

അറ്റകുറ്റപ്പണികൾക്കായി മൂലമറ്റം വൈദ്യുതി നിലയം ഒരു മാസത്തേയ്ക്ക് അടച്ചു. ഇവിടുത്തെ ആറ് ജനറേറ്ററുകളുടെയും പ്രവർത്തനം ചൊവ്വാഴ്ച രാത്രിയോടെ അവസാനിപ്പിച്ചു. കുളമാവിലെ ഇൻടേക് വാൽവിന്റെ ഷട്ടർ അടച്ചു. അതോടൊപ്പം പെൻസ്റ്റോക്ക് വാല്‍വിൽ ഉണ്ടായിരുന്ന വെള്ളം ഒരു ജനറേറ്റർ മാത്രം പ്രവർത്തിപ്പിച്ച് ഇന്ന് പുലർച്ചയോടെ ഒഴുക്കിക്കളയുകയും ചെയ്തു.
ഇടുക്കി പവർഹൗസിലെ അഞ്ച്, ആറ് ജനറേറ്ററുകളിലേക്ക് വെള്ളം എത്തിക്കുന്ന മെയിൻ ഇൻലെറ്റ് വാൽവിന്റെ സീലുകൾ കാലപ്പഴക്കം കാരണം തേഞ്ഞുപോയിട്ടുണ്ട്. ഇത് മാറ്റി സ്ഥാപിക്കുന്നതിനാണ് ജനറേറ്ററുകൾ നിർത്തി അറ്റുകുറ്റപ്പണികൾ നടത്തുന്നത്.
എല്ലാ വർഷവും ജൂലൈ മുതൽ ഡിസംബർവരെ ഓരോ ജനറേറ്റർ വീതം ഓരോ മാസം അറ്റകുറ്റപ്പണി ചെയ്യുന്നതാണ് പതിവ്. സീലുകളുടെ പ്രശ്നം കണ്ടെത്തിയതിനാലാണ് ഇത്തവണ ഒരുമിച്ച് അറ്റുകുറ്റപ്പണി നടത്തുന്നത്.
മൂലമറ്റം വൈദ്യുതനിലയം അടയ്ക്കുന്നത് നാല് ജില്ലകളിലെ വൈദ്യുതി വിതരണത്തെ ബാധിക്കും. തൊടുപുഴ നഗരത്തിലും സമീപത്തെ 7 പഞ്ചായത്തുകളിലും കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിവിധ പ്രദേശങ്ങളിലും വൈദ്യുതി വിതരണത്തെ ബാധിക്കുമെന്നാണ് റിപ്പോർട്ട്.