

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ സ്‌ഫോടനമുണ്ടായ പ്രദേശത്ത് നിന്നും വീണ്ടും ശരീരഭാഗങ്ങള്‍ കണ്ടെത്തി. വെടിക്കെട്ട് നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറി രണ്ട് ശരീര ഭാഗങ്ങളാണ് ലഭിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. തെരുവുനായ ഭക്ഷിക്കാനായി കൊണ്ടുപോയ എല്ലിന്റെ ഭാഗമുള്‍പ്പെടെയാണ് ലഭിച്ചത്. മാംസത്തോടു കൂടിയ ശരീരഭാഗവും ലഭിച്ചിട്ടുണ്ട്. തെരുവുനായ എല്ലിന്റെ ഭാഗം ഭക്ഷിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നാട്ടുകാര്‍ ഈ ശരീരഭാഗങ്ങള്‍ പൊലീസിനെ ഏല്‍പ്പിച്ചു. ഇന്നലെയും നിരവധി ശരീരഭാഗങ്ങള്‍ മുണ്ടത്തിക്കോട്ടെ ദുരന്തസ്ഥലത്തുനിന്നും കണ്ടെത്തിയിരുന്നു. ഇന്നും സ്ഥലത്ത് തിരച്ചില്‍ നടത്തുന്നുണ്ട്. കഡാവര്‍ നായ്ക്കളെ ഉള്‍പ്പെടെ എത്തിച്ചാണ് തിരച്ചില്‍.
കഴിഞ്ഞ ദിവസം അപകടമുണ്ടായ സ്ഥലത്തുനിന്ന് കണ്ടെത്തിയ തല ഉള്‍പ്പെടെയുള്ള ശരീരഭാഗങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. തിരുവമ്പാടി ദേവസ്വം കമ്മിറ്റി അംഗമായ ഗിരീഷിൻ്റേതാണ് ശരീരാവശിഷ്ടങ്ങളെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. തൃശൂര്‍ കോട്ടപ്പുറം സ്വദേശിയാണ് ഗിരീഷ്. മൂന്ന് കഡാവര്‍ നായകളും എക്‌സ്‌പ്ലോസീവ് വിഭാഗത്തിന്റെ രണ്ട് നായകളും നടത്തിയ പരിശോധനയില്‍ 200 മീറ്റര്‍ അകലെ നിന്ന് ചെവി ഒഴികെയുള്ള തലയുടെ ഭാഗങ്ങളാണ് കണ്ടെത്തിയത്. 10 മൊബൈല്‍ ഫോണുകളും മേഖലയില്‍ നിന്ന് കിട്ടിയിരുന്നു.
ഏപ്രില്‍ 21ന് മൂന്നുമണിയോടെയാണ് തൃശൂര്‍ പൂരത്തിന്റെ ഭാഗമായി സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങള്‍ നടന്ന മുണ്ടത്തിക്കോട്ടെ തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയില്‍ സ്ഫോടനമുണ്ടായത്. രണ്ട് വെടിക്കെട്ടിനും വേണ്ടി കരുതിവെച്ചിരുന്ന കരിമരുന്ന് വെടിക്കെട്ട് പുരയിലുണ്ടായിരുന്നു. അപകടത്തില്‍ അന്ന് തന്നെ 13 പേര്‍ കൊല്ലപ്പെട്ടു. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന പ്രവീണ്‍ കൂടി മരിച്ചതോടെ മരണസംഖ്യ 14 ആയി ഉയര്‍ന്നു.
അപകടത്തില്‍ പരിക്കേറ്റ ലൈസന്‍സി സതീഷിന്റെ നില അതീവഗുരുതരമായി തുടരുകയാണ്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുളളത് നാലുപേരാണ്. സതീഷ്, വിഷ്ണു, ഉണ്ണികൃഷ്ണന്‍, രാകേഷ് എന്നിവരാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുളളത്. വിഷ്ണുവിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുളളതായും വിവരമുണ്ട്. ആറുപേരുടെ നില തൃപ്തികരമാണ്. ഇവരെ വാര്‍ഡുകളിലേക്ക് മാറ്റിയിട്ടുണ്ട്. നാളെയോ മറ്റന്നാളോ ഡിസ്ചാര്‍ജ് ചെയ്ത് വീടുകളിലേക്ക് അയക്കാന്‍ സാധിക്കും.