കേരളത്തിൽ പക്ഷിപ്പനി: തമിഴ്‌നാട് അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കി
കോട്ടയം, ആലപ്പുഴ ജില്ലകളിൽ പക്ഷിപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കി വെറ്റിനറി വകുപ്പ്. കേരളത്തിലേക്ക് ഏറ്റവും കൂടുതൽ കോഴികളെത്തുന്ന തമിഴ്നാട് അതിർത്തികളിലാണ് പ്രത്യേക ചെക്പോസ്റ്റുകൾ തുറന്ന് അധികൃതർ പരിശോധനയും നിരീക്ഷണവും നടത്തുന്നത്.
അതിർത്തി പ്രദേശങ്ങളായ വാളയാർ, വേലന്താവളം, മുള്ളി, ആനക്കട്ടി എന്നിവയ്‌ക്ക് പുറമെ പൊള്ളാച്ചിയിലെ അതിർത്തി പ്രദേശങ്ങളിലും വെറ്ററിനറി വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക ചെക്‌പോസ്റ്റുകൾ തുറന്നിട്ടുണ്ട്. കൂടാതെ, കോയമ്പത്തൂർ ജില്ലയുടെ അതിർത്തി മേഖലകളിൽ വാഹന പരിശോധനയും പ്രതിരോധ നടപടികളും ഊർജിതമാക്കാൻ അധികൃതർ തീരുമാനിച്ചു.
പൊള്ളാച്ചി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നും കേരളത്തിലേക്ക് കോഴികളെ കൊണ്ടുപോകാൻ എത്തുന്ന മുഴുവൻ വാഹനങ്ങളും കൃത്യമായ അണുനശീകരണത്തിന് വിധേയമാക്കിയ ശേഷം മാത്രമാണ് അതിർത്തി കടത്തിവിടുന്നതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു.

