

തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറി കേസിൽ മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് തിരിച്ചടി. ആന്റണി രാജു കുറ്റക്കാരനാണെന്ന് നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധിച്ചു. കേസിലെ ഒന്നാം പ്രതിയും കോടതി ക്ലർക്കുമായിരുന്ന ജോസും കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. ലഹരിക്കേസില്‍ പിടിയിലായ വിദേശിയെ രക്ഷിക്കാനായി തൊണ്ടിമുതലില്‍ തിരിമറി നടത്തിയെന്ന കേസില്‍ മൂന്ന് പതിറ്റാണ്ട് നീണ്ട വാദ പ്രതിവാദങ്ങള്‍ക്കൊടുവിലാണ് കോടതി വിധി പറഞ്ഞത്. ഇതോടെ ആന്റണി രാജുവിന്റെ നിയമസഭാ അംഗത്വം റദ്ദാകും.
ചുമത്തിയിട്ടുള്ള വകുപ്പുകൾ
ഐപിസി 34 - പൊതുവായ ഉദേശ്യത്തോടെയുള്ള ഒരുത്തു ചേർന്നുള്ള കുറ്റകൃത്യം
409 - സർക്കാർ ഉദ്യോഗസ്ഥൻ്റെ വിശ്വാസവഞ്ചന
(10, വർഷം മുതൽ ജീവപര്യന്തം ശിക്ഷ കിട്ടാം)
120 B - ഗുഢാലോചന
420- വഞ്ചന
201- തെളിവ് നശിപ്പിക്കൽ
193- കള്ള തെളിവുണ്ടാക്കൽ
217- പൊതുസേവകന്റെ നിയമലംഘനം
465 - വ്യാജരേഖ ചമക്കൽ
468 - വഞ്ചിക്കണമെന്ന ഉദ്ദേശ്യത്തോടെ വ്യാജരേഖ ചമക്കൽ
ഇതിൽ 420, 468, 371 വകുപ്പുകൾ നിലനിൽക്കില്ല. 120 ബി, 201, 193, 409, 34 വകുപ്പുകൾ നിലനിൽക്കും. 409 വകുപ്പ് പ്രകാരം രണ്ട് വർഷത്തിൽ കൂടുതൽ ശിക്ഷ ലഭിച്ചാൽ നിയമസഭാ അംഗത്വം റദ്ദാകും. ശിക്ഷാവിധി ഹൈക്കോടതി തടഞ്ഞില്ല എങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും ആന്റണി രാജുവിന് കഴിയില്ല.
ലഹരി മരുന്ന് കേസിൽ പിടിയിലായ ഓസ്‌ട്രേലിയൻ പൗരനെ രക്ഷപ്പെടുത്താൻ തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്നാണ് ആന്റണി രാജുവിനെതിരായ കുറ്റം. 1990ൽ തിരുവനന്തപുരം വിമാനത്താവളത്തിലാണ് വിദേശ പൗരൻ ആൻഡ്രൂ സാൽവദോർ അടിവസ്ത്രത്തിൽ ലഹരിമരുന്നുമായി പിടിയിലായത്. ഈ വ്യക്തി മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച അടിവസ്ത്രം ചെറുതാക്കി തയ്ച്ച് പ്രതിക്ക് പാകമാകാത്തവിധം ആന്റണി രാജു തിരികെയേൽപ്പിച്ചുവെന്നാണ് കേസ്.