

തിരുവനന്തപുരം: കേരള നിയമസഭയുടെ പുതിയ സ്പീക്കറായി മുതിർന്ന കോൺഗ്രസ് നേതാവും കോട്ടയത്തുനിന്നുള്ള ജനപ്രതിനിധിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ മുന്നണികൾ ഒരുപോലെ സ്ഥാനാർത്ഥികളെ നിർത്തിയതിനെത്തുടർന്ന് സഭയിൽ നടന്ന രഹസ്യ വോട്ടെടുപ്പിലൂടെയാണ് പുതിയ സഭാധ്യക്ഷനെ കണ്ടെത്തിയത്. വോട്ടെടുപ്പിൽ തിരുവഞ്ചൂർ രാധാകൃഷ്ണന് 101 വോട്ടുകൾ ലഭിച്ചപ്പോൾ, എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ എ.സി. മൊയ്തീന് 35 വോട്ടുകളും എൻ.ഡി.എ സ്ഥാനാർത്ഥിയായ ചാത്തന്നൂർ എം.എൽ.എ ബി.ബി. ഗോപകുമാറിന് മൂന്ന് വോട്ടുകളും ലഭിച്ചു. താത്കാലിക സ്പീക്കറായി സഭാ നടപടികൾ നിയന്ത്രിച്ച ജി.സുധാകരൻ വോട്ടെടുപ്പിൽ പങ്കെടുത്തില്ല.
138 വർഷത്തെ സുദീർഘമായ ചരിത്രമുള്ള കേരള നിയമസഭയുടെ 25-ാമത് സ്പീക്കറായാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ചുമതലയേൽക്കുന്നത്. പാർലമെന്ററി ജനാധിപത്യ വ്യവസ്ഥിതിയിൽ ഏറ്റവും നിർണ്ണായകമായ ഒരു പദവിയിലേക്ക് തന്നെ തിരഞ്ഞെടുത്തതിൽ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. പാർട്ടി ഏൽപ്പിച്ച ഈ വലിയ ദൗത്യം നൂറു ശതമാനം കൃത്യതയോടെ നിർവ്വഹിക്കും. ജനങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഭരണ-പ്രതിപക്ഷ ഭേദമന്യേ എല്ലാ അംഗങ്ങളും നിയമസഭയെ കൃത്യമായ രീതിയിൽ വിനിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ചേർന്ന് പുതിയ സ്പീക്കറെ സ്പീക്കറുടെ ഔദ്യോഗിക കസേരയിലേക്ക് ആനയിച്ചു. അതേസമയം സഭയുടെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ജൂൺ ഒന്നിന് നടക്കുമെന്ന് അധികൃതർ അറിയിച്ചു. ഭരണപക്ഷത്തുനിന്ന് ഷാനിമോൾ ഉസ്മാനാണ് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനാർത്ഥി. എന്നാൽ എൽ.ഡി.എഫ്, ബി.ജെ.പി മുന്നണികൾ തങ്ങളുടെ സ്ഥാനാർത്ഥികളെ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.