെയ്തത്. ക്രൈം ബ്രാഞ്ച് ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വര്‍ണം ചെമ്പെന്ന് രേഖപ്പെടുത്തിയത് വാസുവിന്റെ നിര്‍ദേശപ്രകാരമാണെന്ന വിവരം എസ്ഐടിക്ക് ലഭിച്ചിരുന്നു. പിന്നാലെയായിരുന്നു വാസുവിനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. ദേവസ്വം ബോര്‍ഡ് മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറും ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബുവുമാണ് വാസുവിനെതിരെ മൊഴി നല്‍കിയത്. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്‍ വാസുവിന് അറിയാമായിരുന്നു എന്നായിരുന്നു സുധീഷ് കുമാര്‍ എസ്ഐടിക്ക് നല്‍കിയ മൊഴി.

2019 നവംബര്‍ മുതല്‍ രണ്ടുവര്‍ഷമാണ് എന്‍ വാസു ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി പ്രവര്‍ത്തിച്ചത്. ഇതിന് മുമ്പ് 2018 ഫെബ്രുവരി മുതല്‍ 2019 മാര്‍ച്ച് വരെ ദേവസ്വം കമ്മീഷണറായും പ്രവര്‍ത്തിച്ചു. പി കെ ഗുരുദാസന്‍ എക്സൈസ് മന്ത്രിയായിരുന്ന സമയത്ത് വാസു പേഴ്സണല്‍ സ്റ്റാഫ് അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Related Stories

No stories found.
Metro Australia
maustralia.com.au